ആവേശമായി 'ബ്ലീറ്റ് 2021' ആട് ചന്ത

post

കാസര്‍ഗോഡ് : കുടുംബശ്രീ ജില്ലാമിഷനും വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡി എസും വെസ്റ്റ് എളേരി ചട്ടമലയില്‍ സംഘടിപ്പിച്ച 'ബ്ലീറ്റ് 2021' മലബാറി ഫെസ്റ്റ് ആടുചന്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ബേബി ബാലകൃഷ്ണന്‍ ഉദ്ഘടനം ചെയ്തു. ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ടി. ടി സുരേന്ദ്രന്‍ അധ്യക്ഷനായി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  എം ലക്ഷ്മി പുതിയ അടുഗ്രാമം പദ്ധതി പ്രഖ്യാപനം നടത്തി. ആടുചന്തയുടെ വിതരണോദ്ഘാടനം ബാലന്‍ മൗവ്വേനിക്കു ആടിനെ നല്‍കികൊണ്ട് വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹനന്‍ നിര്‍വ്വഹിച്ചു. കുടുംബശ്രീ എഡിഎംസി ഇക്ബാല്‍ സി.എച്ച് പദ്ധതി വിശദീകരിച്ചു. വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി സി ഇസ്മില്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ മോളിക്കുട്ടി പോള്‍, കുമാരി അഖില സി. വി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ പി. ഡി നാരായണി, അന്നമ്മ മാത്യു, വാര്‍ഡ് മെമ്പര്‍മാരായ ഓമന കുഞ്ഞിക്കണ്ണന്‍, എന്‍.വി പ്രമോദ്, വെറ്ററിനറി സര്‍ജന്‍ ജിബിന്‍, കൃഷി ഓഫീസര്‍ വി.വി രാജീവന്‍  എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ ചെയര്‍പേഴ്സണ്‍ ലക്ഷ്മി കെ.പി സ്വാഗതവും മെബര്‍ സെക്രട്ടറി കെ. ജെ പോള്‍ നന്ദിയും  പറഞ്ഞു.

കുടുംബശ്രീ, മൃഗ സംരക്ഷണ മേഖലയിലെ കര്‍ഷകര്‍ക്ക് ആടുകളെ വിറ്റഴിക്കാനും വാങ്ങിക്കുവാനുമുള്ള വേദിയായാണ് പരിപാടി ഒരുക്കിയത്. ഇടനിലക്കാരെ ഒഴിവാക്കി ആട് വളര്‍ത്തലിലൂടെ ഉപജീവനം നടത്തുന്ന വനിതാ കര്‍ഷകര്‍ക്ക് അവരുടെ ആടുകളെ വില്‍ക്കാനും കുടുംബശ്രീയുടെ വിവിധ പദ്ധതികളിലെ ഗുണഭോക്താക്കള്‍ക്ക് നേരിട്ട് ആടുകളെ വാങ്ങിക്കുവാനും തയ്യാറാക്കിയ വിപുലമായ അവസരമാണ് ബ്ലീറ്റ് 2021. ആടുഗ്രാമം പദ്ധതി പ്രകാരം ഉത്പാദിപ്പിച്ച ആടുകളെയാണ് വില്‍പനയ്ക്കായി എത്തിച്ചത്. മലബാറി, സങ്കരയിനം ആടുകളുടെ വിപണനം അടുത്ത മാസങ്ങളിലും നടത്തി ആട് കര്‍ഷകര്‍ക്ക് മികച്ച വരുമാനം ഉറപ്പാക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്നും ഡിസംബറില്‍ സീസണ്‍ ആരംഭിക്കുന്നതോടെ കൂടുതല്‍ ആടുകളുടെ വിപണനം സാധ്യമാകുമെന്നും ജില്ലാ മിഷന്‍ കോ ഓഡിനേറ്റര്‍ ടി.ടി സുരേന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആടുഗ്രാമം പദ്ധതിയിലൂടെ ജില്ലാ മിഷന്‍ 44 യൂനിറ്റുകള്‍ക്ക് സബ്സിഡി അനുവദിച്ചിരുന്നു. നടപ്പ് വര്‍ഷത്തില്‍ ആടുഗ്രാമം, പട്ടിക വര്‍ഗ്ഗ സുസ്ഥിര വികസന പദ്ധതികളിലൂടെ നൂറിലധികം യൂനിറ്റുകള്‍ക്ക് ധനസഹായം നല്‍കും.

ബ്ലീറ്റ്  2021  മലബാറി ഫെസ്റ്റ് ആട് ചന്തയില്‍ 11 ജെഎല്‍ജി കളുടെ 89 ഓളം  ആടുകളാണ് വില്‍പ്പനക്കായി എത്തിച്ചത്. 37 ആടുകളെ നേരിട്ട് വിറ്റഴിക്കാന്‍ സാധിച്ചപ്പോള്‍, ശേഷിക്കുന്ന ആടുകളെ ടോക്കണ്‍ അഡ്വാന്‍സ് കൊടുത്തു വിവിധ പദ്ധതികള്‍ക്കായി  ഗുണഭോക്താക്കള്‍ക്ക് ബുക്ക് ചെയ്യാനും സാധിച്ചു. 398500 രൂപയുടെഅധിക വരുമാനം കണ്ടെത്താന്‍  ആട് ചന്തയില്‍ പങ്കെടുത്ത കുടുംബശ്രീ  ജെഎല്‍ ജി അംഗങ്ങള്‍ക്ക് സാധിച്ചു. ബ്ലീറ്റ് രണ്ടാം ഘട്ട ആട് ചന്ത  നവംബര്‍ മാസത്തില്‍ കാറഡുക്ക ബ്ലോക്ക് പരിധിയില്‍ നടക്കും.