മഴക്കെടുതി, കോവിഡ് സാഹചര്യം : പ്രത്യേക യോഗം ചേര്‍ന്നു

post

കൊല്ലം: ജില്ലയിലെ മഴക്കെടുതി, കോവിഡ് സാഹചര്യം എന്നിവ വിലയിരുത്തുന്നതിനായി ജില്ലാ കലക്ടര്‍ അഫ്സാനാ പര്‍വീണിന്റെ അധ്യക്ഷതയില്‍ കലക്ടറുടെ ചേംബറില്‍ പ്രത്യേക യോഗം ചേര്‍ന്നു. മഴക്കെടുതികള്‍ തടയുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ യോഗം അവലോകനം ചെയ്തു. കോവിഡ് സാഹചര്യവും വലയിരുത്തി. സ്‌കൂളുകളിലെ ശുചീകരണം പി. ടി. എ കളുടെ സഹകരണത്തോടെ അതിവേഗത്തചന്റ പൂര്‍ത്തിയാക്കണമെന്ന് മേയര്‍ പ്രസന്ന ഏണസ്റ്റ് ആവശ്യപ്പെട്ടു.  

ജില്ലയിലെ കല്ലട ഡാമിന്റെ മൂന്ന് ഷട്ടറുകളും 30 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി. ആവശ്യമെങ്കില്‍ ഇത് 60 സെന്റീമീറ്ററാക്കും. എല്ലാ താലൂക്ക് തഹസില്‍ദാര്‍മാരും 24 മണിക്കൂര്‍ ഡ്യൂട്ടിയിലാണ്.

പത്തനാപുരം താലൂക്കിലെ പട്ടാഴി വടക്ക് വില്ലേജില്‍ ഒരു ദുരിതാശ്വാസ ക്യാമ്പ് തുറന്നു. മരങ്ങള്‍ വീണത് മുറിച്ചുനീക്കി ഗതാഗതം പുനസ്ഥാപിച്ചു. കോവിഡ് സ്ഥിതി വിവരവും യോഗം വിലയിരുത്തവെ ടി.പി.ആര്‍ കുറഞ്ഞുവരുന്ന പ്രവണതയാണ് നിലനില്‍ക്കുന്നത് ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ആര്‍ സന്ധ്യ അറിയിച്ചു. എല്ലാ പഞ്ചായത്തുകളിലും കോവിഡ് ജാഗ്രത വിവരങ്ങള്‍ കൃത്യമായി നല്‍കുന്നുണ്ട്. സ്‌കൂളുകളിലും കോളേജുകളിലും പ്രവര്‍ത്തിക്കുന്ന ഡി.സി.സി, സി.എഫ്.എല്‍.ടി.സികള്‍ മാറ്റുന്നത് പുരോഗമിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സുബിന്‍ പോള്‍ അറിയിച്ചു.

എല്ലാ പഞ്ചായത്ത് സെക്രട്ടറിമാരും വാര്‍ഡുതല ആര്‍.ആര്‍.ടികളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നുണ്ടെന്ന് യോഗത്തെ അറിയിച്ചു. ജില്ലയില്‍ ആദ്യ ഡോസ് വാക്സിനേഷന്‍ 92.4 ശതമാനമായി. 44 ശതമാനം പേര്‍ക്കാണ് രണ്ടാം ഡോസ് വാക്സിന്‍ നല്‍കിയത്.

ഈ ആഴ്ചയില്‍ ക്വാറന്റൈന്‍ ലംഘിച്ചതിന് 85 കേസുകള്‍ സിറ്റിപോലീസ് പരിധിയിലും 238 എണ്ണം റൂറല്‍ പൊലീസ് പരിധിയിലും രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി ജില്ലാ പോലീസ് മേധാവിയുടെ പ്രതിനിധികള്‍ അറിയിച്ചു. 47 സെക്ടര്‍ മജിസ്ട്രേറ്റുമാര്‍ നടത്തിയ പരിശോധനയില്‍ 114 കേസുകളെടുത്തു. കോവിഡ് ബാധിച്ച് മരണപ്പെടുന്നവരുടെ സര്‍ട്ടിഫിക്കറ്റ് കാലതാമസമില്ലാതെ അനന്തരാവകാശികള്‍ക്ക് അനുവദിക്കണമെന്ന് കലക്ടര്‍ നിര്‍ദ്ദേശിച്ചു.