കോവിഡ് രണ്ടാം തരംഗത്തിന് തടയിടാന്‍ കരുതലോടെ കൊല്ലം ക്യാമ്പയിന്‍

post

കൊല്ലം : ഹാര്‍ബര്‍, കാഷ്യു ഫാക്ടറി, ഓട്ടോ, ടാക്‌സി തൊഴിലാളികള്‍ക്കും ഡ്രൈവിംഗ് പഠിതാക്കള്‍ക്കും സ്‌പെഷ്യല്‍ ടെസ്റ്റ് ഡ്രൈവ് നടത്തി അതീവ ജാഗ്രത പുലര്‍ത്തുന്നതായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍.

കോവിഡ് പ്രതിരോധനിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ കൊല്ലം, നീണ്ടകര, ശക്തികുളങ്ങര, തങ്കശ്ശേരി ഹാര്‍ബറുകളിലും കാപെക്‌സ് നിയന്ത്രണത്തിലുള്ള കശുവണ്ടി ഫാക്ടറികളിലും വ്യവസായ പരിശീലന കേന്ദ്രങ്ങള്‍, ജുവലറികള്‍ എന്നിവിടങ്ങളിലും ആര്‍.ടി.ഒ ഓഫീസിന്റെ സഹകരണത്തോടെ എല്ലാ താലൂക്കുകളിലുമുള്ള ഡ്രൈവിംഗ് ടെസ്റ്റ് സൈറ്റുകളിലും ഓട്ടോ ടാക്‌സി തൊഴിലാളികള്‍ക്കും പ്രത്യേക കോവിഡ് നിര്‍ണയ പരിശോധനകള്‍ നടത്തി.

അടച്ചുകെട്ടിയ സ്ഥലങ്ങള്‍(ക്ലോസ്ഡ് ഏരിയ), ആള്‍ക്കൂട്ടം ഉണ്ടാകുന്ന സ്ഥലങ്ങള്‍(ക്രൗഡഡ് ഏരിയ) എന്നിവിടങ്ങളില്‍ പരമാവധി ആളുകളെ പരിശോധനയ്ക്ക് വിധേയമാക്കുകയും രോഗം ഉള്ളവരെയും സമ്പര്‍ക്കത്തിലുള്ളവരെയും ഉടനടി ഐസൊലേറ്റ് ചെയ്തു ചികിത്സ നല്‍കുകയുമാണ് ക്യാമ്പയിന്റെ  ലക്ഷ്യം.

ഹാര്‍ബര്‍309, ജുവലറി146, ഓട്ടോ ടാക്‌സി തൊഴിലാളികള്‍185, ഡ്രൈവിംഗ് ടെസ്റ്റ് സെന്റര്‍123, കശുവണ്ടി തൊഴിലാളികള്‍558, ഐ.ടി.ഐ944 എന്നിങ്ങനെ 2263 പേര്‍ക്കാണ് സ്രവ പരിശോധന നടത്തിയത്. ഫലം വന്നതില്‍ 25 പേര്‍ മാത്രമാണ് പോസിറ്റീവ്.

രോഗവ്യാപനം തീവ്രമായ സാഹചര്യം കണക്കിലെടുത്തു ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കണം. സാമൂഹിക അകലം പാലിക്കുകയും ചെയ്യണം. ശരിയായ രീതിയില്‍ തന്നെ മാസ്‌ക് ധരിക്കണം. ഒരു മാസ്‌ക് ആറ് മണിക്കൂറിലധികം ഉപയോഗിക്കുവാന്‍ പാടില്ല. കൈകള്‍ സാനിറ്റൈസര്‍/സോപ്പും വെള്ളവുമുപയോഗിച്ചു നിശ്ചിത ഇടവേളകളില്‍ വൃത്തിയാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.