കോവിഡ് നിയമലംഘനങ്ങള്‍: സ്‌ക്വാഡ് പരിശോധന തുടരുന്നു

post

കൊല്ലം: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനുമായി ജില്ലാ കലക്ടറുടെ നിര്‍ദ്ദേശപ്രകാരമുള്ള പരിശോധനകള്‍ ജില്ലയില്‍ തുടരുന്നു. പൊതുസ്ഥലങ്ങളില്‍  കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തുന്നതിനും നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനും പ്രത്യേക സ്‌ക്വാഡുകളുടെ നേതൃത്വത്തിലാണ് പരിശോധന. പത്തനാപുരം താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍ ഷാജി ബേബിയുടെ നേതൃത്വത്തില്‍ പിറവന്തൂര്‍ വില്ലേജിലെ 17 കടകളില്‍ പരിശോധന നടത്തി. മാനദണ്ഡലംഘനത്തിന് ഒന്‍പത് കടകള്‍ക്ക് താക്കീത് നല്‍കി.

കുന്നത്തൂര്‍ താലൂക്കിലെ ശൂരനാട് നോര്‍ത്ത്, ശൂരനാട് സൗത്ത്, ആനയടി, ചക്കുവള്ളി, കണ്ണമത്ത് ചന്ത, പാറക്കടവ് എന്നിവിടങ്ങളിലെ ആരാധനാലയങ്ങളിലും വ്യാപാരസ്ഥാപനങ്ങളിലും  പരിശോധന നടത്തി. 54 കേസുകളില്‍ താക്കീത് നല്‍കുകയും രണ്ട് കേസുകളില്‍ പിഴ ഈടാക്കുകയും ചെയ്തു. തഹസീല്‍ദാര്‍ കെ. ഓമനക്കുട്ടന്റെ  നേതൃത്വത്തിലായിരുന്നു പരിശോധന.

കരുനാഗപ്പള്ളി താലൂക്ക് തഹസീല്‍ദാര്‍ കെ.ജി. മോഹനന്‍, സെക്ടറല്‍ മജിസ്ട്രേറ്റുമാരായ റീജ റിച്ചാര്‍ഡ്, ജലന്ദര്‍, സുധീര്‍ സോമരാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 52 ഇടത്ത് നിയമലംഘനങ്ങള്‍ കണ്ടെത്തി.  ഇതില്‍ 14 കടകള്‍ക്ക് പിഴ ചുമത്തി. ചവറ, തെക്കുംഭാഗം എന്നിവിടങ്ങളിലെ കടകളിലാണ് പരിശോധന നടത്തിയത്.

അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് അലക്സ് പി. തോമസിന്റെ നേതൃത്വത്തില്‍ തൃക്കോവില്‍വട്ടം, കണ്ണനല്ലൂര്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിയമലംഘനം കണ്ടെത്തിയ നാല് കടകള്‍ക്ക് പിഴ ചുമത്തി, 12 എണ്ണത്തിന് താക്കീത് നല്‍കി.

കൊട്ടാരക്കര താലൂക്കില്‍ നടത്തിയ പരിശോധനയില്‍ ആകെ 80 നിയമലംഘനങ്ങള്‍ കണ്ടെത്തി. ആറ് കേസുകളില്‍ പിഴ ഈടാക്കി. നിയമ ലംഘനം  കണ്ടെത്തിയ പെട്രോള്‍ പമ്പുകള്‍ക്കും കടകള്‍ക്കുമാണ് പ്രധാനമായും താക്കീത് നല്‍കിയത്.  കൊട്ടാരക്കര ടൗണില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പില്‍ ജീവക്കാര്‍ മാസ്‌ക് വയ്ക്കാത്തത് ശ്രദ്ധയില്‍പെടുകയും താക്കീത് നല്‍കുകയും ചെയ്തു.   തഹസീല്‍ദാര്‍ ശ്രീകണ്ഠന്‍ നായരുടെ  നേതൃത്വത്തില്‍ ആയിരുന്നു പരിശോധന.

പുനലൂര്‍ താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍ വിജയകുമാറിന്റെ നേതൃത്വത്തില്‍ പേപ്പര്‍മില്‍, നെല്ലിപ്പള്ളി, ചെമ്മന്തൂര്‍, വാളക്കോട് എന്നിവിടങ്ങളില്‍ സ്‌ക്വാഡ് പരിശോധന നടത്തി. 27 ഇടങ്ങളില്‍ കോവിഡ് നിയമലംഘനം കണ്ടെത്തി. ഇതില്‍ അഞ്ച് എണ്ണത്തിന് പിഴ ചുമത്തുകയും 22 എണ്ണത്തിന് താക്കീത് നല്‍കുകയും ചെയ്തു.