കോവിഡ് പ്രതിരോധം: ജില്ലയില്‍ ആയുര്‍വേദ ചികിത്സാ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയത് രണ്ട് ലക്ഷത്തോളം പേര്‍

post

മലപ്പുറം: ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങള്‍ വഴി കോവിഡ് പ്രതിരോധ പദ്ധതികളുടെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തിയത് രണ്ട് ലക്ഷത്തോളം ആളുകളെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഐ.എസ്.എം) ഡോ. ആര്‍. ഉഷ അറിയിച്ചു. കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഭാരതീയ ചികിത്സാ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ജില്ലയിലെ ഗവ. ആയുര്‍വ്വേദ സ്ഥാപനങ്ങളില്‍ കോവിഡ് പ്രതിരോധത്തിനും ചികിത്സക്കുമായി പ്രവര്‍ത്തിക്കുന്ന ആയുര്‍ രക്ഷാ ക്ലിനിക്കുകളിലെ സേവനങ്ങള്‍ പൊതുജനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

സ്വാസ്ഥ്യം, സുഖായുഷ്യം, അമൃതം, ഭേഷജം എന്നീ നാല് പദ്ധതികളിലൂടെയാണ് പകര്‍ച്ചവ്യാധിക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്. പ്രതിരോധത്തില്‍ ഊന്നിയുള്ള പദ്ധതികളാണ് സ്വാസ്ഥ്യവും സുഖായുഷ്യവും. ഇവയിലൂടെ പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്ന ഔഷധങ്ങളോടൊപ്പം ജീവിതശൈലി ക്രമീകരണം, നല്ല ആഹാരം, യോഗ, പ്രകൃതി ചികിത്സ തുടങ്ങിയവ സംബന്ധിച്ച നിര്‍ദേശങ്ങളും നല്‍കുന്നു. കോവിഡ് രോഗിയുമായി സമ്പര്‍ക്കമുണ്ടായി നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ഔഷധങ്ങള്‍ നല്‍കുന്ന പ്രത്യേക പദ്ധതിയാണ് അമൃതം.

കോവിഡ് പോസിറ്റീവ് ആയവര്‍ക്കുള്ള ചികിത്സാ പദ്ധതിയാണ് ഭേഷജം. മറ്റു ചികിത്സകള്‍ക്ക് വിധേയരായിരിക്കുന്നവര്‍ക്ക് കൂടി കഴിക്കാവുന്നതാണ് ഭേഷജം മരുന്നുകള്‍. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ അല്ലാത്ത രോഗികള്‍ക്ക് ഔഷധങ്ങള്‍, മറ്റ് ചികിത്സാ നിര്‍ദ്ദേശങ്ങള്‍ തുടങ്ങിയവയും വകുപ്പ് നല്‍കുന്നുണ്ട്.

കോവിഡ് ബാധിച്ച് നെഗറ്റീവ് ആയ ശേഷം ഉണ്ടാകുന്ന ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ക്ക് പുനര്‍ജനി പദ്ധതിയില്‍ ഔഷധം, യോഗ, ലഘു വ്യായാമമുറകള്‍ എന്നിവയിലൂടെയുള്ള പരിഹാരവും ലഭ്യമാക്കുന്നുണ്ട്. കൂടാതെ 60 വയസ്സിന് താഴെയുള്ളവര്‍ക്ക് അത്യാവശ്യമുള്ള പ്രതിരോധ ഔഷധങ്ങളും വ്യായാമമുറകളും നിര്‍ദ്ദേശിക്കുന്ന സൗഖ്യം പദ്ധതിയും 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് പ്രതിരോധ ചികിത്സയുമായി സുഖായുഷ്യം പദ്ധതിയും കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ആയുര്‍രക്ഷാ ക്ലിനിക്കുകള്‍ വഴി നടത്തിവരുന്നുണ്ട്. ആരോഗ്യ ജാഗ്രത പാലിക്കുന്നതോടൊപ്പം പുതിയ രോഗാണു വ്യാപന ഘട്ടത്തെ നേരിടാന്‍ പ്രകൃതിയോടിണങ്ങി ജീവിക്കണമെന്നും രോഗ പ്രതിരോധത്തിനായി ആയുര്‍വ്വേദത്തിലെ പ്രതിരോധ മരുന്നുകള്‍ നിരന്തരം ഉപയോഗിക്കാവുന്നതാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.