Saturday 24th of August 2019

മാനവികതയുടെ പൊതുവിദ്യാലയങ്ങള്‍ രാജ്യത്തിന് മാതൃക

Category: Wayanad Published: Tuesday, 09 July 2019
 
 
വയനാട്: കേരളത്തിലെ മാനവികതയുടെ പൊതുവിദ്യാലയങ്ങള്‍ രാജ്യത്തിന് മാതൃകയാണെന്നും നാടിന്റെ ബഹുസ്വരതയെ തൊട്ടറിയുന്ന പൊതുവിദ്യാലയങ്ങള്‍ സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും ഉന്നത വിദ്യാഭ്യാസ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി കെ.ടി ജലീല്‍. മാനന്തവാടി തൃശ്ശിലേരി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. 
 
കുട്ടികള്‍ക്ക് പരസ്പരം അടുത്തറിയാനുളള അവസരങ്ങളാണ് പൊതുവിദ്യാലയങ്ങള്‍. ഇത്തരം വിദ്യാലയങ്ങള്‍ ദുര്‍ബലമാകുമ്പോള്‍ നാട്ടില്‍ വിഭാഗീയ ശക്തികള്‍ കരുത്താര്‍ജ്ജിക്കും. എല്ലാവിഭാഗത്തിലുളള കുട്ടികള്‍ക്കും ഒന്നിച്ചിരിന്ന് കളിക്കാനും പഠിക്കാനും പൊതുവിദ്യാഭ്യാസ സമ്പ്രദായം ഉണ്ടായതാണ് കേരളത്തെ രാജ്യത്തെ വിദ്യാഭ്യാസ മേഖലയില്‍ മുന്നിലെത്തിച്ചതെന്നും മന്ത്രി പറഞ്ഞു.
 
മതസൗഹാര്‍ദ്ദത്തിന്റെ ആദ്യപാഠങ്ങള്‍ പകര്‍ന്ന് ലഭിക്കുന്നത് വിദ്യാലയങ്ങളിലൂടെയാണ്. ഒരേ മതവിഭാഗത്തില്‍പ്പെട്ടവര്‍ മാത്രം പഠിക്കുന്ന വിദ്യാലയങ്ങളിലെ കുട്ടികളുടെ മനസ്സ് വിശാലമായിരിക്കില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു. അവനവന്‍ ജീവിക്കുന്ന ചുറ്റുപാടുകളില്‍ അധിവസിക്കുന്ന മറ്റ് ജനവിഭാഗങ്ങളുടെയും സംസ്‌ക്കാര രീതികളും വിശ്വാസങ്ങളും ആചാരങ്ങളും എന്റെ വിശ്വാസങ്ങളും ആചാരങ്ങളുമായി എത്രത്തോളം ചേര്‍ന്ന് നില്‍ക്കുന്നുവെന്ന് മനസിലാക്കാന്‍ കഴിയുന്ന അറിവ് നേടാന്‍ കുട്ടികള്‍ക്ക് അവസരം ലഭിക്കണം. 
 
എന്റെ രാജ്യം ഏങ്ങനെയാണെന്ന് ചോദിച്ചാല്‍ എന്റെ ക്ലാസ് മുറിപോലെയാണെന്ന് പറയാന്‍ അധ്യാപകന് കഴിയണം. അക്ഷരത്തോടൊപ്പം മതനിരപേക്ഷതയുടെ പാഠങ്ങളും പകര്‍ന്ന് നല്കുന്നതോടെ മതാന്ധതയെ തകര്‍ക്കാനും വര്‍ഗീയതയെ തടയാനും സാധിക്കും. അതിനാല്‍ ഓരോ വിദ്യാലയങ്ങളും നാടിന്റെ പരിച്ഛേദങ്ങളാകണമെന്നും മന്ത്രി പറഞ്ഞു. 
 
ചടങ്ങില്‍ ഒ.ആര്‍ കേളു എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഹൈടെക് ക്ലാസ് മുറികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമയും ഓര്‍മ്മ മരം പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പ്രാഭാകരനും നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ.ദേവകി, എ.എന്‍ പ്രഭാകരന്‍, പ്രിന്‍സിപ്പാള്‍ വി.ശശീധരന്‍, ഹെഡ് മാസ്റ്റര്‍ പ്രദീപ് മാണിയത്ത്, പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ മുഹമ്മദ് ഇസാക്ക് തുടങ്ങിയവര്‍ സംസാരിച്ചു.