ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍; വിനോദസഞ്ചാരികള്‍ക്ക് ആര്‍.ടി.പി.സി.ആര്‍. പരിശോധന നിര്‍ബന്ധം; വേനല്‍ക്യാമ്പുകള്‍ക്ക് നിരോധനം

post

ആലപ്പുഴ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍. ജില്ലയില്‍ എല്ലാ വേനല്‍ ക്യാമ്പുകളും നിരോധിച്ച് ജില്ല കളക്ടര്‍ ഉത്തരവായി. ടര്‍ഫുകള്‍, കളിസ്ഥലങ്ങള്‍, മൈതാനങ്ങള്‍ എന്നിവയില്‍ നടക്കുന്ന കായിക വിനോദവും മത്സരങ്ങളും നിരോധിച്ചു.

മറ്റു സംസ്ഥാനങ്ങളില്‍നിന്നും വിദേശരാജ്യങ്ങളില്‍നിന്നും ജില്ലയിലെ ഹൗസ്‌ബോട്ട് ടെര്‍മിനലുകളില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ 48 മണിക്കൂറിനകം എടുത്ത ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാലേ പ്രവേശനം അനുവദിക്കൂ. സര്‍ട്ടിഫിക്കറ്റ് ഹാജരാകാത്ത വിനോദസഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കില്ല. പരിശോധനയ്ക്ക് ക്രമീകരണം ഏര്‍പ്പെടുത്തുന്നതിന് ടൂറിസം ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തി. കോവിഡ് വ്യാപനം കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത പാണ്ടനാട്, നൂറനാട്, തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തുകളില്‍ അഞ്ചു പേരിലധികം കൂട്ടം കൂടുന്നത് നിരോധിച്ചു. നിയന്ത്രണങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.