മഴക്കാലപൂര്‍വ ഇടപെടലുകളുമായി പൊതുമരാമത്ത് വകുപ്പ്; മൊബൈല്‍ ആപ്പ് ജൂണ്‍ ഏഴിന് നിലവില്‍ വരും

post

മലപ്പുറം: കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായ പ്രളയങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് മഴക്കാല പൂര്‍വ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം മുതല്‍ പ്രാധാന്യം നല്‍കിയാണ് മുന്നോട്ട് പോകുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. എടപ്പാള്‍ മേല്‍പ്പാല നിര്‍മാണ പ്രവൃത്തികള്‍ നേരില്‍ കണ്ട് വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. മുന്‍ പ്രളയകാലത്ത് നാശം സംഭവിച്ച റോഡുകളുടെ സംരക്ഷണം സംബന്ധിച്ച് പ്രധാന ഉദ്യോഗസ്ഥരില്‍ നിന്നും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.  കൂടാതെ ഓരോ ജില്ലകളിലെയും പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് 72 എഞ്ചിനീയര്‍മാരുമായി ഓണ്‍ലൈനായി  ചര്‍ച്ച നടത്തിയതായും മന്ത്രി പറഞ്ഞു. റോഡിലെ കുഴിയുടെയും മറ്റും ഫോട്ടോകളും വീഡിയോയും പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതിയായി സമര്‍പ്പിക്കുന്നതിന്  ജൂണ്‍ ഏഴ് മുതല്‍  മൊബൈല്‍ അപ്ലിക്കേഷന്‍ വകുപ്പ് ആരംഭിക്കും. ഇത് വഴി പരാതികള്‍ക്ക് വേഗത്തില്‍ തീര്‍പ്പ് കല്‍പ്പിക്കാനാവുമെന്ന് മന്ത്രി പറഞ്ഞു.  മഴ ശക്തമാകുന്ന ജൂണ്‍, ജൂലൈ മാസങ്ങളില്‍ കണ്‍ട്രോള്‍ റൂമിലൂടെ ആഴ്ചയിലൊരിക്കല്‍ താനുമായി നേരിട്ട് സംസാരിക്കാനും പരാതികള്‍ പറയാനും അവസരമെരുക്കുമെന്നും മന്ത്രി അറിയിച്ചു.