സ്വതന്ത്രവും നിഷ്പക്ഷവും സുതാര്യവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കണം: പൊതുനിരീക്ഷകര്‍

post

കാസര്‍ഗോഡ് : സ്വതന്ത്രവും നിഷ്പക്ഷവും സുതാര്യവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കണമെന്ന് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പൊതുനിരീക്ഷകര്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കളക്ടറ്റേ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലയിലെ വരണാധികാരികളുടെയും നോഡല്‍ ഓഫീസര്‍മാരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു പൊതുനിരീക്ഷകര്‍. 

സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതില്‍ വോട്ടര്‍പട്ടികയുടെ പരിശുദ്ധി സുപ്രധാനമാണെന്ന് കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളുടെ പൊതുനിരീക്ഷകന്‍ എച്ച്. രാജേഷ് പ്രസാദ് പറഞ്ഞു. വോട്ടര്‍ പട്ടികയുടെ മാര്‍ക്ക് ചെയ്ത കോപ്പി രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് നല്‍കേണ്ടത് പ്രധാനമാണ്. ഇതേ കോപ്പി തന്നെയാണ് പോളിംഗ് സ്‌റ്റേഷനുകളിലേക്ക് പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്ക് നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 

മാതൃകാ പെരുമാറ്റച്ചട്ടം നടപ്പിലാക്കേണ്ടതിന്റെ പ്രാധാന്യം, മാധ്യമങ്ങളിലെ പെയ്ഡ് ന്യൂസ്, തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍ എന്നിവയുടെ നിരീക്ഷണം, തെരഞ്ഞെടുപ്പ് നിരീക്ഷകരുടെ ചുമതലകള്‍ എന്നിവ സംബന്ധിച്ച് മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലം പൊതുനിരീക്ഷകന്‍ രഞ്ജന്‍കുമാര്‍ ദാസ്, ഉദുമ മണ്ഡലം പൊതുനിരീക്ഷകന്‍ ദേബാശിഷ് ദാസ് എന്നിവര്‍ സംസാരിച്ചു. അതിര്‍ത്തികളില്‍ ഉള്‍പ്പെടെ നേരിട്ടെത്തി നിരീക്ഷണം നടത്തിവരുന്നതായി പോലീസ് നിരീക്ഷക വാഹ്‌നി സിംഗ് അറിയിച്ചു. 

മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലം ചെലവ് നിരീക്ഷകന്‍ സാന്‍ജോയ് പോള്‍, ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു, ജില്ലാ പോലീസ് മേധാവി പി.ബി. രാജീവ്, കാഞ്ഞങ്ങാട് വരണാധികാരി സബ്കളക്ടര്‍ ഡി.ആര്‍. മേഘശ്രീ, മഞ്ചേശ്വരം വരണാധികാരി ഷാജി എം.കെ, കാസര്‍കോട് വരണാധികാരി ഷാജു പി, ഉദുമ വരണാധികാരി ജയ ജോസ് രാജ് സി.എല്‍, തൃക്കരിപ്പൂര്‍ വരണാധികാരി സിറോഷ് പി. ജോണ്‍ എന്നിവരും സംസാരിച്ചു.