കൊവിഡ് വ്യാപന സാധ്യത: ആശുപത്രികള്‍ ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണം; ഡിഡിഎംഎ

post

സിഎഫ്എല്‍ടിസികള്‍ സജ്ജമാക്കണം

കണ്ണൂര്‍: ജില്ലയില്‍ ഉള്‍പ്പെടെ കൊവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ വൈറസ് വ്യാപനത്തിന്റെ തുടക്കത്തിലുണ്ടായിരുന്ന ജാഗ്രത തിരിച്ചുപിടിക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം ആഹ്വാനം ചെയ്തു. കൊവിഡ് രോഗികളുടെ എണ്ണം കൂടാനുള്ള സാഹചര്യം കണക്കിലെടുത്ത് ജില്ലയിലെ മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ കൊവിഡ് ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണം. രോഗികളെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കേണ്ട സാഹചര്യം പരമാവധി വരാതെ നോക്കണം. ഇതിനാവശ്യമായ ഓക്സിജന്‍, മരുന്നുകള്‍, സുരക്ഷാ സാമഗ്രികള്‍ തുടങ്ങിയവയുടെ ലഭ്യത ഉറപ്പുവരുത്തണം. അവശ്യഘട്ടത്തില്‍ ഉപയോഗിക്കുന്നതിനായി ഓരോ പഞ്ചായത്തിലും സിഎഫ്എല്‍ടിസികള്‍ സജ്ജമാക്കി വയ്ക്കണമെന്നും മന്ത്രി പറഞ്ഞു.

കൊവിഡ് വ്യാപനം തടയുന്നതില്‍ മാസ്‌ക് ധാരണം, സാനിറ്റൈസര്‍ ഉപയോഗം, സാമൂഹ്യ അകലം പാലിക്കല്‍ എന്നിവയ്ക്കുള്ള പ്രധാന്യം കുറച്ചുകാണാന്‍ പാടില്ല. ജില്ലയിലെ ഓഫീസുകള്‍, വ്യപാര സ്ഥാപനങ്ങള്‍, ആരാധാനാലയങ്ങള്‍ തുടങ്ങി എല്ലായിടങ്ങളിലും ഇവ കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പുവരുത്തണം. ഇക്കാര്യത്തില്‍ പൊലിസ് പരിശോധനകള്‍ കര്‍ശനമാക്കണം. കൊവിഡ് പെരുമാറ്റച്ചട്ടം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനും ലംഘിക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതിനും തദ്ദേശ സ്ഥാപന തലത്തില്‍ സെക്ടര്‍ മജിസ്ട്രേറ്റുമാരെ നിയമിക്കാനും ഡിഡിഎംഎ യോഗം തീരുമാനിച്ചു.

വാര്‍ഡ്തല ജാഗ്രതാ സമിതികള്‍ ശക്തിപ്പെടുത്താനും കൊവിഡ് രോഗികളുടെ ഹോം ഐസൊലേഷനും സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരുടെ ക്വാറന്റൈനും കൃത്യമായി നടപ്പിലാവുന്നുവെന്ന് ഉറപ്പുവരുത്താനും യോഗം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വ്യാപാര സ്ഥാപനങ്ങള്‍ പരമാവധി ഹോം ഡെലിവറി സംവിധാനം പ്രോത്സാഹിപ്പിക്കണം. ഷോപ്പിംഗ് വേളയില്‍ കുട്ടികളെ കൂടെ കൊണ്ടുപോവാതിരിക്കാനും അടിയന്തര സാഹചര്യങ്ങളിലല്ലാതെ പ്രായമായവര്‍ വീടിനു പുറത്ത് ഇറങ്ങാതിരിക്കാനും ശ്രദ്ധിക്കണം. ജില്ലയില്‍ കൊവിഡ് പരിശോധന കൂടുതല്‍ കാര്യക്ഷമമാക്കണം. മൊബൈല്‍ ടെസ്റ്റ് യൂനിറ്റുകളുടെ സേവനം കൂടുതല്‍ വ്യാപിപ്പിക്കണം. വിദേശ യാത്ര ചെയ്യുന്നവര്‍ക്ക് സമയബന്ധിതമായി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ ജാഗ്രത പാലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലയില്‍ വാക്സിനേഷന്‍ ക്യാംപയിന്‍ ശക്തിപ്പെടുത്തണം. 45 വയസ്സ് കഴിഞ്ഞ മുഴുവന്‍ ആളുകള്‍ക്കും വാക്സിന്‍ ലഭ്യമാക്കുന്നതിന് തദ്ദേശ സ്ഥാപന തലത്തില്‍ നടപടികള്‍ കൈക്കൊള്ളണമെന്നും യോഗം നിര്‍ദ്ദേശിച്ചു.  ബീച്ചുകള്‍ ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, ഉല്‍സവ സ്ഥലങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ആളുകളുടെ എണ്ണം നിയന്ത്രിക്കാന്‍ ബന്ധപ്പെട്ടവര്‍ ജാഗ്രത പാലിക്കണമെന്ന് ഡിഡിഎംഎ ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. വ്യാപാര സ്ഥാപനങ്ങളിലെത്തുന്നവര്‍ക്ക് സാനിറ്റൈസര്‍ നല്‍കാന്‍ പ്രത്യേകം ജീവനക്കാരനെ നിയോഗിക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, സബ് കലക്ടര്‍ അനുകുമാരി, ഡിഡിസി സ്നേഹില്‍ കുമാര്‍ സിംഗ്, എസ്പിമാരായ ആര്‍ ഇളങ്കോ (സിറ്റി), നവനീത് ശര്‍മ (റൂറല്‍), എഡിഎം ഇ പി മേഴ്സി, ഡിഎംഒ ഡോ. കെ നാരായണ നായിക്, ഡെപ്യൂട്ടി ഡിഎംഒ ഡോ. എം പ്രീത തുടങ്ങിയവര്‍ പങ്കെടുത്തു.