സാന്ത്വന സ്പര്‍ശവുമായി തളിപ്പറമ്പ്-പയ്യന്നൂര്‍ അദാലത്തിന് തുടക്കമായി

post

കണ്ണൂര്‍: ജനങ്ങളുടെ അടിയന്തര പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം മന്ത്രിമാരുടെ നേതൃത്വത്തില്‍ നടക്കുന്ന തളിപ്പറമ്പ്, പയ്യന്നൂര്‍ താലൂക്കുകളിലെ സാന്ത്വന സ്പര്‍ശം അദാലത്തിന്തുടക്കമായി. തളിപ്പറമ്പ് താലൂക്ക് പരിസരത്ത് രാവിലെ ഒന്‍പത്മണിക്കാണ് അദാലത്ത് തുടങ്ങിയത്.മന്ത്രിമാരായ ഇ പി ജയരാജന്‍, കെ കെ ശൈലജ ടീച്ചര്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരുടെ നേതൃത്വത്തിലാണ് അദാലത്ത്.

വിവിധങ്ങളായ ജനക്ഷേമ പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെന്നും എല്ലാവര്‍ക്കും നീതിയും സംരക്ഷണവും ഉറപ്പു വരുത്തുന്ന പദ്ധതിയുടെ ഭാഗമായാണ് അദാലത്തുകള്‍ സംഘടിപ്പിക്കുന്നതെന്നും പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. ഓണ്‍ലൈനായി നല്‍കിയ മുന്‍ഗണനാ കാര്‍ഡുകള്‍ സംബന്ധിച്ച അപേക്ഷകളില്‍ തീര്‍പ്പാക്കിയവയാണ് അദാലത്തില്‍ ആദ്യം പരിഗണിച്ചത്. മുന്‍ഗണനാ കാര്‍ഡ് അനുവദിച്ച അപേക്ഷകര്‍ക്ക് മന്ത്രിമാര്‍ വേദിയില്‍ വെച്ച് റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു. പയ്യന്നൂര്‍ താലൂക്കിന്റെ പരാതികളാണ് ആദ്യം പരിഗണിച്ചത്. ഓണ്‍ലൈനായി അപേക്ഷ നല്‍കിയവര്‍ക്കു പുറമെ, നേരിട്ട് എത്തുന്നവരുടെ അപേക്ഷകള്‍ സ്വീകരിക്കാന്‍ പ്രത്യേക കൗണ്ടറുകള്‍ അദാലത്ത് വേദിയില്‍ ഒരുക്കിയിട്ടുണ്ട്. റേഷന്‍ കാര്‍ഡ്, റവന്യൂ-പഞ്ചായത്ത് സേവനങ്ങള്‍, ചികില്‍സാ സഹായം, വിദ്യാഭ്യാസ വായ്പ, പ്രവാസി പുനരധിവാസം, ബാങ്ക് വായ്പ തുടങ്ങിയവയുമായി ബന്ധപ്പെട്ട അപേക്ഷകളാണ് അദാലത്തിലെത്തിയവയില്‍ കൂടുതലും. നേരത്തേ ഇരിട്ടി,തലശ്ശേരി, കണ്ണൂര്‍ താലൂക്കുകളുടെ അദാലത്തുകള്‍ ഇരിട്ടിയിലും കണ്ണൂരിലുമായി നടന്നിരുന്നു.

മറിയാമ്മ അദാലത്തില്‍ നിന്ന് മടങ്ങിയത് ഇരട്ട സന്തോഷത്തോടെ

മറിയാമ്മയുടെ ജീവിതത്തില്‍ തളിപ്പറമ്പ് നടന്ന സാന്ത്വന സ്പര്‍ശം അദാലത്ത് അതിന്റെ പേര് അന്വര്‍ഥമാക്കുകയാണ്. രണ്ട് കണ്ണിനും കാഴ്ച നഷ്ടപ്പെട്ട തന്റെ ഭര്‍ത്താവ് പൈലിക്ക് വേണ്ടി ചികിത്സാ സഹായം അഭ്യര്‍ത്ഥിച്ച് അദാലത്തില്‍ എത്തിയതായിരുന്നു ഭാര്യ മറിയാമ്മ. നടക്കാന്‍ വയ്യാതെ വേദിയില്‍ എത്തിയ മറിയാമ്മയോട് കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കിയ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഭര്‍ത്താവിന്റെ ചികിത്സയ്ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ഇരുപതിനായിരം രൂപ അനുവദിച്ചു. മറിയാമ്മയുടെ നടക്കാനുള്ള ബുദ്ധിമുട്ട് നേരിട്ട് കണ്ട് മനസിലാക്കിയ ടീച്ചര്‍ വീല്‍ ചെയര്‍ അനുവദിക്കാനുള്ള നടപടിയും സ്വീകരിച്ചു.

ചെറുപുഴ സ്വദേശി മറിയാമ്മ തന്റെ രണ്ട് കാല്‍ മുട്ടിനും തേയ്മാനം ബാധിക്കുന്ന രോഗത്തിന് ചികിത്സയിലാണ്. ഭര്‍ത്താവ് പൈലിക്ക് രണ്ട് കണ്ണിന്റെയും കാഴ്ച നഷ്ടപ്പെട്ടു. ലോട്ടറി തൊഴിലാളിയായിരുന്ന അദ്ദേഹം ഇപ്പോള്‍ ശ്വാസകോശ സംബന്ധമായ രോഗം ബാധിച്ചു കിടപ്പിലാണ്. അതിനാല്‍ ജോലി ഉപേക്ഷിക്കേണ്ടി വന്നു. മറിയാമ്മയുടെ രണ്ട് കണ്ണിനും തിമിര ബാധയുണ്ട്. ഓപ്പറേഷന്‍ ചെയ്യുന്നതിനുള്ള ചെലവ് വഹിക്കാന്‍ സാധിക്കാത്തതിനാല്‍ ഓപ്പറേഷന്‍ നടന്നില്ല. ഭര്‍ത്താവിനെ ശുശ്രൂഷിക്കേണ്ടതിനാല്‍ കൂലിപ്പണിക്കും പോകാന്‍ പറ്റാതെയായി. വലിയ സാമ്പത്തിക ബുദ്ധിമുട്ടില്‍ ജീവിക്കുന്ന കുടുംബം സഹായം അഭ്യര്‍ത്ഥിച്ചാണ് അദാലത്തില്‍ എത്തിയത്. ബുദ്ധിമുട്ടുകള്‍ നേരിട്ട് കണ്ടറിഞ്ഞ ടീച്ചര്‍ അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്ത് നല്‍കുകയായിരുന്നു.