കാടിന്റ മക്കളുടെ പൊരുളറിയാന്‍ വി.ഇ.ഒ.മാരുടെ ഗോത്രായനം

post

തിരുനെല്ലിയില്‍ കൊട്ടാരക്കര കില ഇറ്റിസി ഗോത്രായനം തുടങ്ങി

വയനാട്: മലമുകളിലെ കാടിന്റെ മക്കളുടെ സാമൂഹിക സാമ്പത്തികാവസ്ഥയും ജീവിതാനുഭവങ്ങളും നേരിട്ട് മനസിലാക്കുന്നതിനായി

കൊട്ടാരക്കര കില ഇറ്റിസി നേതൃത്വത്തില്‍ ഗോത്രായനം തുടങ്ങി.  പുതുതായി സര്‍വീസിലെത്തിയ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരുടെ (വി.ഇ.ഒ.)

പരിശീലനത്തിന്റെ ഭാഗമായ പട്ടിക ഗോത്രവര്‍ഗ സങ്കേത പഠന പരിശീലനമാണ്  കില ഇറ്റിസി ഗോത്രായനം. വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ച്  ചെറുസംഘമായാണ് ഗോത്രവര്‍ഗ സങ്കേതങ്ങളില്‍  സന്ദര്‍ശനം  നടത്തുന്നത്.

ഫീല്‍ഡ് തല ഉദ്യോഗസ്ഥരെന്ന നിലയില്‍ ഗോത്ര ജനവിഭാഗങ്ങള്‍ താമസിക്കുന്ന സങ്കേതങ്ങളുടെ  അടിസ്ഥാന സൗകര്യങ്ങളുടെ നിലവിലുള്ള അവസ്ഥയും സംഘം മനസിലാക്കുമെന്ന്  കില ഇറ്റിസി പ്രിന്‍സിപ്പലും  ഡെപ്യൂട്ടി  ഡവലപ്‌മെന്റ് കമ്മീഷണറുമായ ജി.കൃഷ്ണകുമാര്‍ പറഞ്ഞു. പദ്ധതികളെക്കുറിച്ചുള്ള അറിവിനൊപ്പം ഫീല്‍ഡ് തലത്തിലുള്ള യാഥാര്‍ത്ഥ്യം നേരിട്ടു മനസിലാക്കി പദ്ധതി നിര്‍വഹണം കൂടുതല്‍ കാര്യക്ഷമവും  മികവുറ്റതുമാക്കാന്‍  ഇത്തരം പരിശീലന പരിപാടികള്‍ക്ക് കഴിയുമെന്നും  കൃഷ്ണകുമാര്‍ പറഞ്ഞു.

തെരഞ്ഞെടുത്ത സങ്കേതങ്ങളിലെ  പൊതു  -അടിസ്ഥാന സൗകര്യങ്ങള്‍, തൊഴില്‍ ലഭ്യത, വരുമാനം, പൊതുജനാരോഗ്യ സംവിധാനങ്ങള്‍  തുടങ്ങി സാമൂഹിക, സാമ്പത്തിക-സാംസ്‌ക്കാരിക  സ്ഥിതിയും സംഘം നിരീക്ഷിക്കും. ആദിവാസി വിഭാഗങ്ങള്‍ക്കായുള്ള വിവിധ സര്‍ക്കാര്‍ - തദ്ദേശ സ്ഥാപനതല  പദ്ധതികളെക്കുറിച്ചും പഠനം നടത്തും.

തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ തെരഞ്ഞെടുത്ത വാര്‍ഡുകളിലെ ആദിവാസി ഊരുകളാണ് സംഘം ആദ്യദിവസം സന്ദര്‍ശിച്ചത്. മുള്ളന്‍കൊല്ലി, പ്ലാമൂല, അരീക്കര എന്നീ ഗോത്രസങ്കേതങ്ങളിലെ  വീടുകള്‍, പ്രദേശത്തെ അംഗനവാടികള്‍, ഗോത്രനിവാസികളുടെ പൊതു സൗകര്യങ്ങള്‍  എന്നിവയും സംഘം സന്ദര്‍ശിച്ചു.

ആദിവാസി ജനവിഭാഗങ്ങളുടെ ജീവിതം നേരിട്ടു മനസിലാക്കാനുള്ള പഠന പരിശീലനരീതിയായ ഗോത്രായനം ജില്ലയിലെ ഗ്രാമ- ബ്ലോക്ക് പഞ്ചായത്തുകളുമായി  സഹകരിച്ചാണ് നടത്തുന്നത്.

തിരുനെല്ലി  പഞ്ചായത്ത് പതിനേഴാം വാര്‍ഡംഗം  ബേബി, പട്ടിവര്‍ഗപ്രമോട്ടര്‍മാരായ ശ്രീജ, ശാന്ത എന്നിവരോടൊപ്പമാണ്  വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ ഗോത്രവര്‍ഗ സങ്കേതങ്ങള്‍ സന്ദര്‍ശിച്ചത്.