കോവിഡ് 19 : കരുതലോടെ നിയന്ത്രണം ഒരുക്കി ആരോഗ്യ വകുപ്പ്

post

കൊല്ലം : കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്ന പശ്ചാത്തലത്തില്‍ മുന്‍കരുതലും പ്രതിരോധം ശക്തിപ്പെടുത്തലുമായി ആരോഗ്യ വകുപ്പ്. തിരഞ്ഞെടുപ്പില്‍ പങ്കാളികളായവരെ പ്രത്യേക കോവിഡ്  ടെസ്റ്റിന് വിധേയമാക്കുകയാണ് ഇപ്പോള്‍. എല്ലാ പ്രാഥമിക/കുടുംബാരോഗ്യ കേന്ദ്രങ്ങളിലും നിശ്ചിത ദിവസങ്ങളിലും കൊല്ലം വിക്‌ടോറിയ ആശുപത്രിയിലും കൊട്ടാരക്കര, പുനലൂര്‍, ശാസ്താംകോട്ട, കരുനാഗപ്പളളി, നെടുങ്ങോലം, നീണ്ടകര, കടയ്ക്കല്‍, കുണ്ടറ താലൂക്കാശുപത്രികളിലും കൊല്ലം ടി.എം. വര്‍ഗീസ് ഹാളിലും എല്ലാ ദിവസവും രോഗനിര്‍ണയ ടെസ്റ്റിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.

മൊബൈല്‍ ആര്‍.ടി.പി.സി.ആര്‍ ലാബ് എല്ലാ ദിവസവും ആറു ടീമായി വിവിധ സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളുടെ പരിധിയില്‍ എത്തി ടെസ്റ്റുകള്‍ നടത്തുന്നുമുണ്ട്.

ഇന്ന്(ഏപ്രില്‍ 12) പാലത്തറ, ഓച്ചിറ, കുണ്ടറ, നിലമേല്‍, കുളത്തൂപ്പുഴ, തൃക്കടവൂര്‍ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും

നാളെ(ഏപ്രില്‍ 13) നെടുമണ്‍കാവ്, വെളിനല്ലൂര്‍, കുളക്കട, പത്തനാപുരം, കലയ്‌ക്കോട്,

മൈനാഗപ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും പരിശോധന സൗകര്യം ഏര്‍പ്പെടുത്തി.

കോവിഡ് രണ്ടാം വരവില്‍ 4159 വയസ്  പ്രായമുള്ളവരിലാണ് രോഗത്തിന്റെ തീവ്രത കൂടുതലായി കാണപ്പെടുന്നത്. വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കപ്പെടുന്നരില്‍ 30 വയസു മുതല്‍ പ്രായമുള്ള യുവാക്കളുടെ എണ്ണവും കൂടുന്നുണ്ട്. ഇവരില്‍ രോഗലക്ഷണങ്ങള്‍ പ്രകടമല്ലാത്തതും ചെറിയ ജലദോഷമോ പനിയോ വന്നാല്‍ ചികിത്സ തേടുന്നതിനുള്ള വൈമുഖ്യവും രോഗികളുമായുള്ള സമ്പര്‍ക്കവും, സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ നിരീക്ഷണത്തില്‍ കഴിയാത്തതുമെല്ലാം രോഗവ്യാപനത്തിന് കാരണമാകുന്നു. യുവാക്കളില്‍ ഭൂരിപക്ഷത്തിനും രോഗലക്ഷണങ്ങള്‍ അതിതീവ്ര ശ്വാസകോശ രോഗങ്ങളായിട്ടാണ് കാണപ്പെടുന്നത്.

മരണപ്പെട്ടവരില്‍ 97 ശതമാനം പേരും മറ്റു രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്ന കോവിഡ് ബാധിതരാണ്. ഇതില്‍തന്നെ ഉയര്‍ന്ന മരണ നിരക്ക്  ഒന്നിലധികം രോഗങ്ങള്‍ (രക്താതിമര്‍ദ്ദം, പ്രമേഹം, വൃക്കരോഗം ഹൃദ്രോഗം, കരള്‍ സംബന്ധമായ രോഗങ്ങള്‍, കാന്‍സര്‍ തുടങ്ങിയ മാരക രോഗങ്ങള്‍) ഉള്ളവരിലായിരുന്നു.

കോവിഡ് ബാധിതര്‍ അതീവ ജാഗ്രത പുലര്‍ത്തണം. രോഗലക്ഷണങ്ങള്‍ കണ്ടാലോ രോഗിയുമായി സമ്പര്‍ക്കം ഉണ്ടായാലോ ഉടന്‍ തന്നെ ടെസ്റ്റിന് വിധേയമാകണം. വിദഗ്ധ ചികിത്സ തേടുകയും നിരീക്ഷണത്തില്‍ പ്രവേശിക്കുകയും വേണം. സാമൂഹ്യ അകലം പാലിക്കല്‍, ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കല്‍, സാനിറ്റൈസര്‍/സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടെ വൃത്തിയാക്കല്‍ തുടങ്ങിയ അടിസ്ഥാനപാഠങ്ങളിലേയ്ക്ക് വീണ്ടും തിരിച്ചു പോകണമെന്നും യഥാസമയം വാക്‌സിന്‍ എടുക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. ശ്രീലത അറിയിച്ചു. ഓരോരുത്തരും സ്വയം ടെസ്റ്റ് ചെയ്യുകയും നെഗറ്റീവ് ആണെന്ന് ഉറപ്പാക്കുകയും വേണം. മുന്‍കരുതലായി കൂട്ടംകൂടാന്‍ സാധ്യതയുള്ള എല്ലാ വിഭാഗങ്ങളിലും പരിശോധനകള്‍ കര്‍ശനമാക്കുകയാണ്. തൊഴില്‍ വകുപ്പുമായി ചേര്‍ന്ന് മൈഗ്രന്റ് സ്‌ക്രീനിങ് ശക്തമാക്കും. ഹാര്‍ബര്‍ സര്‍വൈലന്‍സ് കര്‍ശനമാക്കി. അഴീക്കല്‍, നീണ്ടകര, കൊല്ലം തുറമുഖങ്ങളില്‍  പ്രവര്‍ത്തിക്കുന്നവരുടെ ആര്‍.ടി.പി.സി.ആര്‍ പരിശോധന ഈയാഴ്ച തന്നെ  നടത്തുമെന്നും ഡി.എം.ഒ വ്യക്തമാക്കി.