സംസ്ഥാന പുരസ്‌കാര നിറവില്‍ ചിത്താരി ക്ഷീരവ്യവസായ സംഘം

post

കാസര്‍ഗോഡ് :  സംസ്ഥാനത്തെ ഏറ്റവും മികച്ച ക്ഷീരസഹകരണ സംഘത്തിനുള്ള ഡോ. വര്‍ഗീസ് കുര്യന്‍ പുരസ്‌കാര നേട്ടത്തിന്റെ നിറവില്‍ ചിത്താരി ക്ഷീരവ്യവസായസംഘം. സംസ്ഥാന ക്ഷീരവികസന വകുപ്പ് നല്‍കുന്ന പുരസ്‌കാരം ഫെബ്രുവരി 11ന് കൊല്ലത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനില്‍നിന്ന് ഏറ്റുവാങ്ങും.

സംസ്ഥാനത്തെ 314 പരമ്പരാഗത ക്ഷീരസഹകരണ സംഘങ്ങളില്‍ നിന്നാണ്, കാഞ്ഞങ്ങാട് ബ്ലോക്കിലെ ചിത്താരി ക്ഷീരസംഘം തെരഞ്ഞെടുക്കപ്പെട്ടത്. പാല്‍ സംഭരണം, സംസ്‌കരണം, ഓഡിറ്റ് ക്ലാസിഫിക്കേഷന്‍, വാര്‍ഷിക വിറ്റുവരവ്, ക്ഷീരകര്‍ഷക ക്ഷേമപ്രവര്‍ത്തനങ്ങള്‍ എന്നിവ കണക്കാക്കിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. 

അജാനൂര്‍ ഗ്രാമപഞ്ചായത്തിലെ രാവണീശ്വരത്ത് 1975 മാര്‍ച്ച് അഞ്ചിന് രജിസ്റ്റര്‍ ചെയ്ത് ആറ് കര്‍ഷകരില്‍ നിന്ന് ഒമ്പത് ലിറ്റര്‍ പാല്‍ സംഭരിച്ച് വാടകക്കെട്ടിടത്തില്‍  ആരംഭിച്ച ചിത്താരി ക്ഷീരസംഘം ഇന്ന് 20 കര്‍ഷകരില്‍ നിന്ന് 1100 ലിറ്റര്‍ പാല്‍ പ്രതിദിനം സംഭരിക്കുന്നു. ഇപ്പോള്‍ സംഘത്തിന് കെട്ടിടവും രണ്ട് ഏക്കര്‍ 11 സെന്റ് സ്ഥലവും സ്വന്തമായുണ്ട്. 

ക്ഷീരകര്‍ഷകര്‍ക്ക് പാലിന് യഥാര്‍ഥ വില സുതാര്യമായി നല്‍കുന്നു. അര്‍ഹതയുള്ള കര്‍ഷകര്‍ക്ക് പശുക്കളെ വാങ്ങാന്‍ വായ്പ നല്‍കുന്നതിന് പുറമെ കാലിത്തീറ്റ, മിനറല്‍ മിക്‌സ്ചര്‍, വൈക്കോല്‍ തുടങ്ങിയവ കുറഞ്ഞ വിലയ്ക്ക് വിതരണം നടത്തുന്നു. പുല്‍ക്കൃഷി പ്രോത്സാഹിപ്പിക്കാന്‍ പുല്‍ക്കട സൗജന്യമായി കര്‍ഷകര്‍ക്ക് നല്‍കുന്നു. നൂതന അറിവുകള്‍ കര്‍ഷകര്‍ക്ക് നല്‍കാന്‍ പഠന ക്ലാസുകളും പശുക്കളുടെ ആരോഗ്യശ്രദ്ധയ്ക്കു വേണ്ടി മെഡിക്കല്‍ ക്യാമ്പുകളും സംഘടിപ്പിച്ചു വരുന്നു. കോവിഡ് ലോക്ക്ഡൗണ്‍ സമയത്ത് ധാന്യകിറ്റുകള്‍ നല്‍കി കര്‍ഷകരെ സഹായിച്ചു. പഠനക്ലാസുകള്‍, പൊതുയോഗം, കര്‍ഷകസമ്പര്‍ക്ക പരിപാടികള്‍ തുടങ്ങിയവ നടത്താനായി ഫാര്‍മേഴ്‌സ് ഫെസിലിറ്റേഷന്‍ സെന്റര്‍ സംഘത്തിന് സ്വന്തമായി ഉണ്ട്. സംഘാംഗങ്ങളില്‍ 110 പേര്‍ ക്ഷീരകര്‍ഷക ക്ഷേമനിധിയില്‍ അംഗങ്ങളാണ്. അവര്‍ക്ക് പെന്‍ഷനും ലഭിച്ചു വരുന്നു. കേരള സര്‍ക്കാരിന്റെ ക്ഷീരസാന്ത്വനം ഇന്‍ഷുറന്‍സ് പദ്ധതിയില്‍ കര്‍ഷകരെ അംഗങ്ങളാക്കിയിട്ടുണ്ട്.

ഇടനിലക്കാരെ ഒഴിവാക്കി മികച്ച ഗുണമേന്മയുള്ള പശുക്കളെ കര്‍ഷകര്‍ക്ക് നല്‍കുക എന്ന ലക്ഷ്യത്തോടെ സംഘത്തില്‍ സ്ഥാപിച്ച കിടാരി പാര്‍ക്ക് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. 20182019 വര്‍ഷം ക്ഷീരവികസന  വകുപ്പ് സംസ്ഥാനത്ത് അനുവദിച്ച രണ്ട് കിടാരി പാര്‍ക്കുകളില്‍ ഒന്നാണിത്. ഏഴ് മുതല്‍ 15 മാസം വരെ പ്രായമുള്ള കിടാരികളെ വാങ്ങി വളര്‍ത്തി, പ്രസവിക്കുമ്പോള്‍ പശുവിനെയും കിടാവിനെയും ക്ഷീരകര്‍ഷകര്‍ക്ക് വില്‍ക്കുന്ന പദ്ധതിയാണിത്.

കാര്‍ഷിക വിളകള്‍ വിറ്റഴിക്കാനും കര്‍ഷകര്‍ക്ക്  ന്യായവില ഉറപ്പു വരുത്തുന്നതിനും വിപണന സൗകര്യം ഒരുക്കി. കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികളും, മുട്ടയും സംഘത്തില്‍ വിപണനം നടത്താനുള്ള സൗകര്യം ഉണ്ട്. തികച്ചും ജൈവരീതിയില്‍ ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികള്‍ മാത്രമേ ഇവിടെ സംഭരിക്കുന്നുള്ളൂ. സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി സംഘത്തില്‍, കോഴി വളര്‍ത്തല്‍ യൂണിറ്റും ആരംഭിച്ചു. സംഘത്തില്‍ 200 കോഴികളെ വളര്‍ത്താനുള്ള സൗകര്യം ഉണ്ട്. കോഴിവളവും ചാണകവും ചേര്‍ത്ത് ജൈവവളം കര്‍ഷകര്‍ക്ക് ന്യായമായ വിലയ്ക്ക് വില്‍പന നടത്തുന്നു. കര്‍ഷക കൂട്ടായ്മയിലൂടെ വിജയത്തിന്റെ പുതിയ പടവുകള്‍ തേടുകയാണ് ഈ ക്ഷീരസംഘം.