ജില്ലയില്‍ ക്വാറന്റൈന്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കണം: ജില്ലാ കലക്ടര്‍

post

കണ്ണൂര്‍: ജില്ലയില്‍ കൊവിഡ് വ്യാപനം കൂടുതല്‍ രൂക്ഷമായ സാഹചര്യത്തില്‍ ക്വാറന്റൈന്‍ നടപടികള്‍ ശക്തമാക്കാന്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കൊവിഡ് ബാധിതര്‍, അവരുമായി അടുത്ത സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍, ജില്ലയ്ക്ക് പുറത്തുനിന്നെത്തുന്നവര്‍ തുടങ്ങിയവരുടെ നിരീക്ഷണം ശക്തമാക്കാന്‍ യോഗം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതിനായി പൊലിസ്, സെക്ടര്‍ മജിസ്‌ട്രേറ്റുമാര്‍, തദ്ദേശ സ്ഥാപനതലത്തിലുള്ള ആര്‍ആര്‍ടികള്‍ എന്നിവരുടെ നേതൃത്വത്തില്‍ നടപടികള്‍ കര്‍ശനമാക്കും. ക്വാറന്റൈന്‍ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി പൊലിസിന്റെ നേതൃത്വത്തില്‍ ഓരോ പൊലീസ് സ്റ്റേഷന്‍ പരിധിയിലും ഫ്‌ളയിംഗ് സ്‌ക്വാഡുകള്‍ക്ക് രൂപം നല്‍കും. സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്ന നടപടിയും കര്‍ക്കശമാക്കും. ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന ക്വാറന്റൈനില്‍ കഴിയേണ്ടവരുടെ വിവരങ്ങള്‍ ഡാറ്റാ എന്‍ട്രി ചെയ്യുന്നതിന് തദ്ദേശ സ്ഥാപന തലത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ നിയോഗിക്കും.

അന്തര്‍ സംസ്ഥാന, അന്തര്‍ ജില്ലാ അതിര്‍ത്തികള്‍, വിമാനത്താവളം തുടങ്ങിയ സ്ഥലങ്ങളില്‍ എത്തുന്നവരുടെ നിരീക്ഷണം ശക്തമാക്കാനും യോഗത്തില്‍ തീരുമാനമായി. ഇവര്‍ കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. പുറത്തുനിന്നു വരുന്നവര്‍ ഒന്നുകില്‍ 48 മണിക്കൂറിനുള്ളില്‍ എടുത്ത നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലെങ്കില്‍ അതിര്‍ത്തിയിലോ പ്രാദേശിക ആരോഗ്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടോ ടെസ്റ്റ് നടത്തി റിസല്‍ട്ട് വരുന്നത് വരെ ക്വാറന്റൈനില്‍ കഴിയണം. ഇത് രണ്ടും അല്ലെങ്കില്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണമെന്നാണ് വ്യവസ്ഥ. എയര്‍പോര്‍ട്ട്, കൂട്ടുപുഴ, മാഹി അതിര്‍ത്തികള്‍, തലശ്ശേരി, കണ്ണൂര്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ നിരീക്ഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കാനും യോഗം തീരുമാനിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കൂടിയതും കൂടുതല്‍ കൊവിഡ് കേസുകള്‍ കൂടിയതുമായ ഹോട്ട്‌സ്‌പോട്ടുകളില്‍ രാത്രികാല കര്‍ഫ്യൂവിന് പുറമെ നിരോധനാജ്ഞ പ്രഖ്യാപിച്ച് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ഇവിടങ്ങളില്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണത്തിന് മുന്‍തൂക്കം നല്‍കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.