Saturday 19th of January 2019

സുഗന്ധ നെല്ലിനങ്ങള്‍ സംഭരിക്കും

Category: Wayanad
Published: Monday, 07 January 2019
വയനാട്: പരമ്പരാഗത കര്‍ഷകരില്‍ നിന്നു കൃഷിവകുപ്പ് സുഗന്ധ നെല്ലിനങ്ങള്‍ സംഭരിക്കുമെന്നു കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍. ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് വയനാട് കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്റ് കൗണ്‍സിലിങ് സെല്‍ കല്‍പ്പറ്റ പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ സംഘടിപ്പിച്ച പാഡി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സുഗന്ധ നെല്ലിനങ്ങള്‍ കൃഷി ചെയ്യുന്ന പരമ്പരാഗത കര്‍ഷകരില്‍ നിന്ന് അധികവില നല്‍കി നെല്ല് സംഭരിച്ച് അരിയാക്കി ബ്രാന്‍ഡ് ചെയ്ത് വില്‍ക്കുകയാണ് ലക്ഷ്യം. ഗന്ധകശാല, ജീരകശാല പോലുള്ള നെല്ല് സാധാരണ മില്ലുകളില്‍ അരിയാക്കി മാറ്റാന്‍ കഴിയില്ല. ഇതിനു പരിഹാരമായി സുല്‍ത്താന്‍ ബത്തേരിയില്‍ പ്രത്യേക മില്ല് നിര്‍മാണം പുരോഗമിക്കുകയാണ്. ഈ മാസം അവസാനത്തോടെ കമ്മീഷന്‍ ചെയ്യും. ഇതോടെ ജില്ലയിലെ പരമ്പരാഗത നെല്‍കര്‍ഷകരില്‍ നിന്നു സുഗന്ധ നെല്ലിനങ്ങള്‍ സംഭരിക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. 
 
280ഓളം നെല്‍വിത്തുകള്‍ കേരളത്തില്‍ പ്രചാരത്തിലുണ്ടായിരുന്നു. ഇതു ക്രമേണ കുറഞ്ഞുവന്നു. വൈവിധ്യമാര്‍ന്ന നെല്‍വിത്തുകള്‍ പരമ്പരാഗത രീതിയില്‍ സംരക്ഷിച്ചുവരുന്നുവെന്നതാണ് വയനാടിന്റെ പ്രത്യേകത. ഗോത്രവര്‍ഗ സംസ്‌കാരത്തിന്റെ ഭാഗമാണിത്. ജില്ലയിലെ പരമ്പരാഗത നെല്‍വിത്തുകള്‍ ഉപയോഗിച്ചുള്ള കൃഷി സംസ്ഥാനത്താകെ വ്യാപിപ്പിക്കാനാണ് കൃഷിവകുപ്പിന്റെ തീരുമാനം. പരമ്പരാഗത നെല്‍കര്‍ഷകര്‍ക്ക് കൂടുതല്‍ സഹായങ്ങള്‍ നല്‍കും. കേരളത്തില്‍ നിലനില്‍ക്കുന്ന നെല്‍വിത്തുകള്‍ സംരക്ഷിക്കുന്നതിനായി മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയില്‍ വിത്ത് ബാങ്ക് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. രണ്ടു വര്‍ഷത്തിനകം ഇതു പൂര്‍ത്തിയാവും. തനതു പരമ്പരാഗത നാടന്‍ നെല്‍വിത്തുകളുടെ സംരക്ഷണം ഏറ്റെടുക്കാന്‍ കൃഷിവകുപ്പ് തയ്യാറായതിന്റെ ഫലമായി നെല്‍കൃഷി പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തുകയാണ്. ഇതോടൊപ്പം ഉല്‍പാദനക്ഷമതയുള്ള പുതിയ നെല്‍വിത്തുകള്‍ കണ്ടുപിടിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നു. 
 
നെല്‍കൃഷി കുറഞ്ഞതാണ് പ്രകൃതിദുരന്തങ്ങളുടെ അടിസ്ഥാനം. ഒരു സെന്റ് നെല്‍കൃഷി 1,40,000 ലിറ്റര്‍ വെള്ളം സംരക്ഷിക്കാന്‍ ശേഷിയുള്ളതാണ്. നെല്‍കൃഷി കുറഞ്ഞതോടെ വയനാട്ടിലടക്കം ഭൂഗര്‍ഭ ജലസമ്പത്ത് കുറഞ്ഞു. മഴവെള്ളം സംഭരിക്കാന്‍ തരംമാറ്റിയ വയലുകള്‍ക്കു ശേഷിയില്ലാതായി. മണ്ണിന്റെ രാസഘടനയ്ക്ക് മാറ്റംവന്നു. കര്‍ഷകര്‍ അശാസ്ത്രീയ കൃഷിരീതിയിലേക്ക് മാറിയതാണ് വയലുകള്‍ ഇല്ലാതാക്കിയത്. ഇതു തിരിച്ചുകൊണ്ടുവരാന്‍ ശ്രമം വേണം. പരമ്പരാഗത നെല്‍വയലുകളുടെ സംരക്ഷണം പുതുതലമുറ ഏറ്റെടുക്കണം. ഈ പ്രയത്‌നം ഏറ്റെടുത്തിരിക്കുന്ന ഗോത്രവര്‍ഗ സമൂഹത്തെ സംരക്ഷിക്കാനും കഴിയണം. ഗോത്രവര്‍ഗങ്ങളുടെ കാര്‍ഷിക ബോധത്തിലേക്കും പരിസ്ഥിതി സംരക്ഷണ ബോധത്തിലേക്കുമെത്താന്‍ സമൂഹത്തിനു കഴിയേണ്ടതുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു. 
 
കാര്‍ഷിക പാരിസ്ഥിതിക മേഖലയിലെ ഉപരിപഠന-തൊഴില്‍ സാധ്യതകള്‍ എന്ന വിഷയത്തില്‍ കരിയര്‍ ഗൈഡന്‍സ് ട്രെയിനര്‍ മനോജ് ജോണ്‍ ക്ലാസെടുത്തു. നെല്ല് പദ്ധതിയുടെ ഭാഗമായി ഉല്‍പാദിപ്പിച്ച അരിയുടെ സൗജന്യ വിതരണോദ്ഘാടനവും ബ്രാന്‍ഡിങ് പ്രഖ്യാപനവും മന്ത്രി നിര്‍വഹിച്ചു. കേരള ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്റ് കൗണ്‍സിലിങ് സെല്‍ ജില്ലയില്‍ നടപ്പാക്കുന്ന കൃഷി-പരിസ്ഥിതി-സാംസ്‌കാരിക-വിദ്യാഭ്യാസ ഇടപെടലായ നെല്ല് പദ്ധതിയുടെ ഭാഗമായാണ് പാഡി കോണ്‍ഗ്രസ് സംഘടിപ്പിച്ചത്. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ അധ്യക്ഷത വഹിച്ചു. കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷ്, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ. ദേവകി, കരിയര്‍ ഗൈഡന്‍സ് സെല്‍ ജില്ലാ കോ-ഓഡിനേറ്റര്‍ സി.ഇ. ഫിലിപ്പ് തുടങ്ങിയവര്‍ സംസാരിച്ചു.