ഹാജരാവാത്ത വോട്ടര്‍മാര്‍ക്കുള്ള വിഭാഗത്തില്‍ വോട്ടു രേഖപ്പെടുത്തിയത് 5205 പേര്‍

post

കോഴിക്കോട് : ഹാജരാവാത്ത വോട്ടര്‍മാര്‍ എന്ന വിഭാഗത്തില്‍ ശനിയാഴ്ച വൈകിട്ട് വരെ വോട്ടു രേഖപ്പെടുത്തിയത് 5205 പേര്‍. വീടുകളില്‍ കഴിയുന്ന ഭിന്നശേഷിക്കാര്‍, 80 വയസ്സ് കഴിഞ്ഞവര്‍ എന്നിവര്‍ക്ക് പുറമെ കോവിഡ് രോഗികള്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവരുമാണ് ഇത്തരത്തില്‍ വോട്ട് രേഖപ്പെടുത്തുന്നത്. വെള്ളിയാഴ്ചയാണ് ഈ വിഭാഗത്തിലുള്ളവര്‍ക്കായുള്ള വോട്ടിങ് ആരംഭിച്ചത്. ജില്ലയില്‍ 34,855 പേരാണ് ഇത്തരം വോട്ടിന് അര്‍ഹരായിട്ടുള്ളത്. ഏപ്രില്‍ അഞ്ചാം തിയതിയോടെ അര്‍ഹരായ മുഴുവന്‍ പേരുടേയും തപാല്‍ വോട്ടുകള്‍ രേഖപ്പെടുത്തുന്ന  വിധമാണ് നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നത്.

അര്‍ഹരായ വോട്ടര്‍മാരുടെ   വീടുകളില്‍  പോളിങ് കേന്ദ്രത്തോട് സമാനമായ സജ്ജീകരണങ്ങള്‍ ഒരുക്കി സ്വകാര്യത നഷ്ടമാകാത്ത രീതിയിലാണ് വോട്ട് രേഖപ്പെടുത്താന്‍ സൗകര്യം ഒരുക്കുന്നത്. വോട്ടര്‍മാരെയും സ്ഥാനാര്‍ത്ഥികളെയും മുന്‍കൂട്ടി അറിയിച്ച ശേഷമാണ് പോളിംഗ് ടീം വീടുകളിലെത്തുന്നത്. എസ്.എം.എസ്. മെസ്സേജിലൂടെയോ  ബി.എല്‍.ഒ.മാര്‍ വഴിയോ ആണ് വോട്ടര്‍മാര്‍ക്ക് വിവരം കൈമാറുന്നത്. ഒരു മണ്ഡലത്തില്‍ 30 ടീമുകള്‍ വീതമാണ്പ്രവര്‍ത്തിക്കുന്നത്. രണ്ട് പോളിങ് ഉദ്യോഗസ്ഥരും ഒരു നിരീക്ഷകനും ഒരു പോലീസുകാരനും ഒരു വീഡിയോ ഗ്രാഫറും ഉള്‍പ്പെടുന്നതാണ് ടീം.