ചുഴലിക്കാറ്റ് അപകട രക്ഷയ്ക്ക് തഴവയില്‍ അഭയകേന്ദ്രം

post

3.4 കോടി രൂപയുടെ പദ്ധതി

കൊല്ലം: ചുഴലിക്കാറ്റില്‍ നിന്നും രക്ഷനേടാന്‍ തഴവ ഗ്രാമപഞ്ചായത്തില്‍  വിവിധോദ്ദേശ  അഭയ കേന്ദ്രം ഒരുങ്ങുന്നു. ലോകബാങ്ക് സഹായത്തോടെ നിര്‍മിക്കുന്ന കേന്ദ്രം സംസ്ഥാന  ദുരന്തനിവാരണ അതോറിറ്റിയുടെ കീഴിലുള്ള ദേശീയ ചുഴലിക്കാറ്റ് അപകടസാധ്യത ലഘൂകരണ പദ്ധതിയുടെ ഭാഗമാണ്. 3.4 കോടി രൂപ വിനിയോഗിച്ച് നിര്‍മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മാണ ചെലവിന്റെ   75 ശതമാനം ലോക ബാങ്കും ബാക്കി സംസ്ഥാന സര്‍ക്കാരുമാണ് വഹിക്കുന്നത്.

മൂന്നു നിലകളോടുകൂടിയ അഭയ കേന്ദ്രത്തില്‍ അടുക്കളയും ഭക്ഷണ മുറിയും  ഉള്‍പ്പെടെ ആയിരത്തോളം പേര്‍ക്ക് ഒരേസമയം താമസിക്കാനുള്ള സൗകര്യങ്ങളാണ് ഒരുങ്ങുന്നത്. കെട്ടിടത്തിന്റെ നിര്‍മാണരീതി  ചുഴലിക്കാറ്റിനെയും മറ്റ് പ്രകൃതിക്ഷോഭങ്ങളെയും അതിജീവിക്കാനുതകുന്ന  രീതിയിലാണ്. മറ്റ് അവസരങ്ങളില്‍ പൊതു പരിപാടികള്‍ നടത്തുന്നതിനും കെട്ടിടം ഉപയോഗിക്കാം. പ്രാദേശികതലത്തില്‍ പഞ്ചായത്ത്, മറ്റ് വകുപ്പുതല ഉദ്യോഗസ്ഥര്‍, പോലീസ്,  ഫയര്‍ഫോഴ്‌സ്, ഭിന്നശേഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട പരിപാലന കമ്മിറ്റിക്കാണ് ഇതിന്റെ നിയന്ത്രണ ചുമതല.

സ്ഥലം സന്ദര്‍ശിച്ച  ലോക ബാങ്ക് പ്രതിനിധികള്‍ ഉള്‍പ്പെട്ട വിദഗ്ധ സംഘം കെട്ടിടത്തിന്റെ നിര്‍മാണ പുരോഗതി വിലയിരുത്തി. ഡിസംബറോടെ കെട്ടിടത്തിന്റെ  പണി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് കണ്‍സ്ട്രക്ഷന്‍ മാനേജര്‍ ജെ. എസ്. സിബി അറിയിച്ചു.