ജില്ലയില്‍ 700 കടന്ന് കോവിഡ് രോഗികള്‍

post

ഇന്ന് രോഗം സ്ഥിരീകരിച്ചത് 728 പേര്‍ക്ക്

ഇന്ന് രോഗമുക്തരായത് 265 പേര്‍

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 695 പേര്‍ക്ക്

ഉറവിടമറിയാതെ 10 പേര്‍ക്ക്

രോഗബാധിതരായി ചികിത്സയില്‍ 2,682 പേര്‍

ആകെ നിരീക്ഷണത്തിലുള്ളത് 19,667 പേര്‍

മലപ്പുറം: ജില്ലയില്‍ കോവിഡ് 19 രോഗബാധിതരുടെ എണ്ണം ഇന്ന് (ഏപ്രില്‍ 11) 700 കടന്നു. ഇന്ന് 728 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 695 പേര്‍ക്കും ഉറവിടമറിയാതെ 10 പേര്‍ക്കുമാണ് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത്. മുന്‍ ദിനങ്ങളെ അപേക്ഷിച്ച് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലെത്തുന്നവരിലും രോഗബാധ കൂടിയിട്ടുണ്ട്. ഇന്ന് മാത്രം ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 19 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. കൂടാതെ വിദേശത്ത് നിന്നെത്തിയ നാല് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

19,667 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 2,682 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തില്‍ കഴിയുകയാണ്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 151 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 88 പേരും 82 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലുള്‍പ്പടെ നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെയായി 618 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്. അതേസമയം ജില്ലയില്‍ ഇന്ന് 265 പേര്‍ കൂടി രോഗമുക്തരായതോടെ ജില്ലയില്‍ രോഗ മുക്തരായവരുടെ എണ്ണം 1,23,623 ആയി.

രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ കൃത്യമായ ആരോഗ്യ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചു. കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നവരും ആരോഗ്യ ജാഗ്രത ഉറപ്പാക്കേണ്ടതാണ്. വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവരും പൊതു സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവരും കോവിഡ് ബാധ തടയുന്നതിനായി മാസ്‌ക് ധരിക്കുന്നതുള്‍പ്പടെ മുന്‍കരുതലുകള്‍ സ്വീകരിക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട്  ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.