കാര്‍ഷിക മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്കായി വ്യവസായ യൂണിറ്റുകള്‍ ആരംഭിക്കും: മുഖ്യമന്ത്രി

post

ആലപ്പുഴ: കാര്‍ഷിക മേഖലയില്‍ മൂല്യവര്‍ധിത ഉത്പന്ന നിര്‍മാണത്തിനായി  വ്യവസായ യൂണിറ്റുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടികളുടെ ഭാഗമായി നടപ്പാക്കിയ സുഭിക്ഷം സുരക്ഷിതം പദ്ധതിയിലൂടെയുള്ള നെല്‍കൃഷിയുടെയും പച്ചക്കറിയുടെയും വിളവെടുപ്പ് ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. 

മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്കായി വ്യവസായ യൂണിറ്റുകള്‍ ആരംഭിക്കാന്‍ ഫലപ്രദമായി സഹായിക്കാന്‍ കഴിയുന്നത് സംസ്ഥാനത്തെ സഹകരണ മേഖലയ്ക്കാണ്.യൂണിറ്റുകള്‍ ആരംഭിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൈയ്യെടുക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

കാര്‍ഷിക രംഗത്തെ കൂടുതല്‍ ശക്തിപ്പെടുത്താനായി വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതിനായി മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചിട്ടുണ്ട്. മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ വന്‍തോതില്‍ ഉത്പാദിപ്പിക്കാനാണ് ആലോചിക്കുന്നത്- മുഖ്യമന്ത്രി പറഞ്ഞു. 

കഴിഞ്ഞ കാലങ്ങളില്‍ നടന്ന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് ഈ വിളവെടുപ്പ്. എല്ലാവര്‍ക്കും സുരക്ഷിതമായ ഭക്ഷണം ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. കാലാവസ്ഥാ പ്രവചനം കാര്യക്ഷമമായാല്‍ മാത്രമേ  അതിനനുസരിച്ചുള്ള കാര്‍ഷിക കലണ്ടര്‍ തയ്യാറാക്കാന്‍ സാധിക്കൂ. കാലാവസ്ഥാ പ്രവചനം കാര്യക്ഷമമാക്കുന്നതിന് സാങ്കേതിക സഹായം ആവശ്യമാണ്. ഈ മേഖലയില്‍ സര്‍ക്കാര്‍ സജീവ ശ്രദ്ധ പതിപ്പിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

പച്ചക്കറി ഉത്പാദനത്തില്‍ സ്വയംപര്യാപ്തത എന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിത നയമാണ്. കഴിഞ്ഞ സര്‍ക്കാര്‍ ഇതിനായി ഒട്ടേറെ നടപടികള്‍  സ്വീകരിച്ചിരുന്നു. ഇതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.

കഴിഞ്ഞ സര്‍ക്കാര്‍ നടപ്പാക്കിയ വിവിധ പദ്ധതികള്‍ കാര്‍ഷികോത്പാദന മേഖലയില്‍ വലിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

പച്ചക്കറി ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ സംസ്ഥാനത്തിന് കഴിയുമെന്ന് കഞ്ഞിക്കുഴിയില്‍ നടന്ന ചടങ്ങില്‍ അധ്യക്ഷത വഹിച്ച കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. പച്ചക്കറി ഉത്പാദനത്തില്‍ ഗണ്യമായ മുന്നേറ്റമുണ്ടായി. സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ക്കൊപ്പം കര്‍ഷകരുടെ സജീവ പങ്കാളിത്തം കൂടിയാകുമ്പോള്‍  വലിയ നേട്ടം കൈവരിക്കാനാകും. പച്ചക്കറി ഉത്പാദനത്തിനൊപ്പം സംഭരണം, സംസ്‌കരണം, വിതരണം എന്നിവയിലും കൃഷിവകുപ്പ് ശ്രദ്ധ ചെലത്തുമെന്ന് അദ്ദേഹം പറഞ്ഞു.