ആഘോഷമാക്കി ലൈഫ് മിഷന്‍ കുടുംബ സംഗമം

post

കൊച്ചി: നിറഞ്ഞ പുഞ്ചിരിയുള്ള മുഖവുമായാണ് പറവൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കളുടെ കുടുംബ സംഗമത്തില്‍ പങ്കെടുക്കാന്‍ എല്ലാവരും എത്തിയത്. ജീവിതത്തില്‍ വീടെന്ന സ്വപ്നം നേടിയെടുത്തവര്‍. ദു:ഖങ്ങളെല്ലാം മറന്ന് കുടുംബ സംഗമത്തിനെത്തിയപ്പോള്‍ അവരെ വരവേറ്റത് ഒരു കൂട്ടം നാടന്‍പാട്ട് കലാകാരന്‍മാര്‍. പാട്ടിനൊപ്പം ആടിയും കൂടെപ്പാടിയും ഗുണഭോക്താക്കളും അവരോടൊപ്പം ചേര്‍ന്നു. അങ്ങനെ ലൈഫ് മിഷന്റെ കുടുംബ സംഗമം ഒരു സ്‌നേഹ സംഗമമായി മാറി.

തുടര്‍ച്ചയായി രണ്ട് വര്‍ഷങ്ങളിലും ഉണ്ടായ പ്രളയം പറവൂര്‍ മേഖലയെ പിടിച്ചു കുലുക്കിയെങ്കിലും ജനപ്രതിനിധികളുടേയും നിര്‍വ്വഹണ ഉദ്യോഗസ്ഥരുടേയും നിശ്ചയദാര്‍ഢ്യത്തില്‍ പുഴയൊഴുകിയ സ്ഥലങ്ങളിലെല്ലാം പുത്തന്‍വീടുകള്‍ ഉയര്‍ന്നു. അതോടൊപ്പം കുറേ ജീവിതങ്ങളും. ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ 899 വീടുകളാണ് പൂര്‍ത്തിയാക്കിയത്.

കുടുംബ സംഗമവും അദാലത്തും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് പദ്ധതിയുടെ പൂര്‍ത്തീകരണ പ്രഖ്യാപനത്തിന്റെ ഭാഗമായി ചേന്ദമംഗലം പഞ്ചായത്തിലെ ഗുണഭോക്താവായ ശോഭ തിലകന്റെ വീടിന്റെ താക്കോല്‍ദാനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിര്‍വ്വഹിച്ചു. മികച്ച പ്രകടനങ്ങള്‍ കാഴ്ചവച്ച പഞ്ചായത്തുകളെയും വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരേയും ചടങ്ങില്‍ അനുമോദിച്ചു. ഹൗസിംഗ് ഓഫീസര്‍ എം. സുധീര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.