ജില്ലാ ആശുപത്രിയുടെ സമഗ്ര വികസനത്തിന് 104 കോടി രൂപയുടെ പദ്ധതി

post

കൊല്ലം: ജില്ലാ ആശുപത്രിയുടെ സമഗ്ര വികസനത്തിനായി സര്‍ക്കാര്‍ കിഫ്ബി ഫണ്ടില്‍ നിന്നും 104 കോടി രൂപ അനുവദിച്ചു. പദ്ധതിയുടെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ അധ്യക്ഷയായി.

ആരോഗ്യമേഖലയില്‍ നൂതന മാറ്റങ്ങളാണ് സാധ്യമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രാജ്യമാകെ കേരളത്തിന്റെ ആരോഗ്യ രംഗത്തെ വളര്‍ച്ചയെ അംഗീകരിക്കുകയും പ്രശംസിക്കുകയും ചെയ്യുന്നു. കേരളത്തില്‍  44 ഡയാലിസിസ് യൂണിറ്റുകളും 10 കാത്ത് ലാബുകളും ഇതിനകം സ്ഥാപിച്ചു. 37 സര്‍ക്കാര്‍ ആശുപത്രികളുടെ നവീകരണം പുരോഗതിയിലാണ്. ആരോഗ്യ മേഖലയില്‍ തന്നെ 2979 കോടിയുടെ വിവിധ പദ്ധതികള്‍ പുരോഗമിക്കുന്നു.

പൊതുജനാരോഗ്യ കേന്ദ്രങ്ങളുടെ ശേഷി വര്‍ധിപ്പിച്ചു സാധാരണക്കാര്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ ആരോഗ്യരംഗത്തെ കൈപിടിച്ചുയര്‍ത്താന്‍ ആര്‍ദ്രം മിഷനിലൂടെ സാധ്യമായി. മുഖ്യമന്ത്രി പറഞ്ഞു.

ജില്ലാ ആശുപത്രിയില്‍ പുതിയ പദ്ധതികള്‍ വളരെ അത്യാവശ്യമുള്ള വയാണെന്നും നേരത്തെ തന്നെ തുടങ്ങിയെങ്കിലും നടപടിക്രമങ്ങളിലൂടെ താമസം നേരിട്ടതായും അധ്യക്ഷയായ ആരോഗ്യ വകുപ്പ് മന്ത്രി പറഞ്ഞു. ആശുപത്രിക്ക് വേണ്ടി കൂടുതല്‍ ശ്രദ്ധ ചെലുത്തിയ എം മുകേഷ് എം എല്‍ എയെ മന്ത്രി അഭിനന്ദിച്ചു.

ജില്ലാ ആശുപത്രിയുടെ നവീകരണത്തിലൂടെ ജില്ലയിലെ ആയിരക്കണക്കിന് സാധാരണക്കാരായ രോഗികള്‍ക്ക് മികച്ച നിലവാരമുള്ള ചികിത്സ ഉറപ്പു വരുത്താന്‍ കഴിയുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.  ജില്ലാ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ശിലാഫലകം അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുജനാരോഗ്യ ശാക്തീകരണമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എല്ലാം സാധ്യമാകുമെന്ന ബദല്‍ നയം ആണ് കേരളത്തില്‍ നടപ്പിലാക്കുന്നത്. മന്ത്രി കൂട്ടിച്ചേര്‍ത്തു. ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.