ജില്ലയിലെ എട്ട് വിദ്യാലയങ്ങള്‍ കൂടി അന്താരാഷ്ട്ര നിലവാരത്തിലേക്ക്

post

മുഖ്യമന്ത്രി ഫെബ്രുവരി ആറിന് നാടിന് സമര്‍പ്പിക്കും

കാസര്‍ഗോഡ്പൊ : തുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ  ജില്ലയിലെ എട്ട് വിദ്യാലയങ്ങള്‍കൂടി  അന്താരാഷ്ട്ര നിലവാരത്തിലേക്ക്. ജില്ലയില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ഏഴ് സ്‌കൂളുകളിലെ കെട്ടിടങ്ങളും പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ഒരു സ്‌കൂള്‍ കെട്ടിടവുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെബ്രുവരി ആറിന്  നാടിന് സമര്‍പ്പിക്കുന്നത്. സംസ്ഥാനത്താകെ 111 വിദ്യാലയങ്ങളിലെ കെട്ടിടങ്ങളാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നത്. പൊതു വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും.  ധനകാര്യമന്ത്രി ഡോ. തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തും. റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ജില്ലയിലെ എം എല്‍ എമാരായ എം രാജഗോപാല്‍ , കെ കുഞ്ഞിരാമന്‍, എന്‍ എ നെല്ലിക്കുന്ന്, ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍, കളക്ടര്‍ ഡോ ഡി സജിത്ത് ബാബു, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ വിവിധ വിദ്യാലയങ്ങളില്‍ നടക്കുന്ന ചടങ്ങുകളില്‍ സംബന്ധിക്കും. ഓണ്‍ലൈനായി നടക്കുന്ന ഉദ്ഘാടന ചടങ്ങിന് ശേഷം ഓരോ വിദ്യാലയത്തിലും പ്രത്യകം ചടങ്ങുകള്‍ സംഘടിപ്പിക്കും. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടക്കുന്ന ചടങ്ങുകളില്‍ എം എല്‍എമാര്‍ തങ്ങളുടെ മണ്ഡലത്തിലെ വിദ്യാലയങ്ങളില്‍ ശിലാഫലകം അനാച്ഛാദനം ചെയ്യും. അഞ്ച് കോടി രൂപ ചെലവഴിച്ച് നാല് വിദ്യാലയങ്ങളും മൂന്ന് കോടി രൂപ ചെലവഴിച്ച മൂന്ന് വിദ്യാലയങ്ങളുമാണ് മികവിന്റെ കേന്ദ്രങ്ങളായി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്നത്. ഇതില്‍ കിഫ് ബി ഫണ്ട് ഉപയോഗിച്ചുള്ള ഏഴ് സ്‌കൂളുകളുടെ നിര്‍മ്മാണ ചുമതല കൈറ്റിന്റെ ഇന്‍ഫ്രാസ്‌ട്രെക്ച്ചര്‍ വിഭാഗത്തിനായിരുന്നു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍്ട്രാക്ട് സൊസൈറ്റിയ്ക്കായിരുന്നു നിര്‍മ്മാണ കരാര്‍.


മികവിന്റെ കേന്ദ്രങ്ങളായി വിദ്യാലയങ്ങള്‍


ജില്ലയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും അഞ്ചു കോടിയുടെ വിദ്യാലയങ്ങള്‍ പൂര്‍ത്തിയായി. ഇവയില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ ജിവിഎച്ച്എസ്എസ് മൊഗ്രാല്‍, കാസര്‍കോട് മണ്ഡലത്തില്‍ ജിഎംവിഎച്ച്എസ് എസ് കാസര്‍കോട് തളങ്കര, ഉദുമ മണ്ഡലത്തില്‍ ജിഎച്ച്എസ്എസ് പെരിയ, തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ജിഎച്ച്എസ് എസ് പിലിക്കോട് എന്നീ വിദ്യാലയങ്ങള്‍ ഫെബ്രുവരി ആറിന് മുഖ്യ മന്ത്രി ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ അനുവദിച്ച അഞ്ച് കോടിയുടെ പദ്ധതി കക്കാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കഴിഞ്ഞ വര്‍ഷം ഉദ്്ഘാടനം ചെയ്തിരുന്നു.  ഓരോ നിയമസഭാ മണ്ഡലത്തില്‍ എം എല്‍ എ നിര്‍ദ്ദശിക്കുന്ന ഒരു വിദ്യാലയമാണ് അഞ്ച് കോടി ചെലവഴിച്ച് മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നത്. 

