കൊവിഡ് ജാഗ്രത; സഞ്ചരിക്കുന്ന ക്ലിനിക്കുമായി പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത്

post

ഇടുക്കി :  കൊവിഡ്, കൊവിഡാനന്തര ചികിത്സകള്‍ക്കായി മൊബൈല്‍ ക്ലിനിക്കിന് രൂപം നല്‍കി പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പള്ളിവാസല്‍ പഞ്ചായത്ത് നടത്തി വരുന്ന കരുതല്‍ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായിട്ടാണ് സഞ്ചരിക്കുന്ന ക്ലിനിക്കിന് രൂപം നല്‍കിയിട്ടുള്ളത്. കൊവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവരിലേക്ക് മൊബൈല്‍ ക്ലിനിക്കിന്റെ സേവനം എത്തും. ചിത്തിരപുരം സി എച്ച് സി, കല്ലാര്‍ പി എച്ച് സി, ആയുഷ് വകുപ്പ് എന്നിവയുടെ സഹകരണത്തോടെ നിശ്ചിത ദിവസങ്ങളില്‍ അലോപ്പതി, ആയ്യുര്‍വ്വേദ, സിദ്ധ, ഹോമിയോ ഡോക്ടര്‍മാരുടെയും നഴ്‌സിന്റെയും സോഷ്യോ സൈക്കോ കൗണ്‍സിലറുടെയും സേവനം മൊബൈല്‍ ക്ലിനിക്കിലൂടെ ലഭ്യമാകുമെന്ന് പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ജി പ്രതീഷ് കുമാര്‍ പറഞ്ഞു. മൊബൈല്‍ ക്ലിനിക്കിന്റെ ഉദ്ഘാടനവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിര്‍വ്വഹിച്ചു. ചടങ്ങില്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സി എസ് അഭിലാഷ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി എ നിസാര്‍, പഞ്ചായത്തംഗങ്ങള്‍, പഞ്ചായത്ത് ജീവനക്കാര്‍, ആരോഗ്യവകുപ്പ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ വരും ദിവസങ്ങളില്‍ ക്ലിനിക്കിന്റെ സേവനം ലഭ്യമാകും.