വാതില്‍പ്പടി സേവനം മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലും എത്തിക്കും: മന്ത്രി എംവി ഗോവിന്ദന്‍

post

 ഇടുക്കി : വിവിധ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്കായി എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ തദ്ദേശസ്വയംഭരണ വകുപ്പ് ആവിഷ്‌കരിച്ച വാതില്‍പ്പടി സേവനം ഒക്ടോബറോടെ സംസ്ഥാനത്തെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലും ഏര്‍പ്പെടുത്തുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍  പറഞ്ഞു. ഇടുക്കി പൈനാവില്‍ ജില്ലാ ആസ്ഥാനത്ത് ജില്ലാതല റിസോഴ്സ് സെന്ററിന്റെയും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിന്റെയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 ശാരീരിക ബുദ്ധിമമുട്ട് അനുഭവിക്കുന്നവര്‍ ഉള്‍പ്പെടെയുള്ള എല്ലാവിഭാഗം ജനങ്ങളുടെയും സൗകര്യാര്‍ഥമാണ് വാതില്‍പ്പടി സേവനം ആവിഷ്‌കരിച്ചത്. വിവിധ സേവനങ്ങളെ ഒരു കുടക്കീഴില്‍ ഏകീകരിക്കുകയാണ് ലക്ഷ്യം. ഇപ്പോള്‍ 213 സേവനങ്ങള്‍ 303 ഗ്രാമപഞ്ചായത്തുകളില്‍ എത്തിച്ചുകഴിഞ്ഞു. പ്രാദേശിക സര്‍ക്കാരുകളെന്ന നിലയില്‍ പൊതുജനങ്ങളുമായി ഏറ്റവും അടുത്തു ബന്ധപ്പെടുന്നത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ തദ്ദേശസ്വയംഭരണ സംവിധാനം അടിമുടി ആധുനികവത്കരിച്ച് സേവനങ്ങള്‍ ജനങ്ങള്‍ക്ക് കിട്ടുന്നതരത്തിലാക്കണം. വികസനത്തിനായുള്ള ശ്രമങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനൊപ്പം അധിക വിഭവസ്രോതസുകളും കണ്ടെത്തണം.  അടിസ്ഥാനവിഭാഗങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം വളരെ മുന്നിലാണ്. പാവപ്പെട്ടവരുടെ ജീവിത  നിലവാരം ഇനിയും മെച്ചപ്പെടുത്തുന്നതിനൊപ്പം അത് ഗുണമേന്‍മയുള്ളതാക്കാനും ശ്രമം നടത്തിവരുകയാണ്. രണ്ടാംപിണറായി സര്‍ക്കാരിന്റെ സുപ്രധാന തീരുമാനങ്ങളിലൊന്ന് സംസ്ഥാനത്തെ അതിദരിദ്രരുടെ ജീവിത  നിലവാരം മെച്ചപ്പെടുത്തുക എന്നതാണ്. ഇതിനായി സര്‍വെ ആരംഭിച്ചിരിക്കുകയാണ്. ഇതിലൂടെ അവരെ മുഖ്യധാരയിലേക്കു ചേര്‍ക്കുകയാണ് ലക്ഷ്യം.

സംസ്ഥാനത്തെ തൊഴിലില്ലായ്മയ്ക്കു പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ ഒരു പഞ്ചായത്തിലെ ആയിരത്തില്‍ അഞ്ച് പേര്‍ക്ക് എന്ന തരത്തില്‍ തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള സംരംഭകത്വ പദ്ധതി ആസൂത്രണം ചെയ്തു വരുകയാണെന്ന് മന്ത്രി അറിയിച്ചു. ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ഫലപ്രദമായ ഇടപെടല്‍ നടത്തും. 23 വര്‍ഷം പിന്നിട്ട കുടുംബശ്രീക്ക് ഇപ്പോള്‍ 44.5 ലക്ഷം അംഗങ്ങളുണ്ട്. 18 മുതല്‍ 40 വയസുവരെയുള്ള സ്ത്രീകള്‍ നേരിടുന്ന സ്ത്രീധനം ഉള്‍പ്പെടെയുള്ള പ്രശന്ങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി  പ്രത്യേക പരിപാടികള്‍ ആവിഷ്‌കരിക്കുമെന്ന് മന്ത്രി പറഞ്ഞു.

           ജില്ലാ ഓഫീസുകള്‍ കളക്ടറേററിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ ഭരണ സംവിധാനം മെച്ചപ്പെടുകയും കേന്ദ്രികൃതമായ ഭരണരീതിയും ഉണ്ടാകുമെന്ന് യോഗത്തിന് അധ്യക്ഷത വഹിച്ച് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. തൊടുപുഴയില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ കെട്ടിടം ജില്ലാ ആസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ വികസനത്തിനും പദ്ധതി ആസൂത്രണത്തിലും വലിയ മുന്നേറ്റം കൊണ്ട് വരാന്‍ സാധിക്കും. സംസ്ഥാന സര്‍ക്കാരിന്റെ കഴിഞ്ഞ ഭരണക്കാലത്ത് പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത പദ്ധതികളാണ്  സമയബന്ധിതമായി ഈ 100 ദിന കര്‍മപദ്ധതിയുടെ ഭാഗമായി പൂര്‍ത്തിയാക്കുന്നത്. ഓഫീസ് ഇവിടെ വരുമ്പോള്‍ ഭരണപരമായ ഇടപാടുകള്‍ക്ക് വലിയ പുരോഗതിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ മന്ത്രി റോഷി സ്ഥാപനത്തിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു.

