പൈതല്‍മല ടൂറിസം സര്‍ക്യൂട്ട്: പദ്ധതി രൂപരേഖ രണ്ടാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കും

post

കണ്ണൂര്‍ :  പൈതല്‍മല - പാലക്കയംതട്ട് - കാഞ്ഞിരക്കൊല്ലി ടൂറിസം സര്‍ക്യൂട്ട് പദ്ധതിയുടെ രൂപരേഖ രണ്ടാഴ്ചക്കുള്ളില്‍ വനം - ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ തയ്യാറാക്കി സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കും. മലബാറില്‍ ടൂറിസം മേഖലയില്‍ വന്‍ മുന്നേറ്റം സൃഷ്ടിക്കാനുതകുന്ന പദ്ധതിയാണിത്.

രാജ്യാസഭാംഗം ജോണ്‍ ബ്രിട്ടാസിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ടൂറിസം - വനം മന്ത്രിമാരുടെ നേതൃത്വത്തില്‍ കഴിഞ്ഞ മാസം നടന്ന ഉന്നതതല യോഗ തീരുമാനപ്രകാരമായിരുന്നു ഉദ്യോഗസ്ഥ സന്ദര്‍ശനം. ഗാന്ധിജയന്തിദിനത്തില്‍ സര്‍ക്യൂട്ടിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളായ  പൈതല്‍മല, കാഞ്ഞിരക്കൊല്ലി, അളകാപുരി വെള്ളച്ചാട്ടം, പാലക്കയം തട്ട് എന്നിവിടങ്ങളില്‍ സംഘം സന്ദര്‍ശനം നടത്തി. ജോണ്‍ ബ്രിട്ടാസ് എംപി, സജി ജോസഫ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ഉത്തരമേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി കെ വിനോദ് കുമാര്‍,  ഇക്കോ ടൂറിസം ഡയറക്ടര്‍ ആര്‍ എസ് അരുണ്‍,  ഡെപ്യൂട്ടി കല ക്ടര്‍ ജെ അനില്‍ ജോസ്, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ടി വി പ്രശാന്ത്  എന്നിവരാണ് സന്ദര്‍ശനം നടത്തിയത്.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, മറ്റ് ത്രിതല ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ എന്നിവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.

സന്ദര്‍ശന ശേഷം നടുവില്‍ പഞ്ചായത്ത് ഹാളില്‍ പ്രത്യേക അവലോകനയോഗവും ചേര്‍ന്നു. മലബാറിന്റെ ടൂറിസം രംഗത്ത് വന്‍ കുതിപ്പിന് വഴിയൊരുക്കാന്‍ നിര്‍ദിഷ്ട വികസനപദ്ധതികള്‍ സഹായകരമാകുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു. നാടിന്റെ വികസനത്തിനുവേണ്ടി ജനപ്രതിനിധികള്‍ ഒറ്റക്കെട്ടോടെ നിലകൊള്ളുമെന്നും പ്രസക്തമായ എല്ലാ നിര്‍ദ്ദേശങ്ങളും ബന്ധപ്പെട്ടവരുടെ മുന്നില്‍ അവതരിപ്പിക്കുമെന്നും സജി ജോസഫ് എംഎല്‍എ പറഞ്ഞു. നടുവില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ഓടമ്പള്ളില്‍ സ്വാഗതം പറഞ്ഞു. പദ്ധതി പ്രദേശത്തെ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. എല്ലാ നിര്‍ദ്ദേശങ്ങളും പരിഗണിച്ച്   പദ്ധതിരേഖ രണ്ടാഴ്ച്ചക്കുള്ളില്‍ തയാറാക്കുമെന്ന് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വിനോദ് കുമാര്‍ യോഗത്തില്‍ അറിയിച്ചു.