Sunday 16th of December 2018

വീട് നഷ്ടപ്പെട്ടവര്‍ക്ക് കെയര്‍ ഹോം പദ്ധതിയുമായി സഹകരണവകുപ്പ്

Category: Wayanad
Published: Thursday, 06 December 2018
വയനാട്: പ്രകൃതിദുരന്തങ്ങള്‍ അതിജീവിക്കാന്‍ കഴിയുന്ന വീടുകള്‍ നിര്‍മിച്ചുനല്‍കാന്‍ കെയര്‍ ഹോം പദ്ധതിയുമായി സഹകരണവകുപ്പ്. പ്രളയത്തിന്റെ പശ്ചാത്തലത്തിലാണ് സഹകരണവകുപ്പും വീടുകള്‍ നിര്‍മിച്ചു നല്‍കാന്‍ രംഗത്തെത്തിയത്. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഡിസംബര്‍ എട്ടിന് വൈകിട്ട് 3.30ന് കല്‍പ്പറ്റ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ തുറമുഖം-മ്യൂസിയം-പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിര്‍വഹിക്കും. എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് - കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് - കല്‍പ്പറ്റ നഗരസഭ അദ്ധ്യക്ഷര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ലയില്‍ വീടുനഷ്ടപ്പെട്ട 84 പേര്‍ക്കാണ് പദ്ധതിയിലൂടെ വീടുകള്‍ ലഭിക്കുക. ഒരു വീടിന് അഞ്ച് ലക്ഷം രൂപയാണ് കണക്കാക്കിയിട്ടുള്ളത്. ഇതിനുള്ള തുക സഹകരണ വകുപ്പ് കണ്ടെത്തും. 
    വീടുകള്‍ നിര്‍മിക്കുന്ന സ്ഥലത്തെ സഹകരണ സംഘങ്ങള്‍ക്കാണ് ഭവന നിര്‍മാണ ചുമതല. ഇതിനായി 36 പ്രാദേശിക സംഘങ്ങളെ ചുമതലപ്പെടുത്തി. പ്രാദേശിക സാഹചര്യം, ഭൂമിയുടെ ഘടന, ഭൂമിയുടെ ലഭ്യത, ഗുണഭോക്താവിന്റെ താത്പര്യം, സാമ്പത്തിക സ്ഥിതി എന്നിവയ്ക്കനുസരിച്ചാവും വീടിന്റെ പ്ലാനും, എസ്റ്റിമേറ്റും. 2019 മാര്‍ച്ച് പത്തിനകം പൂര്‍ത്തീകരിച്ച് മുപ്പതിനുള്ളില്‍ താക്കോല്‍ കൈമാറുകയാണ് ലക്ഷ്യം.  ജില്ലാതല നിര്‍വഹണ സമിതിയില്‍ ജില്ലാ കളക്ടര്‍ ചെയര്‍മാനും സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ കണ്‍വീനറുമാണ്. ഡെപ്യൂട്ടി കളക്ടര്‍ (ദുരന്തനിവാരണം), പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, സഹകരണ ഓഡിറ്റ് ജോയിന്റ് രജിസ്ട്രാര്‍, സഹകരണവകുപ്പ്് ഡെപ്യൂട്ടി രജിസ്ട്രാര്‍, ഗവ. എന്‍ജിനീയറിങ് കോളജ് പ്രിന്‍സിപ്പാള്‍, രണ്ടു സംഘം പ്രതിനിധികള്‍ എന്നിവര്‍ അംഗങ്ങളാണ്. 
   പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ എ. ആര്‍. അജയകുമാറിന്റെ അധ്യക്ഷതയില്‍ കളക്ടറുടെ ചേംബറില്‍ ജില്ലാതല യോഗം ചേര്‍ന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കാന്‍ താലൂക്ക് അടിസ്ഥാനത്തില്‍ മൂന്നു പേരടങ്ങുന്ന സാങ്കേതിക സമിതി രൂപീകരിക്കണമെന്നു കളക്ടര്‍ നിര്‍ദേശിച്ചു. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നു വിരമിച്ച സാങ്കേതിക വിദഗ്ധരെ സമിതിയില്‍ ഉള്‍പ്പെടുത്തും. യോഗത്തില്‍ എഡിഎം കെ. അജീഷ്, ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) പി. റഹീം, സഹകരണ ഓഡിറ്റ് ജോയിന്റ് ഡയറക്ടര്‍ ചന്ദ്രന്‍ കൊയ്‌ലോടന്‍, പി. വി. സഹദേവന്‍, സഹകരണവകുപ്പ് ഡെപ്യൂട്ടി രജിസ്ട്രാര്‍ കൃഷ്ണദാസന്‍, എന്‍ജിനീയറിങ് കോളജ് പ്രിന്‍സിപ്പാള്‍ അബ്ദുല്‍ ഹമീദ് എന്നിവര്‍ പങ്കെടുത്തു.