ജനകീയാസൂത്രണ നേട്ടങ്ങളും ഭാവി പദ്ധതികളും ചര്‍ച്ച ചെയ്ത് 'കവാടം'

post

കാസര്‍കോട്: സംസ്ഥാന സര്‍ക്കാരിന്റെ ജനകീയ ക്ഷേമ.പ്രവര്‍ത്തനങ്ങള്‍ പൊതു ജനങ്ങള്‍ക്കിടയിലേക്ക് എത്തിക്കുന്നതിന് കാസറഗോഡ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ കവാടം പരിപാടി സംപ്രേഷണം ആരംഭിച്ചു. രജതശോഭയില്‍ ജനകീയാസൂത്രണം എന്ന തലക്കെട്ടിലാണ് ആദ്യ പരിപാടി. കാല്‍ നൂറ്റാണ്ട് കാലത്തെ ആസൂത്രണ പ്രക്രിയയില്‍ ജില്ല കൈവരിച്ച നേട്ടങ്ങളും ഭാവി വികസന കാഴ്ചപ്പാടുകളുമാണ് ചര്‍ച്ച ചെയ്തത്.  ജില്ലാ.പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, മുന്‍ ജില്ലാ പഞ്ചായത് പ്രസിഡന്റ് ഇ. പദ്മാവതി, പ്രഥമ ജില്ലാ കോര്‍ഡിനേറ്റര്‍ പപ്പന്‍ കുട്ടമത്ത്, മുന്‍ ജില്ല കോര്‍ഡിനേറ്റര്‍ കെ.ബാലകൃഷ്ണന്‍, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തു കോര്‍ഡിനേറ്റര്‍ ആയിരുന്ന രാജാറാം ചെറക്കോട് തുടങ്ങിയവര്‍ ആണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. കേരള മീഡിയഅക്കാദമി എക്‌സിക്യൂട്ടീവ് അംഗം ജയകൃഷ്ണന്‍ നരിക്കുട്ടി ആയിരുന്നു മോഡറേറ്റര്‍.

ജില്ലയുടെ ആരോഗ്യ വിദ്യാഭ്യാസ മേഖല, പശ്ചാത്തല വികസനം, സ്ത്രീ ശാക്തീകരണം തുടങ്ങിയവയില്‍ ജനകീയാസൂത്രണ പദ്ധതി ചെലുത്തിയ സ്വാധീനം എന്നിവയൊക്കെ സമഗ്രമായി വിശകലനം ചെയ്യുന്നതായിരുന്നു പരിപാടി. പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചുള്ള വികസന രേഖ തയ്യാറാക്കിയതും സ്‌കൂളുകളുടെ പ്രവര്‍ത്തന അന്തരീക്ഷത്തില്‍ വന്ന മാറ്റങ്ങള്‍, ജില്ലാ ആശുപത്രി അടക്കമുള്ള സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ സൗകര്യങ്ങള്‍ ഉണ്ടായത്, പശ്ചാത്തല മേഖലയില്‍ മെച്ചപ്പെട്ട റോഡുകള്‍ വന്നതുമെല്ലാം  ചര്‍ച്ച ചെയ്യപ്പെട്ടു. പുതു തലമുറക്ക് ആസൂത്രണ പ്രക്രിയയുടെ തുടക്കം അറിയുന്നതിനായി ആദ്യകാലത്തെ അനുഭവങ്ങളും പങ്കു വെച്ചു. 

കാസര്‍കോട് വിഷന്‍ ചാനലില്‍ എല്ലാ ശനിയാഴ്ചയും രാത്രി 9.30നാണ് കവാടം സംപ്രേഷണം ചെയ്യുന്നത്. പരിപാടിയിലൂടെ മൂന്ന് ഭാഗങ്ങളിലായി രജതശോഭയില്‍ ജനകീയാസൂത്രണം എന്ന പ്രത്യേക പരിപാടി പ്രേക്ഷകരില്‍ എത്തും.