മഞ്ചേശ്വരം മൃഗാശുപത്രി പുതിയ കെട്ടിടം മന്ത്രി കെ രാജു ഉദ്ഘാടനം ചെയ്തു

post

കാസര്‍ഗോഡ് : മഞ്ചേശ്വരം മൃഗാശുപത്രിക്ക് പുതിയതായി പണികഴിപ്പിച്ച കെട്ടിടം വനം മൃഗ സംരക്ഷണ വകുപ്പ് മന്ത്രി അഡ്വ.കെ. രാജു ഉദ്ഘാടനം ചെയ്തു. 34 ലക്ഷം രൂപ ചെലവഴിച്ച് അത്യാധുനിക സൗകര്യങ്ങളോടെയാണ് ആശുപത്രി കെട്ടിടം നിര്‍മ്മിച്ചത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മൃഗാശുപത്രിയാക്കി മഞ്ചേശ്വരം മൃഗാശുപത്രിയെ ഉയര്‍ത്തുമെന്ന് മന്ത്രി പറഞ്ഞു. മഞ്ചേശ്വരം എം.എല്‍.എ എം.സി ഖമറുദ്ദീന്‍ അധ്യക്ഷനായി.. ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ ഡോ. പി. നാഗരാജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിവിധ ജന പ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പങ്കെടുത്ത ചടങ്ങില്‍ 37 വര്‍ഷത്തെ സര്‍വ്വീസിന് ശേഷം മൃഗ സംരക്ഷണ വകുപ്പില്‍ നിന്നും വിരമിച്ച പി. രമേശനെ ആദരിച്ചു. ജില്ലയില്‍ ഏറ്റവും മികച്ച രീതിയില്‍ മൃഗക്ഷേമ പ്രവര്‍ത്തനം നടത്തി വരുന്ന സന്തോഷ് കുമാറിനെ (അനിമല്‍ വെല്‍ഫെയര്‍ ട്രസ്റ്റ് കാസര്‍കോട്) പാരിതോഷികം നല്‍കി ആദരിച്ചു. മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലവീനാ മോന്തെരോ സ്വാഗതവും സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഡോ. ബാലചന്ദ്ര രാവ്.ബീ.വി നന്ദിയും പറഞ്ഞു.