കോവിഡ് പ്രതിരോധം; പോസിറ്റീവ് ആയവര്‍ക്കെല്ലാം ചികിത്സ ഉറപ്പാക്കും

post

കൊല്ലം: ജില്ലയില്‍ നടക്കുന്ന മെഗാ കോവിഡ് പരിശോധനാ ക്യാമ്പയിന്റെ ഭാഗമായി പോസിറ്റീവായ മുഴുവന്‍ പേരെയും കണ്ടെത്തി ചികിത്സ ഉറപ്പാക്കുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ സ്ഥിതിഗതി വിലയിരുത്താന്‍ ചേര്‍ന്ന ഗൂഗിള്‍ യോഗത്തില്‍ അറിയിച്ചു. രോഗനിയന്ത്രണത്തിന് ഉദ്യോഗസ്ഥ തലത്തില്‍ ആസൂത്രണവും ഏകോപനവും സുശക്തമാക്കി. താലൂക്കുതല  കോവിഡ് മാനദണ്ഡപാലന പരിശോധനകളുടെ വ്യാപ്തി വിപുലീകരിച്ചു. വാക്‌സിനേഷനും സ്രവ പരിശോധനയും കാര്യക്ഷമമായി തുടരുകയാണ്. തദ്ദേശഭരണ സ്ഥാപനതലത്തില്‍ നടക്കുന്ന ബൂത്ത്-വാര്‍ഡ്തല കമ്മറ്റികളുടെയും റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റെയും പ്രവര്‍ത്തനങ്ങള്‍ രോഗവ്യാപനം കുറയ്ക്കുന്നതില്‍ നിര്‍ണ്ണായകമാണെന്നും വിലയിരുത്തി.

ബോധവത്കരണ പരിപാടികള്‍ ഊര്‍ജിതമാക്കി ജാഗ്രത വര്‍ധിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനതലങ്ങളില്‍ നടത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ അറിയിച്ചു.

ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ സിറ്റി പോലിസ് മേധാവി ടി. നാരായണന്‍ ഉള്‍പ്പടെയുള്ള പ്രത്യേക  സംഘം ഇന്ന്(ഏപ്രില്‍ 17) ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പരിശോധനകള്‍ നടത്തുമെന്ന് യോഗത്തില്‍ വ്യക്തമാക്കി. കോവിഡ് മാനദണ്ഡപാലനം സംബന്ധിച്ച് പോലീസിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സിറ്റി പൊലീസ് കമ്മീഷണര്‍ യോഗത്തില്‍ അവതരിപ്പിച്ചു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷ•ാരെയും സെക്രട്ടറിമാരെയും ഉള്‍പ്പെടുത്തിയുള്ള ഓണ്‍ലൈന്‍ യോഗം ഇന്ന്(ഏപ്രില്‍ 17) ഉച്ചയ്ക്ക് 12.30 ന് നടത്താനും തീരുമാനിച്ചു.