Thursday 21st of November 2019

ഗ്രാമോത്സവമായി ഗാന്ധി ജയന്തി ആഘോഷം

Category: Wayanad Published: Thursday, 03 October 2019
 
 
വയനാട്:  ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ഗാന്ധി ജയന്തി വാരാഘോഷത്തിന് ജില്ലയില്‍ തുടക്കമായി. പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ച തൊണ്ടര്‍നാട് പഞ്ചായത്തിലെ പൊര്‍ളോം ഗ്രാമത്തെയാണ് ഈ വര്‍ഷം ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനത്തിനായി തിരഞ്ഞെടുത്തത്. ഗാന്ധി ജയന്തി ദിനത്തെ ഗ്രാമോത്സവമാക്കിയാണ് പൊര്‍ളോം ഗ്രാമം എതിരേറ്റത്. 
 
പ്രളയത്തിന്റെ ദുരിത ഓര്‍മകളില്‍ നിന്നും കരകയറുന്ന ഗ്രാമത്തിന് ഗാന്ധിയന്‍ ആശയങ്ങളും സാംസ്‌കാരിക കൂട്ടായ്മയും കരുത്തു നല്‍കുകയായിരുന്നു. ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണെന്ന ഗാന്ധിജിയുടെ സന്ദേശത്തിനു ശക്തി പകരുകയാണ് ഇത്തരം പരിപാടികളിലൂടെയെന്ന് വിശിഷ്ടാതിഥികളും അഭിപ്രായപ്പെട്ടു. ഗാന്ധിജിയുടെ 150-ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് വിവിധ പരിപാടികളാണ് വകുപ്പ് സംഘടിപ്പിക്കുന്നത്. ജില്ലാതല പരിപാടി തൊണ്ടര്‍നാട് പൊര്‍ളോം സാംസ്‌കാരിക നിലയത്തില്‍ എഡിഎം തങ്കച്ചന്‍ ആന്റണി ഉദ്ഘാടനം ചെയ്തു. 
 
വാര്‍ഡ് മെമ്പര്‍ ത്രേസ്യ ടീച്ചര്‍, വയനാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ടി ശേഖര്‍ എന്നിവരുടെ നേതൃത്വത്തില്‍ നെല്ലേരി മന്ദം കോളനി സന്ദര്‍ശനത്തോടെയാണ് ജില്ലാതല പരിപാടിക്ക് തുടക്കമായത്. കോളനിയിലെത്തി ലഹരി വിരുദ്ധ സന്ദേശം നല്‍കുകയും സര്‍ക്കാര്‍ പ്രസിദ്ധീകരണമായ ജനപഥം വിതരണം ചെയ്യുകയും ചെയ്തു. 
 
തുടര്‍ന്ന് രാവിലെ 11ന് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ സഹകരണത്തോടെ നെല്ലേരി മന്ദം കോളനിവാസികള്‍ക്കും നാട്ടുകാര്‍ക്കുമായി സാംസ്‌കാരിക നിലയത്തില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഡോ. മുഹമ്മദ് അസ്ലം നേതൃത്വം നല്‍കിയ ക്യാമ്പ് തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എ ബാബു ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക്കു ശേഷം നടന്ന ലഹരിവിമുക്ത ബോധവത്ക്കരണ ക്ലാസില്‍ മാനന്തവാടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജി. പ്രസന്നന്‍ സംസാരിച്ചു. പൊര്‍ളോം സാംസ്‌കാരിക നിലയത്തിനായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ വകുപ്പ് നല്‍കിയ ഗാന്ധി ചിത്രം തൊണ്ടര്‍നാട് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ.എം ശങ്കരന്‍ മാസ്റ്റര്‍ അനാച്ഛാദനം ചെയ്തു. 
 
പനമരം അജികുമാര്‍, ഷിബു പുല്‍പ്പള്ളി എന്നിവരുടെ നേതൃത്വത്തില്‍ നാടന്‍പാട്ടും മജിഷ്യന്‍ വിവേക് വെള്ളമുണ്ടയുടെ മാജിക്ക് ഷോയും ജന്മദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. ചടങ്ങില്‍ ആദിവാസി സാക്ഷരത മിഷന്‍ നാലാംതരം തുല്യത വിജയികളായ എലുമ്പന്‍, ചീര, ശാന്ത, സരോജിനി എന്നിവരെ ആദരിച്ചു. തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ രാവിലെ തന്നെ സാംസ്‌കാരിക നിലയ പരിസരവും ശുചീകരിച്ചു.       
 
ട്രൈബല്‍ എക്സ്റ്റഷന്‍ ഓഫീസര്‍ എം.ജി അനില്‍കുമാര്‍, സാക്ഷരത മിഷന്‍ കോര്‍ഡിനേറ്റര്‍ ബൈജു ഐസക്, സാക്ഷരത മിഷന്‍ നോഡല്‍ പ്രേരക് എ. മുരളീധരന്‍, സാക്ഷരത മിഷന്‍ പ്രേരക് ഷാജുമോന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സിന്ധു ചന്ദ്രശേഖരന്‍, പൊര്‍ളോം നീര്‍ത്തട വികസന സമിതി കണ്‍വീനര്‍ വി.ടി അനില്‍കുമാര്‍, എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ വി.എ പ്രകാശ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വി.കെ സുരേഷ്, എ.സി പ്രജീഷ്, പി.വി ശ്രീജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു. ആരോഗ്യ വകുപ്പ്, സാക്ഷരത മിഷന്‍, എക്‌സൈസ് വകുപ്പ് എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.