നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍; നിയന്ത്രണങ്ങള്‍ കര്‍ശനം, തയ്യാറെടുപ്പുകള്‍ പൂര്‍ണം

post

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഇന്ന് (മെയ് 1) മുതല്‍ നാല് വരെ ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായും വോട്ടെണ്ണലിന് തയ്യാറെടുപ്പുകളെല്ലാം കുറ്റമറ്റ രീതിയില്‍ പൂര്‍ത്തിയാക്കിയതായും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കലക്ടറുമായ ബി.അബ്ദുല്‍ നാസര്‍ അറിയിച്ചു.

നിയന്ത്രണമുളള ദിവസങ്ങളില്‍ ആഘോഷപരിപാടികള്‍, യോഗങ്ങള്‍, റാലികള്‍, പരേഡുകള്‍, ആഹ്ലാദപ്രകടനങ്ങള്‍, സംഘം ചേരല്‍ എന്നിവ അനുവദിക്കില്ല. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം നടപടി സ്വീകരിക്കും. രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസുകളിലും വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും ഇതേ നിയന്ത്രണങ്ങള്‍ ബാധകമാണ്. ഏപ്രില്‍ 22 നു നടന്ന സര്‍വകക്ഷി യോഗത്തില്‍ മെയ് ഒന്ന് മുതല്‍ ഒമ്പത് വരെ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോട് അനുബന്ധിച്ചു ആഹ്ലാദ പ്രകടങ്ങളോ റാലികളോ ഉണ്ടാകില്ലെന്ന് രായ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ഉറപ്പ് നല്‍കിയത് പാലിക്കണം.

നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ദിവസങ്ങളില്‍ ആവശ്യ സര്‍വീസ് ജീവനക്കാരുടെ കൈവശം ഓഫീസ് തിരിച്ചറിയല്‍ രേഖ ഉണ്ടാകണം. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പ്രവേശിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ തിരിച്ചറിയല്‍ രേഖ തന്നെയാണ് വേണ്ടത്. തിരഞ്ഞെടുപ്പ് ഫലം തത്സമയം അറിയുന്നതിന് ഓരോ വോട്ടെണ്ണല്‍ കേന്ദ്രത്തിലും മാധ്യമപ്രവര്‍ത്തകര്‍ക്കായി സൗകര്യം ഒരുക്കിയിട്ടുണ്ട്. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മീഡിയ റൂമും സജ്ജമാക്കി.

പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുള്ള  ക്രമീകരണങ്ങളാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ തയ്യാറാക്കിയിരിക്കുന്നത്. ഹരിതചട്ടം പാലിക്കുന്നുവെന്നും ഉറപ്പാക്കും. ഇന്ന് (മെയ് 2) രാവിലെ എട്ടുമണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. പോസ്റ്റല്‍ ബാലറ്റുകളാണ് ആദ്യം എണ്ണുക. തുടര്‍ന്ന് ഇ.വി.എം മെഷീനുകളുടെ കൗണ്ടിങ്.

ഓരോ മണ്ഡലങ്ങളിലെയും പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നതിനായി  ശരാശരി അഞ്ച് ടേബിളുകള്‍ വരെയാണ് സജ്ജീകരിച്ചിരിക്കുന്നത്. സര്‍വീസ് വോട്ടേഴ്സിന്റെ ഇ. റ്റി.പി.ബി (ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ്) സ്‌കാന്‍ ചെയ്യുന്നതിനായി ശരാശരി രണ്ടു ടേബിളുകള്‍ വരെയുണ്ടാകും. ഒരു മണ്ഡലത്തിലെ ഹാളില്‍ പരമാവധി 21 ടേബിളുകള്‍ വരെയുണ്ടാകും. സൂപ്പര്‍വൈസര്‍, മൈക്രോ ഒബ്സെര്‍വര്‍, എ.ആര്‍.ഒ, രണ്ട് കൗണ്ടിങ് അസിസ്റ്റന്റുമാര്‍ എന്നിവര്‍ പോസ്റ്റല്‍ ബാലറ്റ് എണ്ണുന്ന ഓരോ കൗണ്ടിങ് ടേബിളിലും ഉണ്ടാവും.

