Saturday 24th of August 2019

വയനാട്ടില്‍ മഴയ്ക്ക് ശമനം

Category: Wayanad Published: Sunday, 11 August 2019
വയനാട് : കഴിഞ്ഞ ദിവസങ്ങളിലായി ജില്ലയില്‍ അനുഭവപ്പെടുന്ന ശക്തമായ മഴയ്ക്കു ശമനം. കഴിഞ്ഞ 24 മണിക്കൂറില്‍ ജില്ലയില്‍ രേഖപ്പെടുത്തിയ മഴയുടെ അളവ് ശരാശരി 62.07 മില്ലിമീറ്ററായി കുറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ 150 മില്ലിമീറ്ററിനു മുകളിലായിരുന്നു രേഖപ്പെടുത്തിയിരുന്നത്. 24 മണിക്കൂറിനിടയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് മാനന്തവാടി താലൂക്കിലാണ്. മാനന്തവാടിയില്‍ 101 മില്ലിമീറ്ററും വൈത്തിരിയില്‍ 53 മില്ലിമീറ്ററും സുല്‍ത്താന്‍ ബത്തേരിയില്‍ 32.2 മില്ലിമീറ്റര്‍ മഴയും രേഖപ്പെടുത്തി.  
 
മഴ കുറഞ്ഞ സാഹചര്യത്തില്‍ ബാണസുര സാഗര്‍, കാരാപ്പുഴ അണക്കെട്ടിനു താഴെയുള്ള പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ നിലവില്‍ ശാന്തമാണ്. ബാണാസുര ഡാമിന്റെ ഒരു ഷട്ടര്‍ 10 സെന്റിമീറ്റര്‍ തുറന്നതിലൂടെ 1.565 ദശലക്ഷം ക്യുബിക് മീറ്റര്‍ വെള്ളം ഒഴുക്കി വിടുന്നുണ്ട്. കാരാപ്പുഴയുടെ മൂന്നു ഷട്ടറുകള്‍ 20 സെന്റിമീറ്റര്‍ വീതം തുറന്നു 35.83 ക്യുബിക് മീറ്റര്‍ വെള്ളം ഒഴുക്കി വിടുന്നുണ്ട്. കബനി റിസര്‍വോയിറിലൂടെ മൈസൂരിലേക്കു കഴിഞ്ഞവര്‍ഷത്തേക്കാള്‍ കുടുതല്‍ വെള്ളം ഒഴുക്കി വിടുന്ന സാഹചര്യത്തില്‍ നിലവിലെ വെള്ളക്കെട്ടിന് പരിഹാരമാവുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ 203 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. അപകട സാധ്യത നേരിടുന്ന പ്രദേശങ്ങളിലെ 9,642 കുടുംബങ്ങളില്‍ നിന്നും 35,155 ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.  
 
ഗതാഗതം സാധാരണ നിലയിലേക്ക്
 
കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിഞ്ഞും വെള്ളംകയറിയും തടസ്സം നേരിട്ട റോഡുകള്‍ സാധാരണ നിലയിലേക്ക്. ഗതാഗതം പൂര്‍ണ്ണമായി തടസ്സപ്പെട്ട കുറ്റ്യാടി, പാല്‍ചുരം റോഡുകള്‍ ഗതാഗതയോഗ്യമാക്കി. താമരശ്ശേരി ചുരം, ബാവലി, കാട്ടിക്കുളം തോല്‍പ്പട്ടി, പനമരം, ചുള്ളിയോട്, വടുവന്‍ചാല്‍ എന്നി റോഡുകളിലേയും തടസ്സം നീക്കി. മുത്തങ്ങയിലും നടവയലും ഗതാഗത തടസ്സം മാറിതുടങ്ങി. ഗുഡല്ലൂര്‍ വഴിയുള്ള ഊട്ടി റോഡ് അടഞ്ഞുകിടക്കുകയാണെന്ന് പൊലീസ് കണ്‍ട്രോള്‍ റൂം അറിയിച്ചു.   
 
വ്യാജ വാര്‍ത്തകള്‍ക്കെതിരെ കര്‍ശന നടപടി
 
സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. സ്‌കൂള്‍ അവധി, ഇന്ധനക്ഷാമം, ആളുകളെ കാണാനില്ല തുടങ്ങിയ വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ സൈബര്‍ നിയമ പ്രകാരം കേസ്സെടുക്കും.