 പൊതു വിദ്യാഭ്യസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 1000 കുട്ടികളില്‍ കൂടുതല്‍ പഠിക്കുന്ന വിദ്യാലയങ്ങള്‍ക്കാണ് സര്‍ക്കാര്‍ കിഫ്ബിയില്‍ നിന്നും മൂന്ന് കോടി രൂപ വീതം അനുവദിച്ചത്. ജില്ലയില്‍ വിവിധ മണ്ഡലങ്ങളില്‍ഡ നിന്നായി 25 സ്‌കൂളുകള്‍ക്കാണ് മൂന്ന് കോടി അനുവദിച്ചത്. ഇതില്‍ കാഞ്ഞങ്ങാട് മണ്ഡലത്തില്‍ നിന്നുള്ള ജിവിഎച്ച്എസ്എസ് വെള്ളിക്കോത്ത്, ജിഎച്ച്എസ്എസ് ചായ്യോത്ത്, ജിഎച്ച്എസ് എസ് ബളാംതോട് എന്നിവയുടെ ഉദ്ഘാടനവും ഫെബ്രുവരി ആറിന് മുഖ്യ മന്ത്രി നിര്‍വ്വഹിക്കും.  പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച രണ്ട് കെട്ടിടങ്ങളും ജില്ലാപഞ്ചായത്ത് നിര്‍മ്മിച്ച ഒരു കെട്ടിടം ചെമ്മനാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍് ഉദ്ഘാടനം ചെയ്യും.


 ഹൈടെക്ക് സ്‌കൂളുകള്‍


പൊതു വിദ്യാഭ്യാസ സംരക്ഷണ യജഞത്തിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളും ഹൈടെക്കായി മാറി. ലാപ്‌ടോപ്പ്, എല്‍ സി ഡി പ്രൊജക്ടര്‍, സ്പീക്കര്‍ തുടങ്ങിയ ഉപകരണങ്ങളുടെ വിന്യാസം 2100 ക്ലാസ്മുറികളില്‍ പൂര്‍ത്തിയാക്കിയിരുന്നു. ജില്ലയിലെ സ്‌കൂളുകളുകളുടെയെല്ലാം അടിസ്ഥാന സൗകര്യം വിപുലമായി വര്‍ദ്ധിപ്പിച്ചു. കോവിഡ് പ്രതിസന്ധിക്കിടയിലും സര്‍ക്കരും അധ്യാപകരും രക്ഷിതാക്കളും പൂര്‍വ്വ വിദ്യാര്‍തഥികളും നാട്ടുകാരും വിദ്യാലയ വികസന സമിതികളും ഒത്തു പിടിച്ചപ്പോള്‍  നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിച്ചു. 

ബഹു നിലകളിലായി നിലകളിലായാണ് പുതിയ സ്‌കൂള്‍ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ആവശ്യത്തിന് ക്ലാസ് റൂമുകള്‍, ലാബ്, സ്റ്റാഫ് റൂം, ഓഫീസ് റൂം, ഗസ്റ്റ് റൂം, ഭിന്നശേഷി കുട്ടികള്‍ക്കുള്ള റൂം, കംപ്യൂട്ടര്‍ ലാബ്, മീറ്റിംഗ് ഹാള്‍, സ്റ്റോര്‍ റൂം,ലൈബ്രറി,  പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കുള്ള ശുചിമുറികള്‍ തുടങ്ങിയവ ഓരോ സ്‌കൂളിനും ആവശ്യകതയ്ക്കനുസരിച്ചാണ് തയ്യാറാക്കിയിരിക്കുന്നത്. കോവിഡ് കാലത്തിന് ശേഷം സ്‌കൂളിലെക്കെത്തുന്ന വിദ്യാര്‍ഥികളെ കാത്തിരിക്കുന്നത് ഹൈടെക് ക്ലാസ് മുറികളടക്കമുള്ള മികച്ച പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കുള്ള സൗകര്യവും അവസരങ്ങളുമാണ്. കിഫ്ബിക്ക് പുറമെ പ്ലാന്‍ ഫണ്ട്, എം എല്‍ എ ഫണ്ട്, തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട്, നാട്ടുകാരില്‍ നിന്നുള്ള ധനസാഹായം തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള ധനസമാഹരണത്തിലൂടെ ജില്ലയിലെ എല്‍ പി, യുപി സ്‌കൂളുകളടക്കം മികച്ച സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.