ഇ.വി.എം കൗണ്ടിങ്ങിനായി ഓരോ മണ്ഡലത്തിലും 17 മുതല്‍ 21 വരെ ടേബിളുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. വിവിപാറ്റ് എണ്ണുന്നതിനു പ്രത്യേകം സജ്ജീകരണവും ഒരുക്കിയിട്ടുണ്ട്. ഓരോ കൗണ്ടിംഗ് ടേബിളിലും ഓരോ കൗണ്ടിംഗ് സൂപ്പര്‍വൈസര്‍, മൈക്രോ ഒബ്സര്‍വര്‍, കൗണ്ടിംഗ് അസിസ്റ്റന്റ് എന്നിവര്‍ ഉണ്ടാകും. ഒബ്സെര്‍വര്‍മാര്‍ക്ക്  നേരിട്ട് നിരീക്ഷണം നടത്തുന്നതിനായി ഒരു പ്രത്യേക  ടീം തന്നെ ഓരോ കൗണ്ടിങ് സെന്ററിലുമുണ്ട്. ഇരുപത് ശതമാനം റിസര്‍വ് ജീവനക്കാരെ ഓരോ കൗണ്ടിംഗ് സെന്ററിലും നിയമിച്ചിട്ടുണ്ട്.  കോവിഡ് നെഗറ്റിവ് /രണ്ട് ഡോസ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഉദ്യോഗസ്ഥരും ഏജന്റുമാരും നിര്‍ബന്ധമായും ഹാജരാക്കണം. സെന്ററുകളില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പാസ് ലഭിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്കും ഇതു ബാധകമാണ്.

കൗണ്ടിങ് കേന്ദ്രങ്ങളില്‍ സ്റ്റേറ്റ് പോലീസ്, സ്റ്റേറ്റ് ആംഡ് പോലീസ്, സി.എ.പി എഫ് എന്നിങ്ങനെ പോലീസിന്റെ ത്രിതല സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധനയിലൂടെ മാത്രമേ ഉദ്യോഗസ്ഥരെയും കൗണ്ടിംഗ് ഏജന്റ്മാരെയും പ്രവേശിപ്പിക്കുകയുള്ളൂ. മൊബൈല്‍ ഫോണുകള്‍ക്ക് അനുമതിയില്ല. ഇവ സൂക്ഷിക്കുന്നതിന് പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വോട്ടെണ്ണല്‍ തുടങ്ങുന്നതിന് പിന്നാലെ തിരഞ്ഞെടുപ്പ് നിരീക്ഷകന്റെ സാന്നിദ്ധ്യത്തില്‍ തിരഞ്ഞെടുത്ത അഞ്ച് മെഷീനുകളുടെ വി.വി.പാറ്റ് സ്ലിപ്പ് എണ്ണും. ഇതു താരതമ്യം ചെയത് കൃത്യത ഉറപ്പ് വരുത്തും. ഒരു റൗണ്ട് എണ്ണി കഴിയുമ്പോള്‍ തിരഞ്ഞെടുത്ത രണ്ട് മെഷീനുകളുടെ വോട്ടുകള്‍ വീണ്ടും എണ്ണും. ഇതിനായി ഒരു സൂപ്പര്‍വൈസര്‍, മൈക്രോ ഒബ്‌സര്‍വര്‍, അസിസ്റ്റന്റ് എന്നിവരെ നിയോഗിച്ചിട്ടുണ്ട്. ഫലങ്ങള്‍ താരതമ്യം ചെയ്ത് പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷം മാത്രം ഒരോ റൗണ്ടിന്റെയും ഫലം പ്രഖ്യാപിക്കും. വോട്ടെണ്ണലുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്കായുള്ള രണ്ട്ഘട്ട പരിശീലനമാണ് നടത്തിയത്. ഒരു വരണാധികാരിയുടെ പരിധിയില്‍ 125 ഉദ്യോഗസ്ഥര്‍ വരെ ഇതര പ്രവര്‍ത്തനങ്ങള്‍ക്ക് ഉണ്ടാകും. വോട്ടെണ്ണലിനു ശേഷം സീല്‍ ചെയ്ത മെഷീനുകളും ഇലക്ഷന്‍ റെക്കോര്‍ഡുകളും തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുണ്ടയ്ക്കല്‍ ഉള്ള കേന്ദ്രത്തില്‍ പോലീസ് സംരക്ഷണത്തില്‍ സൂക്ഷിക്കും.