കോവിഡ് രണ്ടാം വ്യാപനം നേരിടാന്‍ പ്രതിരോധ നടപടികള്‍

post

കൊല്ലം : കോവിഡ് രണ്ടാം വ്യാപന സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ പ്രതിരോധ നടപടികള്‍ കൂടുതല്‍ ശക്തമാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. ശ്രീലത അറിയിച്ചു.

ജില്ലയിലെ വിവിധ ആശുപത്രികളില്‍ 226 അധിക ബെഡ്ഡുകളും   60 ഐ.സി.യു ബെഡ്ഡുകളും സജ്ജമാക്കി. ശാസ്താംകോട്ട, കുണ്ടറ, നീണ്ടകര, കടയ്ക്കല്‍ താലൂക്ക് ആശുപത്രികളില്‍ അടിയന്തര സംവിധാനമുള്ള കോവിഡ് കോര്‍ണറുകള്‍ സജ്ജീകരിക്കും. പാരിപ്പള്ളി മെഡിക്കല്‍ കോളേജ്, ജില്ലാ ആശുപത്രി എന്നിവ     അത്യാവശ്യഘട്ടത്തില്‍ പൂര്‍ണമായും കോവിഡ് ആശുപത്രിയാക്കും. രണ്ടു കോവിഡ്  സെക്കന്‍ഡറി കെയര്‍ സെന്ററുകളും രണ്ട് കോവിഡ് ഫസ്റ്റ് ലെവല്‍ കെയര്‍ സെന്ററുകളും പുതുതായി ആരംഭിക്കും.

കോവിഡ് ബാധിതരായ ഗര്‍ഭിണികളില്‍ 37 ആഴ്ചകള്‍ക്കുള്ളില്‍ ഉള്ളവരുടെ പ്രസവം, പ്രമേഹമുള്ള  ഗര്‍ഭിണികളുടെ പരിചരണം എന്നിവ വിക്ടോറിയ ആശുപത്രിയിലും മറ്റുള്ളവരുടേത് പാരിപ്പള്ളി മെഡിക്കല്‍ കോളേജിലും നടത്തും. ഗൃഹനിരീക്ഷണത്തില്‍  കഴിയുന്ന രോഗികള്‍  പള്‍സ് ഓക്സിമീറ്റര്‍ ഉപയോഗിച്ച് ദിവസവും രക്തത്തിലെ ഓക്സിജന്റെ അളവ്, നാഡി മിടിപ്പ് എന്നിവ നിരീക്ഷിക്കണം. ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടാല്‍ അടിയന്തര ചികിത്സ തേടണം.

വിദേശരാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരുടെ കൈവശം 72 മണിക്കൂറിനുള്ളില്‍ ലഭിച്ച ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് ഫലം ഉണ്ടെങ്കിലും ജില്ലയിലെത്തിയ ഉടന്‍  ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തണം. രോഗബാധയില്ലെങ്കിലും ഏഴുദിവസത്തെ ക്വാറന്റയിന്‍ പൂര്‍ത്തിയാക്കിയ ശേഷം വീണ്ടും പരിശോധിക്കണം. ഒരു സ്ഥാപനത്തില്‍ നിന്നും ലഭിക്കുന്ന കോവിഡ് പരിശോധനാഫലം പോസിറ്റീവായ ശേഷം  ഉടന്‍ മറ്റൊരു ലാബില്‍ പരിശോധിച്ച് നെഗറ്റീവ് റിപ്പോര്‍ട്ട് കിട്ടിയാലും ആദ്യഫലം അനുസരിച്ചുള്ള  നിബന്ധനകള്‍ കര്‍ശനമായി പാലിക്കണമെന്നും ഡി.എം.ഒ നിര്‍ദ്ദേശിച്ചു.

ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ ജില്ലയിലെ ഹാര്‍ബറുകളില്‍ കോവിഡ് പരിശോധന ശക്തമാക്കി. അഴീക്കല്‍ ഹാര്‍ബറിലെ പരിശോധന ഏപ്രില്‍ 18 ന് പൂര്‍ത്തിയാകും. കൊല്ലം, നീണ്ടകര എന്നിവിടങ്ങളിലും പരിശോധനകള്‍ സംഘടിപ്പിക്കും. തൊഴില്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍  അതിഥി തൊഴിലാളികളുടെ ഇടയില്‍ പരിശോധന പുരോഗമിക്കുന്നു. കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പരിശോധന കൊല്ലം ഡിപ്പോയില്‍ പൂര്‍ത്തിയായി. മറ്റിടങ്ങളില്‍ പുരോഗമിച്ചു വരുന്നു. ഏപ്രില്‍ 16 ന് ശക്തികുളങ്ങര, നീണ്ടകര എന്നിവിടങ്ങളിലും 17 ന് തങ്കശ്ശേരിയിലും ഇന്നും(ഏപ്രില്‍ 14) നാളെയും(ഏപ്രില്‍ 15) ഓട്ടോ-ടാക്സി ഡ്രൈവര്‍മാര്‍ക്കും കോവിഡ് പരിശോധന നടത്തും.

ജില്ലയില്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെട്ട ആശുപത്രികളുടെ സംയുക്ത ആലോചനായോഗം  ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ അധ്യക്ഷതയില്‍  നടത്തുകയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്തു.  

എല്ലാ തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലും  ഹെല്‍ത്തി കേരള പരിപാടിയുടെ ഭാഗമായി സംയുക്ത പരിശോധന നടത്തി. കോവിഡ് പ്രോട്ടോകോള്‍ ഉറപ്പുവരുത്തുന്നതിന്  ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, പോലീസ്, സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍, എന്നിവരുടെ സംയുക്ത പരിശോധനയാണ് നടന്നത്.

നിലവില്‍ ജില്ലയിലെ ഇട്ടിവ, കരവാളൂര്‍, കൊറ്റങ്കര, കുലശേഖരപുരം, ഓച്ചിറ, പത്തനാപുരം, പിറവന്തൂര്‍, തെ•ല, തൃക്കരുവ, എരൂര്‍ തുടങ്ങിയ ഗ്രാമപഞ്ചായത്തുകളില്‍ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ന് മുകളിലാണെന്നും ഡി.എം.ഒ അറിയിച്ചു.

ആശുപത്രികളില്‍ സജ്ജമാക്കിയിട്ടുള്ള കിടക്കകളുടെ വിവരം:

പാരിപ്പള്ളി മെഡിക്കല്‍ കോളേജ്-100,  ജില്ലാ ആശുപത്രി-50 ഗവണ്‍മെന്റ് വിക്ടോറിയ ആശുപത്രി-10,  പുനലൂര്‍, കരുനാഗപ്പള്ളി, കൊട്ടാരക്കര, നെടുങ്ങോലം താലൂക്ക് ആശുപത്രികളിലായി യഥാക്രമം 20, 25, എട്ട്, എട്ട്, 25  എന്നിങ്ങനെയാണ് ബെഡുകളുടെ എണ്ണം. ഐ.സി.യു ബെഡുകള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജ്-40, ജില്ലാ ആശുപത്രി-16, കൊട്ടാരക്കര കരുനാഗപ്പള്ളി താലൂക്ക് ആശുപത്രികളില്‍ രണ്ട് വീതവുമാണ്.  കൂടാതെ കോവിഡ് ബാധിതരാകുന്ന ഡയാലിസിസ് രോഗികള്‍ക്കു മാത്രമായി ജില്ലാ ആശുപത്രിയില്‍ ആറു ബെഡ്ഡുകള്‍ കൂടി ഉണ്ട്.