കരിപ്പേല്‍ ചാല് പുനര്‍ജനിച്ചു; ഒപ്പം കരകയറി ഒരു സമൂഹവും
ആലപ്പുഴ: മുപ്പത് വര്‍ഷമായി മലിനമായി കിടന്ന ചാലിന്റെ പുനരുജ്ജീവനം സമൂഹത്തില്‍ ഒറ്റപ്പെട്ടു പോയ ഒരു കൂട്ടം മനുഷ്യര്‍ക്ക് പുതിയ ജീവിതമാണ് സമ്മാനിച്ചത്. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ചേര്‍ത്തല തെക്ക്, കടക്കരപ്പള്ളി പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന കരിപ്പേല്‍ ചാലിന്റെ പുനര്‍ജന്മമാണ് ഒരു സമൂഹത്തിന് തന്നെ വെളിച്ചമായത്.ചേര്‍ത്തല തെക്ക്, കടക്കരപ്പള്ളി പഞ്ചായത്തുകളിലൂടെ ഒഴുകുന്ന കരിപ്പേല്‍ ചാലില്‍ നാളുകളായി അടിഞ്ഞുകൂടിയ ചെളി ഇരു പഞ്ചായത്തുകളിലേയും പ്രദേശവാസികള്‍ക്ക് തീരാ ദുരിതമായിരുന്നു. കരപ്രദേശമായിരുന്നതിനാല്‍ തെങ്ങ് കൃഷി ധാരാളമുണ്ടായിരുന്ന ഇവിടങ്ങളില്‍ ചാലില്‍ നിന്നുള്ള ചെളിയാണ് തെങ്ങിന് വളമായി ഇട്ടിരുന്നത്. കൃഷി കുറഞ്ഞതോടെ ചാലില്‍ നിന്നു ചെളി നീക്കാതായി. ഇതോടെ ചെറിയ മഴ പെയ്താല്‍ പോലും ചാലിന്റെ ഇരു വശങ്ങളിലും താമസിക്കുന്ന അംബേദ്ക്കര്‍ കോളനിയിലെ നൂറോളം കുടുംബങ്ങള്‍ക്ക് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ട അവസ്ഥയായി. വെള്ളപ്പൊക്കം കാരണം കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ മാസങ്ങളോളം ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയേണ്ടിവന്നവര്‍ക്ക് ശാശ്വത പരിഹാരമാണ് കരിപ്പേല്‍ ചാലിന്റെ പുനരുജ്ജീവനത്തോടെ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചയത്ത് ലക്ഷ്യം വെച്ചത്.