കേരളം വ്യവസായ സൗഹൃദ സംസ്ഥാനമായി മാറി; മന്ത്രി ഇ.പി.ജയരാജന്‍

post

ഇടുക്കി: സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യബോധമുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമായി കേരളം വ്യവസായ സൗഹൃദ സംസ്ഥാനമായി മാറിയെന്ന്  വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജന്‍.  മുട്ടത്ത്  കിന്‍ഫ്രയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന സ്‌പൈസസ് പാര്‍ക്കിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

മലയോര മേഖലകളിലെ കൃഷിക്കാര്‍ക്ക് തണലും അവിടെ സംരക്ഷണമായും സ്‌പൈസസ് പാര്‍ക്ക് പ്രവര്‍ത്തിക്കുമെന്ന് മന്ത്രി പറഞ്ഞു. സുഗന്ധവ്യഞ്ജനങ്ങള്‍ സംഭരിക്കുക, സൂക്ഷിക്കുക അത് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ആക്കി കയറ്റുമതി ചെയ്യുക അതുപോലെ തന്നെ ഇവ ഉപയോഗിച്ചുകൊണ്ട് മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവ നിര്‍മ്മിക്കുക തുടങ്ങിയ സ്‌പൈസസ് പാര്‍ക്ക്  വഴി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്.

കേരളത്തില്‍ വ്യവസായം തുടങ്ങാനുള്ള എല്ലാ സഹായവും സര്‍ക്കാരില്‍ നിന്ന് ലഭ്യമാക്കും. സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പൊതുമേഖലയില്‍ ലഭിക്കുന്നത് പോലെ തന്നെയുള്ള അടിസ്ഥാന സൗകര്യം ഒരുക്കി കൊടുക്കുന്നതോടൊപ്പം അവിടെ ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭ്യയമാക്കുന്നതിനുമുള്ള എല്ലാ സംവിധാനങ്ങളും ഏര്‍പ്പെടുത്തി കൊണ്ടാണ് വ്യവസായ വകുപ്പ് പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 

വ്യവസായത്തിനു വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കുക,  യാത്രാസൗകര്യങ്ങള്‍ക്കായി റോഡുകള്‍ നിര്‍മ്മിക്കുക, വൈദ്യുതി കണക്ഷന്‍ കാലാനുസൃതമായി നല്‍കുക എന്നതുള്‍പ്പെടെ നിരവധി   സൗകര്യങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കി കൊടുക്കുന്നത്.  ആയിരക്കണക്കിനാളുകളാണ് വ്യവസായ സംരഭങ്ങളില്‍ ജോലി ചെയ്യുന്നത്. ഇനിയും കൂടുതല്‍ വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കുകയും കൂടുതല്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കും ചെയ്യുക എന്നതാണ് സര്‍ക്കാര്‍ നയം. മുഖ്യമന്ത്രിയുടെ പ്രത്യേക താല്‍പര്യ പ്രകാരം നൂറുദിന പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് ഇതിനോടകം ഒരു ലക്ഷത്തില്‍പരം ആളുകള്‍ക്ക് ജോലി കൊടുത്തു കഴിഞ്ഞു.  

ഇടുക്കി ജില്ലയിലെ തൊടുപുഴയില്‍ മുട്ടത്ത് 15 ഏക്കര്‍ സ്ഥലത്താണ് പാര്‍ക്ക് ഒരുങ്ങുന്നത്. സുഗന്ധ വ്യഞ്ജന മേഖലയില്‍ പ്രീപ്രോസസിംഗ്, മൂല്യവര്‍ദ്ധന എന്നിവയെ ലക്ഷ്യമാക്കിയാണ് ഈ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. 12.5 കോടി രൂപയുടേതാണ് പദ്ധതി. ക്ലസ്റ്റര്‍ ഡെവലപ്മെന്റ് പദ്ധതി പ്രകാരം 5.77 കോടിരൂപ കേന്ദ്ര സഹായം ലഭിക്കും.

അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് കെട്ടിടം, ഡോക്യുമെന്റേഷന്‍ സെന്റര്‍, കോണ്‍ഫറന്‍സ് ഹാള്‍, ബാങ്ക് / പോസ്റ്റ് ഓഫീസ്, അസംസ്‌കൃതവസ്തുക്കള്‍ സൂക്ഷിക്കാനുള്ള സൗകര്യം, മാര്‍ക്കറ്റിംഗ് സൗകര്യങ്ങള്‍, ക്യാന്റീന്‍ എന്നീ ്ടിസ്ഥാന സൗകര്യങ്ങള്‍ കിന്‍ഫ്ര സജ്ജമാക്കും. ജലം, വൈദ്യുതി, ഇന്റേണല്‍ റോഡുകള്‍, മലിനീകരണ നിയന്ത്രണ പ്ലാന്റ്, സ്ട്രീറ്റ് ലൈറ്റുകള്‍, മഴവെള്ള സംഭരണി തുടങ്ങിയവയും തയ്യാറാക്കും.  20 പ്ലോട്ടുകളായാണ് പദ്ധതി വികസിപ്പിച്ചിട്ടുള്ളത്. സുഗന്ധ വ്യഞ്ജന തൈലങ്ങള്‍, സുഗന്ധ വ്യഞ്ജന കൂട്ടുകള്‍, ചേരുവകകള്‍,കറിപ്പൊടികള്‍, കറി മസാലകള്‍, നിര്‍ജ്ജലീകരണം ചെയ്ത സുഗന്ധവ്യഞ്ജനങ്ങള്‍,സുഗന്ധവ്യഞ്ജന പൊടികള്‍, ഉണക്കിയ സുഗന്ധവ്യഞ്ജനങ്ങള്‍ ഫ്രീസ് ചെയ്യുക തുടങ്ങിയ സംരംഭങ്ങളാണ് ഇവിടെ പ്രതീക്ഷിക്കുന്നത്.