മലപ്പുറത്തിന് 'പ്രാണവായു' പകര്‍ന്ന് സ്ഥാപനങ്ങളും സന്നദ്ധ കൂട്ടായ്മകളും

post

ജില്ലാ ഭരണകൂടത്തിന്റെ ജനകീയ പദ്ധതിയിലേക്ക് ഇതുവരെ ലഭിച്ചത് 4.36 കോടി രൂപയുടെ ആരോഗ്യ പരിരക്ഷ ഉപകരണങ്ങള്‍

മലപ്പുറം : കോവിഡ് 19 വ്യാപനം ആശങ്കയുയര്‍ത്തുമ്പോള്‍ പൊതുജനാരോഗ്യ സംരക്ഷണത്തിന് സര്‍ക്കാര്‍ ആശുപത്രികളെ സജ്ജമാക്കി മലപ്പുറം ജില്ല വീണ്ടും ജനകീയ മാതൃക തീര്‍ക്കുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ ജനകീയ സഹകരണത്തോടെ ജില്ലാ ഭരണകൂടം ആവിഷ്‌ക്കരിച്ച 'മലപ്പുറത്തിന്റെ പ്രാണവായു' പദ്ധതിക്ക് സ്വീകാര്യതയേറുകയാണ്. വിവിധ സ്ഥാപനങ്ങളും സന്നദ്ധ സംഘങ്ങളും ജനകീയ കൂട്ടായ്മകളും കൈകോര്‍ത്തപ്പോള്‍ പ്രാണവായു പദ്ധതിയിലേക്ക് ഇതുവരെ 4,35,74,020 രൂപയുടെ ചികിത്സാ ഉപകരണങ്ങള്‍ ലഭിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു.

സര്‍ക്കാര്‍ ആശുപത്രികളില്‍ മികച്ച സൗകര്യങ്ങളോടെ ആധുനിക ചികിത്സ ഉറപ്പാക്കുന്ന പ്രാണവായു പദ്ധതി ജനകീയ വികസന മാതൃകയില്‍ മികച്ച പാരമ്പര്യമുള്ള മലപ്പുറത്ത് പുതിയ അധ്യായമാണ് രചിക്കുന്നത്. മലപ്പുറത്തെ അജ്ഫാന്‍ ഡേറ്റ്‌സ് ആന്റ് നട്ട്‌സ് 1.3 കോടി രൂപയുടെ ചികിത്സ ഉപകരണങ്ങള്‍ ആദ്യഘട്ടത്തില്‍തന്നെ ലഭ്യമാക്കി. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'സ്വസ്ത്' ആരോഗ്യ ക്ഷേമ സംഘടന 70 ലക്ഷം രൂപയുടെ ചികിത്സാ ഉപകരണങ്ങള്‍ ജില്ലാ ഭരണകൂടത്തിന് കൈമാറി. 300 ഡി ടൈപ്പ് ഓക്‌സിജന്‍ സിലിണ്ടറുകളാണ് 'സ്വസ്ത്' ലഭ്യമാക്കിയത്. ഐ.എസ്.ആര്‍.ഒ 75.77 ലക്ഷം രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങളും എയര്‍ ഇന്ത്യ 25 ലക്ഷം രൂപയുടെ ചികിത്സാ ഉപകരണങ്ങളും പ്രാണവായു പദ്ധതിയിലേക്ക് ലഭ്യമാക്കി.

ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി മലപ്പുറം ജില്ലാ ഘടകം 40 ലക്ഷം രൂപ വിലയുള്ള 20 ഓക്‌സിജന്‍ കോണ്‍സന്ററേറ്ററുകളും മൂന്ന് വെന്റിലേറ്ററുകളും നല്‍കി. നാല് രോഗികള്‍ക്ക് ഒരേസമയം ഉപയോഗിക്കാവുന്നതാണ് റെഡ്‌ക്രോസ് ലഭ്യമാക്കിയ 20 ഓക്‌സിജന്‍ കോണ്‍സന്ററേറ്ററുകള്‍. സുപ്രിം ഫര്‍ണീച്ചര്‍ ഗ്രൂപ്പ് 30 ലക്ഷം രൂപ ചെലവില്‍ മൂന്ന് വെന്റിലേറ്ററുകളും പ്രമുഖ വ്യവസായി പി.ടി. സലാം 20 ലക്ഷം രൂപ ചെലവുള്ള 62 ഓക്‌സിജന്‍ സിലിണ്ടറുകളും പദ്ധതിയിലേക്ക് നല്‍കി. കുട്ടികളുടെ ആരോഗ്യവും ക്ഷേമവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന രാജ്യാന്തര സംഘടനയായ വേള്‍ഡ് വിഷന്‍ ഇന്ത്യ 10 ഓക്‌സിജന്‍ കോണ്‍സന്ററേറ്ററുകളും ആവശ്യമായ ബെഡുകളും 20 ഫോര്‍ലര്‍ കോട്ടുകളും സര്‍ജിക്കല്‍ ഗ്ലൗസുകള്‍, സാനിറ്റൈസറുകള്‍, എന്‍ - 95 മാസ്‌കുകള്‍, ഫ്‌ളോര്‍ ക്ലീനറുകള്‍, പള്‍സ് ഓക്‌സീ മീറ്ററുകള്‍, ഇന്‍ഫ്രാറെഡ് തെര്‍മോ മീറ്ററുകള്‍, പി.പി.ഇ കിറ്റുകള്‍ എന്നിവ എത്തിച്ചു. 15 ലക്ഷം രൂപയുടെ ചികിത്സാ ഉപകരണങ്ങളാണ് വേള്‍ഡ് വിഷന്‍ ഇന്ത്യ ലഭ്യമാക്കിയത്.

ഐ.സി.യു കോട്ടുകള്‍ വാങ്ങി സ്ഥാപിക്കുന്നതിനായി സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 11,20,000 രൂപയും അബ്രാകോ കമ്പനീസ് 10 ലക്ഷം രൂപയും പ്രാണവായു പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ ഭരണകൂടത്തിനു കൈമാറി. 6.5 ലക്ഷം രൂപ വിലയുള്ള വെന്റിലേറ്റര്‍ ടാറ്റ ബ്ലൂ സ്‌കോപ്പ് സ്റ്റീല്‍സ് ലഭ്യമാക്കി. ഫിലിപ്പ് മമ്പാട് വാട്‌സാപ്പ് ഗ്രൂപ്പ് 2,02,020 രൂപയും ലയണ്‍സ് ക്ലബ്ബ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഘടകം 25,000 രൂപയും ആരോഗ്യ പരിരക്ഷ ഉപകരണങ്ങള്‍ വാങ്ങുന്നതിനായി നല്‍കി പ്രാണവായു പദ്ധതിയുമായി കൈകോര്‍ത്തു. ഇതുവരെ ലഭ്യമായ ചികിത്സാ ഉപകരണങ്ങള്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ സ്ഥാപിച്ചുവരികയാണ്.

ജില്ലയിലെ ജനങ്ങള്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കുന്നതിനും നിലവിലുള്ള കോവിഡ് മഹാമാരി അതിജീവിക്കുന്നതിനും ഭാവിയില്‍ ഇത്തരം രോഗങ്ങളുണ്ടാവുമ്പോള്‍ ആവശ്യമായ പ്രതിരോധ ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പ് വരുത്തുന്നതിനുമാണ് 'പ്രാണവായു' പദ്ധതി ലക്ഷ്യമിടുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ പദ്ധതി ലക്ഷ്യം പൂര്‍ത്തീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ചെറിയ സഹായങ്ങള്‍ പോലും ഈ ഉദ്യമത്തില്‍ വലമതിക്കാനാകാത്തതാണെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. ഓക്‌സിജന്‍ ജനറേറ്ററുകള്‍, ക്രയോജനിക്ക് ഓക്‌സിജന്‍ ടാങ്ക്, ഐ.സി.യു ബെഡുകള്‍, ഓക്‌സിജന്‍ കോണ്‍സന്റെറേറ്റര്‍, ആര്‍.ടി.പി.സി.ആര്‍ മെഷീന്‍സ്, മള്‍ട്ടി പാരാമീറ്റര്‍ മോണിറ്റര്‍, ഡി ടൈപ്പ് ഓക്‌സിജന്‍ സിലണ്ടറുകള്‍, സെന്റെര്‍ ഓക്‌സിജന്‍ പൈപ്പ് ലൈന്‍, ബയോസേഫ്റ്റി കാബിനറ്റ്, ക്രയോജനിക്ക് ടാങ്ക് ട്രാന്‍സ്‌പോര്‍ട്ടിങ് വാഹനം എന്നിവയാണ് പദ്ധതിയിലേക്ക് വേണ്ടി വരുന്ന ഉപകരണങ്ങള്‍.