തമിഴ്, കന്നട ഭാഷാ റിപ്പോര്‍ട്ടര്‍/ സബ് എഡിറ്റര്‍ പാനല്‍ രൂപീകരിക്കുന്നു

post

തിരുവനന്തപുരം: ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ തമിഴ്, കന്നട ഭാഷകളില്‍ പ്രാവീണ്യമുള്ളവരുടെ റിപ്പോര്‍ട്ടര്‍/ സബ് എഡിറ്റര്‍ പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഇരുഭാഷകളിലും പ്രത്യേകം പാനലുകളാണ് തയാറാക്കുന്നത്. 

തമിഴ്, കന്നട മാധ്യമങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന വാര്‍ത്താക്കുറിപ്പുകള്‍ തയാറാക്കുന്നതില്‍ പ്രാവീണ്യം ഉണ്ടായിരിക്കണം. പ്രീഡിഗ്രി/ പ്ലസ് ടു ആണ് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. മാധ്യമങ്ങളില്‍ പ്രവൃത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. കുറഞ്ഞത് നൂറ് വാക്കുകളുള്ള വാര്‍ത്ത തയാറാക്കുന്നതിന് 250 രൂപ വീതവും തര്‍ജ്ജമ ചെയ്യുന്നതിന് വാക്ക് ഒന്നിന് ഒരു രൂപ വീതവും പ്രതിഫലം ലഭിക്കും. വാര്‍ത്തകള്‍ തയാറാക്കി അതതു ഭാഷകളില്‍ ടൈപ്പ് ചെയ്ത് നല്‍കണം. വാര്‍ത്തകളും തര്‍ജ്ജമയും വകുപ്പ് നിശ്ചയിക്കുന്ന സമയപരിധിക്കുള്ളില്‍ തയാറാക്കാനുള്ള കഴിവുണ്ടായിരിക്കണം.

അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പാനലിലേക്ക് യോഗ്യരായവരെ തിരഞ്ഞെടുക്കുക. ബയോഡാറ്റയും യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതമുള്ള അപേക്ഷ ഡിസംബര്‍ 15നകം ഡയറക്ടര്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, ഗവ. സെക്രട്ടേറിയറ്റ്, സൗത്ത് ബ്ലോക്ക്, തിരുവനന്തപുരം എന്ന വിലാസത്തില്‍ അയയ്ക്കണം. അപേക്ഷാ കവറിന് പുറത്ത് 'ഇതര ഭാഷാ റിപ്പോര്‍ട്ടര്‍/ സബ് എഡിറ്റര്‍ പാനല്‍ അപേക്ഷ' എന്ന് രേഖപ്പെടുത്തിയിരിക്കണം.