ഓണത്തിന് ഒരു മുറം പച്ചക്കറി; ഇളംദേശം ബ്ലോക്കില്‍ കൃഷിക്കു തുടക്കം

post

ഇടുക്കി : കോവിഡ് മഹാമാരിയുടെ കാലഘട്ടത്തില്‍ ആരോഗ്യകരമായ ജീവിതത്തിന് വിഷരഹിതമായ ഭക്ഷണം വീട്ടുവളപ്പില്‍ നിന്നുതന്നെ എന്ന ലക്ഷ്യത്തോടെ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിക്ക് ഇളംദേശത്ത് തുടക്കമായി.

'എല്ലാവരെയും കര്‍ഷകരാക്കുക എല്ലായിടവും കൃഷിയിടം ആക്കുക' എന്നതാണ് പദ്ധതിയുടെ സന്ദേശം.

പദ്ധതിയുടെ  ഉദ്ഘാടനം കരിമണ്ണൂര്‍ പഞ്ചായത്ത് ഹാളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു.കെ.ജോണ്‍  കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റെജി ജോണ്‍സന് പച്ചക്കറി തൈകളും വിത്തുകിറ്റുകളും നല്‍കി നിര്‍വ്വഹിച്ചു. കരിമണ്ണൂര്‍ കൃഷി ഓഫിസര്‍ റാണി ജേക്കബ് സ്വാഗതം പറഞ്ഞു. ഇളംദേശം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഡിനഎബ്രാഹം പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാന്‍സന്‍ അക്കക്കാട്ട്, കരിമണ്ണൂര്‍ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാര്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംസാരിച്ചു.  175000 പച്ചക്കറിതൈകള്‍, 60000 വിത്ത് കിറ്റുകള്‍ എന്നിവ വരും ദിവസങ്ങളില്‍ ബ്ലോക്കിലെ എല്ലാ പഞ്ചായത്തിലും കൃഷിഭവനുകള്‍ വഴി വിതരണം ചെയ്യും. ആവശ്യമുള്ള കര്‍ഷകര്‍ അവരവരുടെ കൃഷിഭവനുകളില്‍ ബന്ധപ്പെടേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു.