കായിക മേഖലയുടെ സമഗ്ര വികസനത്തിനു കാലാനുസൃതമായ നയം രൂപീകരിക്കും : മുഖ്യമന്ത്രി

post

കണ്ണൂര്‍: കായിക മേഖലയുടെ സമഗ്ര വികസനത്തിനു കാലാനുസൃതമായ പുതിയ നയം രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും 2022 ജനുവരിയോടെ പുതിയ കായിക നയം നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂത്തുപറമ്പ് ആരംഭിക്കുന്ന വനിതാ ഫുട്ബോള്‍ അക്കാദമിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കണ്ണൂര്‍ സ്പോര്‍ട്സ് സ്‌കൂളിനോടനുബന്ധിച്ചാണ് ജില്ലയ്ക്ക് അക്കാദമി അനുവദിച്ചത്.

കായിക മേഖലയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമാണ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയത്. സംസ്ഥാനത്തെ കായിക മേഖലയില്‍ 1000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനമാണ് ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്നത്. കായിക രംഗത്ത് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ തുടങ്ങിവച്ച പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിക്കും. ഫുട്ബോളിന് ഏറെ വളക്കൂറുള്ള മണ്ണാണ് കേരളം. ഫലപ്രദമായ ഇടപെടലുകളുണ്ടായാല്‍ ഉയരങ്ങളില്‍ എത്താന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടുതല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് കേരളത്തില്‍ നടത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. കായിക രംഗത്തെ സാധ്യതകള്‍ പ്രയോജപ്പെടുത്താനുള്ള ക്രിയാത്മക നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്. ഇതിന്റെ ഭാഗമായി 20 സ്‌കൂളുകളില്‍ കായിക പരിശീലനം ആരംഭിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ മൂന്ന് അക്കാദമികള്‍ ആരംഭിക്കുന്നത്. അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കുന്നതിനുള്ള ഫലപ്രദമായ നടപടികളും കൈക്കൊണ്ടിട്ടുണ്ട്. 40 പുതിയ ഫുട്ബോള്‍ മൈതാനങ്ങളാണ് കേരളത്തില്‍ നിലവില്‍ വരാന്‍ പോകുന്നത്. കേരളത്തില്‍ ഏറ്റവും പ്രചാരമുള്ള കായിക വിനോദമാണ് ഫുട്ബോള്‍. രാജ്യത്തിന് എണ്ണമറ്റ താരങ്ങളെ സംഭാവന ചെയ്യാന്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ട.് കൂടുതല്‍ ടൂര്‍ണമെന്റുകള്‍ ഇവിടെ നടത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. അതിന് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇത് കേരളം ഈ രംഗത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ്. നമ്മുടെ വനിതകളുടെ കായിക മികവ് പരിഗണിക്കുമ്പോള്‍ കേരളത്തില്‍ വനിതാ ഫുട്ബോളിന് മികച്ച സാധ്യതയുണ്ട്. വനിതകളെ കായിക മേഖലയിലേക്ക് ആകര്‍ഷിക്കേണ്ടതും പ്രോത്സാഹനം നല്‍കേണ്ടതും പ്രധാനമാണെന്നും അതിന്റെ ഭാഗമായാണ് വനിതാ അക്കാദമികള്‍ ആരംഭിച്ചിരിക്കുന്നത്. അടുത്ത കാലത്തായി നിരവധി സ്വകാര്യ അക്കാദമികളും കളിക്കളങ്ങളും ഉയര്‍ന്ന് വന്നിട്ടുണ്ട്. എന്നാല്‍ ഇതിന്റെ ഭാഗമായി ചില തെറ്റായ പ്രവണതകള്‍ കണ്ടുവരുന്നുണ്ട്. ലാഭക്കൊതി മൂത്ത് കളിയെയും കളിക്കാരെയും മറക്കുന്ന സ്ഥിതി അനുവദിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അന്താരാഷ്ട്ര നിലവാരത്തിലേക്ക് കളിക്കാരെ വാര്‍ത്തെടുക്കുന്നതിനായി സംസ്ഥാനത്ത് പ്രഖ്യാപിച്ച മൂന്ന് അക്കാദമികളില്‍ ഒന്നാണ് കണ്ണൂരിലേത്. തിരുവനന്തപുരത്തും കൊച്ചിയിലുമാണ് മറ്റ് രണ്ട് അക്കാദമികള്‍. ഗോകുലം ഫുട്ബോള്‍ ക്ലബ്ബിനാണ് ജില്ലയിലെ പരിശീലനച്ചമതല. കണ്ണൂര്‍ ഫുട്ബോള്‍ അക്കാദമിക്  1.17 കോടി രൂപയാണ് നടത്തിപ്പിനായി അനുവദിച്ചിട്ടുള്ളത്. സ്പോര്‍ട്സ് കൗണ്‍സിലിനും സ്പോര്‍ട്സ് ഡയറക്ടറേറ്റിനുമാണ് നടത്തിപ്പ് ചുമതല. പ്രവേശനം ലഭിക്കുന്ന കുട്ടികള്‍ക്ക് മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ കായിക യുവജന കാര്യാലയം ഒരുക്കും.