ജില്ലയില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ പരിശോധന നടന്നുവരുന്നു

post

കഴിഞ്ഞ ദിവസം കണ്ടെത്തിയത് 282 കേസുകള്‍

പാലക്കാട് : ജില്ലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നത് ഉറപ്പാക്കുന്നതിനായി സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ പരിശോധന നടന്നുവരുന്നു. കഴിഞ്ഞദിവസം (ഏപ്രില്‍ 18) നടത്തിയ പരിശോധനയില്‍ 282 പ്രോട്ടോകോള്‍ ലംഘനങ്ങളാണ് കണ്ടെത്തിയത്. സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ അവര്‍ക്ക് ചുമതലപ്പെടുത്തിയിട്ടുള്ള  പഞ്ചായത്ത്/ നഗരസഭകളിലാണ് പരിശോധന നടത്തി വരുന്നത്. 100 പേരെയാണ് ജില്ലയില്‍ നിയമിച്ചിട്ടുള്ളത്.

ശാരീരിക അകലം, മാസ്‌ക് ധരിക്കല്‍, സാനിറ്റൈസിംഗ് എന്നിവയുടെ ലംഘനം, ആളുകള്‍ കൂടി നില്‍ക്കുക തുടങ്ങിയവ പരിശോധിച്ച് സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ നോട്ടീസ് നല്‍കി വരുന്നുണ്ട്. കടകള്‍, മാളുകള്‍, സിനിമ തീയറ്ററുകള്‍, ആരാധനാലയങ്ങളും വിവാഹം ഉള്‍പ്പെടെയുള്ള പരിപാടികളും നിരീക്ഷിച്ചുവരുന്നുണ്ട്.  ഇത്തരം സ്ഥലങ്ങളില്‍ 24 മണിക്കൂറും സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ പരിശോധന നടത്തുന്നുണ്ട്..

ബസുകളില്‍ പരിശോധന തുടരും

കോവിഡ് രോഗപ്രതിരോധത്തിന്റെ ഭാഗമായി ബസ്സുകളില്‍ യാത്രക്കാരെ നിര്‍ത്തിയുള്ള യാത്ര ഒഴിവാക്കുന്നതിനായി മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്ന പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ. വി.എ. സഹദേവന്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി എല്ലാ ദിവസവും ജില്ലയിലെ പ്രധാന ബസ് സ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ച് മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധനയും ബസ് ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും ബോധവത്ക്കരണവും നല്‍കുന്നുണ്ടെന്നും ആര്‍.ടി.ഒ. അറിയിച്ചു.