'പുനര്‍ജനി' പ്രത്യേക ഒ പി പടന്നക്കാട് ജില്ലാ ആയുര്‍വ്വേദ ആശുപത്രിയില്‍ തുറന്നു

post

കാസര്‍കോട്: കോവിഡ് മുക്തര്‍ക്കുള്ള  പുനര്‍ജനി' പ്രത്യേക ഒ പി  പടന്നക്കാട് ജില്ലാ ആയുര്‍വ്വേദ ആശുപത്രിയില്‍  ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. എസ് എന്‍ സരിത ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം പുതുതായി ആരംഭിച്ച സിദ്ധരക്ഷ ക്ലിനിക്കും, ആശുപത്രി പരിസരത്ത് നിര്‍മ്മിക്കുന്ന ഔഷധോദ്യാനവും ഉദ്ഘാടനം ചെയ്തു.

കോവിഡ് മുക്തി നേടിയവരില്‍ അനുബന്ധമായി  ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കാനും മറ്റ് രോഗങ്ങളുടെ തീവ്രത ലഘൂകരിക്കാനും ഇവരെ ആയുര്‍വേദത്തിലൂടെ ആരോഗ്യ പൂര്‍ണമായ ജീവിതത്തിലേക്ക് തിരികെ എത്തിക്കുന്ന പദ്ധതിയാണ് പുനര്‍ജനി. കോവിഡ് നെഗറ്റീവ് ആയതിന് ശേഷവും കണ്ടു വരുന്ന ശ്വാസംമുട്ടല്‍, ക്ഷീണം, വിശപ്പില്ലായ്മ തുടങ്ങിയ ശാരീരിക ബുദ്ധിമുട്ടുകള്‍ക്കും മറ്റ് വിഷമതകള്‍ക്കും പുനര്‍ജനി പദ്ധതിയില്‍ ചികിത്സ തേടാവുന്നതാണ്. മരുന്നുകള്‍ സൗജന്യമായി ലഭിക്കും. രാവിലെ ഒമ്പത് മുതല്‍  ഉച്ചയ്ക്ക് രണ്ടുവരെയാണ്   പുനര്‍ജനി ഒ പി പ്രവര്‍ത്തിക്കുക. ജില്ലയിലെ ഡിസ്പെന്‍സറികളില്‍നിന്ന് റഫര്‍ ചെയ്യപ്പെടുന്ന രോഗികളെയും വിദഗ്ധ ചികിത്സക്ക് വിധേയരാക്കും.

ഭാരതീയ ചികിത്സ വകുപ്പ് ആയുര്‍രക്ഷ ക്ലിനിക്കുകള്‍ വഴി നടപ്പാക്കുന്ന 60 വയസ്സില്‍ താഴെയുള്ളവരുടെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന സ്വാസ്ഥ്യം പദ്ധതി, 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരുടെ ആരോഗ്യ സംരക്ഷണത്തിനായുള്ള  സുഖായുഷ്യം പദ്ധതി, ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് പ്രതിരോധത്തിനുള്ള അമൃതം പദ്ധതി, കാറ്റഗറി എ കോവിഡ് രോഗികളുടെ ചികിത്സയ്ക്കായുള്ള ഭേഷജം പദ്ധതി എന്നിവയും ജില്ലയില്‍ വിജയകരമായി പുരോഗമിക്കുകയാണ്.