ഭിന്നശേഷിക്കാര്‍ക്കും രക്ഷിതാക്കള്‍ക്കും കരുതലായി സഹജീവനം ഭിന്നശേഷി സഹായ കേന്ദ്രം തുറന്നു

post

കാസര്‍കോട് : ലോക്ഡൗണില്‍ ഒറ്റപ്പെട്ട ഭിന്നശേഷിക്കാര്‍ക്കും രക്ഷിതാക്കള്‍ക്കും കരുതലായി ജില്ലയില്‍ സഹജീവനം ഭിന്നശേഷി സഹായ കേന്ദ്രം ആരംഭിച്ചു. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് നിര്‍വ്വഹിച്ചു.  കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ സി.കെ ഷീബ മുംതാസ് അധ്യക്ഷയായി. ജില്ലാതലത്തില്‍ ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെയും നാഷണല്‍ ട്രസ്റ്റ് ആക്ട് ലോക്കല്‍ ലെവല്‍ കമ്മറ്റിയുടെയും നേതൃത്വത്തിലാണ് സഹജീവനം ഭിന്നശേഷി സഹായ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍.

തദ്ദേശ സ്വയംഭരണം, വിദ്യാഭ്യാസം, ആരോഗ്യം, വനിതാ ശിശു വികസന വകുപ്പ് എന്നിവയുടെ സഹകരണത്തോടെ എല്ലാ പഞ്ചായത്തുകളിലും, നഗരസഭകളിലും ബ്ലോക്കുകളിലും സഹായ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. സൈക്കോ സോഷ്യല്‍ കൗണ്‍സലിംഗ്, അടിയന്തിര ചികിത്സാ സഹായധനം, ഓണ്‍ലൈന്‍ തെറാപ്പി, വിനോദ പരിപാടികള്‍, സാമൂഹ്യ വിദ്യാഭ്യാസ പരിപാടികള്‍, സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ ലഭ്യമാക്കല്‍ തുടങ്ങിയ സേവനങ്ങള്‍ ഇവിടെ ലഭ്യമാകും. അക്കര ഫൗണ്ടേഷന്‍, നവജീവന ട്രസ്റ്റ് എന്നീ സന്നദ്ധ സംഘടനകളും ഈ പ്രവര്‍ത്തനത്തില്‍ സജീവമായ പങ്കുവഹിക്കുന്നുണ്ട്. സ്പെഷ്യല്‍ സ്‌കൂളുകള്‍, ബഡ്സ് സ്‌കൂളുകള്‍, ബിആര്‍സികള്‍ എന്നിവിടങ്ങളിലെ അധ്യാപകര്‍ ഉള്‍പ്പെടെ പ്രത്യേക പരിശീലന ലഭിച്ചവരാണ് സഹായ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുക. പഞ്ചായത്തുകളിലും നഗരസഭകളിലും പ്രവര്‍ത്തിക്കുന്ന സഹായകേന്ദ്രങ്ങളില്‍ നിന്ന് ഭിന്നശേഷിക്കാരായ ആളുകളെ ഫോണ്‍ മുഖേന ബന്ധപ്പെട്ട് വിവരങ്ങള്‍ അന്വേഷിക്കും. ബ്ലോക്ക് തല കേന്ദ്രങ്ങളിലേക്ക് ഭിന്നശേഷിക്കാര്‍ക്ക് ഫോണ്‍ മുഖേന ബന്ധപ്പെടാം.

കോവിഡ് രോഗവ്യാപനംമൂലം ഭിന്നശേഷി വിഭാഗങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍, തെറാപ്പി സെന്ററുകള്‍ എന്നിവ അടഞ്ഞുകിടക്കുന്നതും കൂടാതെ സാധാരണ ഗതിയില്‍ ലഭിച്ചിരുന്ന വിവിധ തെറാപ്പികളും പരിശീലനങ്ങളും ലഭിക്കാത്തതും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും  ഒരുപോലെ മാനസിക സമ്മര്‍ദ്ദം സൃഷ്ടിക്കുന്നു. ഇതിനൊരു പരിഹാരമാണ് സഹജീവനം ഭിന്നശേഷി സഹായ കേന്ദ്രം.

സാമൂഹിക നീതി വകുപ്പിന്റെ സേവനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ പദ്ധതികളുടെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് കന്നഡയില്‍ തയ്യാറാക്കിയ പോസ്റ്ററും ചടങ്ങില്‍ പ്രകാശനം ചെയ്തു. പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ ഹരിദാസന്‍, ജില്ലാ വനിതാ ശിശുവികസന പദ്ധതി ഓഫീസര്‍ കവിതാ റാണി രഞ്ജിത്ത്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍ , എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ നാരായണ,  അക്കര ഫൗണ്ടെഷന്‍ മാനേജര്‍ യാസിര്‍, നവജീവന ട്രസ്റ്റ് മാനേജര്‍ ഫാദര്‍ ജോസ് ചെമ്പോട്ടിക്കല്‍ എന്നിവര്‍ സംസാരിച്ചു. എല്‍ എല്‍ സി കണ്‍വീനര്‍  ബീന സുകു സ്വാഗതവും ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ പി.ബിജു നന്ദിയും പറഞ്ഞു.