Saturday 24th of August 2019

വരള്‍ച്ച ലഘൂകരണത്തിന് വകയിരുത്തിയത് 6.98 കോടി

Category: Wayanad Published: Tuesday, 16 July 2019
 
 
വയനാട്: മുള്ളന്‍കൊല്ലി-പുല്‍പ്പള്ളി-പൂതാടി വരള്‍ച്ച ലഘൂകരണ പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പുവര്‍ഷം വകയിരുത്തിയത് 6,98,00,000 രൂപ. ഇതില്‍ 5,82,22,500 രൂപ സംസ്ഥാന സര്‍ക്കാര്‍ വിഹിതമാണ്.
 
ജില്ലാ പഞ്ചായത്ത് 44 ലക്ഷം രൂപയും മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തുകള്‍ 25 ലക്ഷം രൂപയും വകയിരുത്തി. പനമരം ബ്ലോക്ക് പഞ്ചായത്ത് വിഹിതമായി 13 ലക്ഷവും പൂതാടി ഗ്രാമപഞ്ചായത്തിന്റെ 8,77,500 രൂപയും പദ്ധതി നടത്തിപ്പിന് വിനിയോഗിക്കും. ജില്ലാ മണ്ണ് സംരക്ഷണ ഓഫിസാണ് നിര്‍വഹണ ഏജന്‍സി. 
 
കബനി നദിയിലേക്ക് നേരിട്ട് ഒഴുകിയെത്തുന്ന മാണിക്കാട് പുഴ, കടമാന്‍ തോട്, മുദ്ദള്ളിത്തോട് എന്നീ തോടുകളിലേക്ക് വെള്ളം ഒഴുകുന്ന സ്ഥലങ്ങളും കന്നാരംപുഴയിലേക്ക് നീരൊഴുക്കുള്ള പൂതാടി, പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ സ്ഥലങ്ങളും ഉള്‍പ്പെടെ 15220 ഹെക്ടര്‍ സ്ഥലമാണ് പദ്ധതി പ്രദേശം. മുളളന്‍കൊല്ലി, പുല്‍പ്പള്ളി പഞ്ചായത്തുകള്‍ മുഴുവനായും പൂതാടി പഞ്ചായത്തിലെ 3, 4, 5, 6 എന്നീ വാര്‍ഡുകളും പദ്ധതിയില്‍ ഉള്‍പ്പെടും. 
 
കൊളവള്ളി, കടമാന്‍തോട്, പന്നിക്കല്‍-പാക്കം എന്നീ മൂന്ന് ഉപനീര്‍ത്തടളായും ഇവയെ 11 സൂക്ഷ്മ നീര്‍ത്തടങ്ങളായും ശാസ്ത്രീയമായി അതിര്‍ത്തി തിരിച്ചാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്. വലരള്‍ച്ച ലഘൂകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ പദ്ധതികളാണ് ഈ വര്‍ഷം നടപ്പിലാക്കുന്നത്. 
 
കിണര്‍ റീച്ചാര്‍ജിംഗ്, ഗ്രീന്‍ ബെല്‍റ്റ് സ്ഥാപിക്കല്‍, കൃഷി ഭൂമിയില്‍ സാമൂഹ്യ വ്യക്ഷവല്‍ക്കരണം, ഓട വച്ചുപിടിപ്പിക്കല്‍, കാവുകള്‍ സ്ഥാപിക്കല്‍, റോഡ് വാട്ടര്‍ ഹാര്‍വെസ്റ്റിംഗ്, ആവരണവിളക്യഷി പ്രോത്സാഹനം, തീറ്റപ്പുല്‍ കൃഷി, ജൈവവള നിര്‍മാണ യൂണിറ്റ്, വനത്തിനകത്തുള്ള തടയണ നിര്‍മ്മാണം, പ്രകൃതിദത്ത ഉറവകളുടെ സംരക്ഷണം, ചകിരി നിറച്ച കമ്പോസ്റ്റ് കുഴികള്‍, കോണ്ടര്‍ ഡൈക്ക്, ലോഗ് വുഡ് ചെക്ക് ഡാം, തോടുകളുടെ പാര്‍ശ്വ സംരക്ഷണം, കോണ്‍ക്രീറ്റ് ചെക്ക് ഡാം, മണ്‍ഡാമുകള്‍, മഴമാപനികള്‍ സ്ഥാപിക്കല്‍ എന്നിവയാണ് പദ്ധതി പ്രകാരം നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍. പദ്ധതി പ്രദേശങ്ങളില്‍ വ്യത്യസ്ത മേഖലകളിലായി ആറു മഴമാപിനി യൂണിറ്റുകള്‍ സ്ഥാപിക്കും. ആവശ്യമായ തുക സംസ്ഥാന സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്.