  പഞ്ചായത്ത് ഡയറക്ടര്‍ എച്ച്. ദിനേശന്‍ പരിപാടിയ്ക്ക് സ്വാഗതം പറഞ്ഞു. പഞ്ചായത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പിജെ തങ്കച്ചന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡീന്‍ കുര്യാക്കോസ് എംപി മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു.

പഞ്ചായത്തിരാജ് സ്ഥാപനങ്ങളിലെ ജനപ്രതിനിഥികള്‍, ഉദ്യോഗസ്ഥര്‍, മറ്റ് പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് സര്‍ക്കാര്‍, സര്‍ക്കാരിതര സ്ഥാപനങ്ങളുടെ സഹായത്തോടെ നിരന്തരമായ പരിശീലനവും പ്രായോഗിക അറിവും പകര്‍ന്നു നല്‍കുക എന്ന ഉദ്ദേശ്യത്തോടെ രാഷ്ട്രിയ ഗ്രാം സ്വരാജ് അഭിയാന്‍ പദ്ധതിയുടെ കീഴില്‍ ജില്ലാ തലങ്ങളില്‍ സ്ഥാപിക്കുന്ന കേന്ദ്രങ്ങളാണ് പഞ്ചായത്തുതല റിസോഴ്സ് സെന്ററുകള്‍. പഞ്ചായത്ത് സ്ഥാപനങ്ങളുടെ വിവിധ പരിശീലനങ്ങള്‍, ഗവേഷണവും വിശകലനവും ഡോക്യുമെന്റേഷനുകള്‍ എന്നിവയുടെ സംഘാനവും ജില്ലാ തലത്തില്‍ ആസൂത്രണം ചെയ്യുന്നതിന്റെ മുഖ്യ കേന്ദ്രമായി പ്രവര്‍ത്തിക്കുക, വിവിധ അക്കാദമികതല ഗവേഷണ സ്ഥാപനങ്ങളുമായി സംസ്ഥാനതല പരിശീലന ശൃംഖലയുടെ ഭാഗമായി പ്രവര്‍ത്തിക്കുക തുടങ്ങിയവയാണ് റിസോഴ്സ് സെന്ററുകളുടെ മുഖ്യധര്‍മ്മം. 2014-15 സാമ്പത്തിക വര്‍ഷത്തില്‍ ആര്‍ജിഎസ്എ പദ്ധതിയുടെ കീഴില്‍ കെട്ടിടനിര്‍മാണത്തിനായി 2 കോടി രൂപ അനുവദിച്ചിരുന്നു. അനുവദിച്ച തുക  ഉപയോഗിച്ച് കെട്ടിടനിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിന് കഴിയാതെ വന്ന സാഹചര്യത്തില്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളില്‍ നിന്നും സമാഹരിച്ച 80 ലക്ഷം കൂടി ഉപയോഗപ്പെടുത്തി ജില്ലാ പഞ്ചായത്ത് കൈമാറി നല്‍കിയ ഭൂമിയിലാണ് കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത് . സര്‍ക്കാരിന്റെ 100 പരിപാടിയുടെ ഭാഗമായാണ് ഡിപിആര്‍സി കെട്ടിട നിര്‍മ്മാണ ഉദ്ഘാടനം ചെയ്യുന്നത് . ഡിപിആര്‍സി കെട്ടിടത്തില്‍ വിവിധ പരിശീലനങ്ങള്‍ക്കുള്ള ഹാളുകള്‍, വീഡിയോ കോണ്‍ഫറന്‍സിങ്ങ് ഹാളുകള്‍,  താമസ മുറികള്‍,  മെസ് ഹാളുകള്‍ തുടങ്ങി വിപുലമായ സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്.

   യോഗത്തില്‍ എംഎല്‍എ മാരായ എം.എം മണി, പി.ജെ ജോസഫ്, വാഴൂര്‍ സോമന്‍,എ രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.ജി.കെ ഫിലിപ്പ്, പഞ്ചായത്ത് അഡിഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുളീധരന്‍, ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ഉഷാകുമാരി മോഹന്‍കുമാര്‍, പഞ്ചായത്ത് വകുപ്പ് അഡിഷണല്‍ ഡയറക്ടര്‍ എം, പി അജിത്കുമാര്‍, ജോയിന്റ് ഡയറക്ടര്‍ ജോസ്നമോള്‍ എസ്, ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ കെ.ജി സത്യന്‍, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി.വി വര്‍ഗ്ഗീസ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെവി കുര്യാക്കോസ്, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡണ്ട് ജോര്‍ജ്ജ് പോള്‍, ബ്ലോക്ക് മെമ്പര്‍ ഡിറ്റാജ് ജോസഫ്, വാഴത്തോപ്പ് പഞ്ചായത്ത് അംഗം രാജു ജോസഫ്, തുടങ്ങി വിവിധ ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, സെക്രട്ടറി ബി.സുനില്‍കുമാര്‍, ജോസ് കുഴിക്കണ്ടം, തുടങ്ങി വിവിധ സാമൂഹ്യ സാംസ്‌കാരിക നേതാക്കള്‍ ഓണ്‍ലൈനായും നേരിട്ടും പങ്കെടുത്തു.