സിവില്‍ സ്റ്റേഷന്‍ ശുചീകരണം തൂമ്പയെടുത്ത് ജില്ലാ കലക്ടറും

post

കൊല്ലം : ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍ തൂമ്പയെടുത്ത് മുന്നില്‍. കൂടെക്കൂടി അസിസ്റ്റന്റ് കലക്ടര്‍ ഡോ. അരുണ്‍ എസ്. നായരും എ. ഡി. എം. എന്‍. സാജിതാ ബീഗവും. ഉദ്യോഗസ്ഥവൃന്ദം കൂടിയായപ്പോള്‍ സിവില്‍ സ്റ്റേഷനും പരിസരവും 'ക്ലീന്‍'. ആസാദി കാ അമൃത്മഹോത്സവിന്റെ ഭാഗമായാണ് ജില്ലാ ഭരണകൂടം, ശുചിത്വ-ഹരിത മിഷനുകള്‍ ചേര്‍ന്ന് ശുചീകരണം നടത്തിയത്.  നമ്മുടെ മാലിന്യം നമ്മുടെ ഉത്തരവാദിത്വമാണെന്ന തിരിച്ചറിവ് മാലിന്യമുക്ത ചുറ്റുപാടിലേക്ക് നയിക്കുമെന്ന് ഉദ്ഘാടനം നിര്‍വഹിച്ച ജില്ലാ കലക്ടര്‍ പറഞ്ഞു.

ട്രാക്ക് (ട്രോമാ കെയര്‍ ആന്‍ഡ് ആക്സിഡന്റ് എയ്ഡ് സെന്റര്‍), എന്‍.എസ്.എസ്, നെഹ്റു യുവകേന്ദ്ര ടീമംഗങ്ങളും പങ്കാളികളായി. ട്രാക്ക് പ്രസിഡന്റ്  കൂടിയായ ജോയിന്റ് ആര്‍.ടി.ഒ ശരത്ചന്ദ്രന്‍ നേതൃത്വം നല്‍കി. മൂന്നു മാസത്തിലൊരിക്കല്‍ ശുചീകരണ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് തീരുമാനം.  കാട്മൂടിയ ഭാഗങ്ങള്‍ വൃത്തിയാക്കി പൂച്ചെടികളും ഫലവൃക്ഷങ്ങളും നട്ടു.

ഒക്ടോബര്‍ 18 വരെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും സ്ഥാപനങ്ങളിലും ശുചിത്വ നിലവാര പരിശോധനയും ഹരിതചട്ടപാലന ഓഡിറ്റിങ്ങും നടക്കും. സിവില്‍ സ്റ്റേഷനിലെ എല്ലാ ഓഫീസുകളിലും ജീവനക്കാരുടെ നേതൃത്വത്തില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടന്നു.  

ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സൗമ്യ ഗോപാലകൃഷ്ണന്‍, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ജെ. രതീഷ് കുമാര്‍, പ്രോഗ്രാം ഓഫീസര്‍ ഷാനവാസ്, ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എസ്. ഐസക്, വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.