അസാപ് കേരളയുടെ പാലയാട് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു

post

കേരള സർക്കാരിന്റെ നൈപുണ്യ വികസന പദ്ധതിയായ അസാപ് കേരളയും പരിശീലന പങ്കാളികളായ എൻ.ടി.ടി.എഫ് തലശ്ശേരിയും സംയുക്തമായി നടത്തുന്ന കോഴ്‌സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. കണ്ണൂർ പാലയാട് സ്‌കിൽ പാർക്കിൽ ആരംഭിക്കുന്ന മൂന്നു വർഷ ഡിപ്ലോമ കോഴ്‌സ്, ഒരു വർഷത്തെ പോസ്റ്റ് ഡിപ്ലോമ കോഴ്‌സ്, ഒരു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്കാണ് പ്രവേശനം.


ടൂൾ എഞ്ചിനീയറിംഗ് & ഡിജിറ്റൽ മാനുഫാക്ചറിങ്ങ് എന്ന നൂതന സാങ്കേതിക മേഖലയിലേക്കാണ് മൂന്നുവർഷ ഡിപ്ലോമ പ്രോഗ്രാം നടത്തുന്നത്. പ്രസ്തുത കോഴ്‌സിൽ എസ്.എസ്.എൽ.സി/ പ്ലസ് ടു പാസായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് ഡിപ്ലോമ സർട്ടിഫിക്കറ്റിനോടൊപ്പം, കേന്ദ്ര ഏജൻസി ആയ നാഷണൽ സ്‌കിൽ ഡെവലപ്‌മെന്റ് കോർപറേഷൻ നൽകുന്ന വിവിധ സ്‌കിൽ സെർട്ടിഫിക്കറ്റുകളും ലഭിക്കുന്നു. ഇത് കൂടതെ വിദേശ പഠനത്തിന് താല്പര്യപെടുന്നവർക്കായി NOCN (UK) സെർട്ടിഫിക്കറ്റും ലഭിക്കുന്നതാണ്. യോഗ്യതാ പരീക്ഷയിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് ഫീസ് ഇളവും ലഭ്യമാണ്. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് ഇന്ത്യയിലെ പ്രശസ്തങ്ങളായ വിവിധ വ്യവസായ ശാലകളിൽ തൊഴിൽ നേടാനുള്ള അവസരവു ഒരുക്കികൊടുക്കുന്നു.


മെക്കാനിക്കൽ / മെക്കാനിക്കൽ അനുബന്ധ ഡിപ്ലോമ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കായാണ് ടൂൾ ഡിസൈനിങ്ങ് മേഖലയിലുള്ള പോസ്റ്റ് ഡിപ്ലോമ ഇൻ ടൂൾ ഡിസൈൻ എന്ന കോഴ്‌സ് തയാറാക്കിയിട്ടുള്ളത്. 1 വർഷം ദൈർഘ്യമുള്ള കോഴ്‌സിൽ 30 സീറ്റാണ് നിലവിൽ ലഭ്യമായിട്ടുള്ളത്. ആധുനിക ടൂൾ ഡിസൈൻ സോഫ്റ്റ്വെയറുകളിൽ എല്ലാം പരിശീലനം നേടാൻ ഈ കോഴ്‌സിൽ അവസരമുണ്ട്. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് ഇന്ത്യയിലെ പ്രശസ്തങ്ങളായ വിവിധ വ്യവസായ ശാലകളിൽ തൊഴിൽ നേടാനുള്ള അവസരവുമുണ്ട്.

സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ പ്രീസിഷൻ മെഷീനിസ്റ്റ് എന്ന പ്രോഗ്രാം തൊഴിൽ രഹിതരായ യുവതീ യുവാക്കൾക്ക് ഒരു വർഷത്തെ പരിശീലനം കൊണ്ട് ജോലി നേടി കൊടുക്കുന്നതിനു രൂപകൽപന ചെയ്തിട്ടുള്ളതാണ്. 24 വയസ് വരെ പ്രായമുള്ള എസ്.എസ്.എൽ.സി അടിസ്ഥാന യോഗ്യതയുള്ളവർക്ക് കോഴ്‌സിലേക്ക് അഡ്മിഷൻ നേടാവുന്നതാണ്. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് ഇന്ത്യയിലെ പ്രശസ്തങ്ങളായ വിവിധ വ്യവസായ ശാലകളിൽ തൊഴിൽ നേടാനുള്ള അവസരവും ഒരുക്കിക്കൊടുക്കുന്നു.


അഡ്മിഷനും വിശദവിവരങ്ങൾക്കും കേരളത്തിലെ എല്ലാ ജില്ലകളിലും പ്രവർത്തിക്കുന്ന അസാപിന്റെ ജില്ലാ ഓഫീസുമായോ, എൻ.ടി.ടി.എഫ് തലശ്ശേരി കേന്ദ്രവുമായോ / താഴെ തന്നിട്ടുള്ള ഫോൺ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

8075106574, 9495999709. 9495999623.

പി.എൻ.എക്സ്. 3808/2022