അന്തര്‍ സംസ്ഥാന യാത്രികര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം ; ജില്ലാ കലക്ടര്‍

post

കൊല്ലം : അന്തര്‍ സംസ്ഥാന യാത്രികര്‍ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു.

സംസ്ഥാനത്ത് എത്തുന്ന യാത്രികര്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. സംസ്ഥാനത്ത് പ്രവേശിക്കുന്നതിന് തൊട്ടുമുന്‍പുള്ള 48 മണിക്കൂറിനുള്ളില്‍ ലഭിച്ച ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് പരിശോധനാ ഫലം യാത്രവേളയില്‍ നിര്‍ബന്ധമാണ്. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍, കൈകള്‍ ശുദ്ധമാക്കല്‍ അടക്കമുള്ള കോവിഡ് മാനദണ്ഡങ്ങള്‍ യാത്രയിലുടനീളവും തുടര്‍ന്നും പാലിക്കണം.

ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് പരിശോധനാ ഫലം ഇല്ലാത്തവര്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്ക് വിധേയനായി റിസള്‍ട്ട് ലഭിക്കുന്നതുവരെ മുറിയ്ക്കുള്ളില്‍ കര്‍ശന നിരീക്ഷണത്തില്‍ തുടരണം. റിസള്‍ട്ട് പോസിറ്റീവായാല്‍ അടിയന്തര വൈദ്യസഹായം തേടണം. ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്താന്‍ കഴിയാത്ത സാഹചര്യമാണെങ്കില്‍ 14 ദിവസം തുടര്‍ച്ചയായി നിരീക്ഷണത്തില്‍ ഇരിക്കണം. സംസ്ഥാനത്ത് താമസിക്കുന്ന കാലയളവില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുകയാണെങ്കിലും അടിയന്തിര വൈദ്യസഹായം തേടണം.