Saturday 24th of August 2019

കുട്ടികള്‍ക്ക് തുണയാകാന്‍ 'സ്പോണ്‍സര്‍ എ ചൈല്‍ഡ്'

Category: Wayanad Published: Thursday, 04 July 2019
വയനാട്: നിര്‍ദ്ധന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് കൈത്താങ്ങാവാന്‍ 'സ്പോണ്‍സര്‍ എ ചൈല്‍ഡ' പദ്ധതിയുമായി ജില്ലാ ശിശുക്ഷേമ സമിതി. വിവിധ വിഷമതകളാല്‍ ദുരിതം അനുഭവിക്കുന്ന 17 വയസ്സുവരെ പ്രായമുള്ള കുട്ടികളെ സഹായിക്കുകയാണ് സ്പോണ്‍സര്‍ എ ചൈല്‍ഡ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി സ്പോണ്‍സര്‍മാരെ കണ്ടെത്താനുള്ള നടപടികളും തുടങ്ങി. സമിതി തിരഞ്ഞെടുക്കുന്ന 17 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് ഒരു നിശ്ചിത തുക മാസം തോറും നല്‍കണം. കുട്ടികളുടേയും രക്ഷിതാക്കളുടേയും പേരില്‍ ആരംഭിക്കുന്ന സ്പാണ്‍സര്‍ എ ചൈല്‍ഡ് ബാങ്ക് അക്കൗണ്ട് വഴിയാണ് തുക നല്‍കേണ്ടത്. ചുരുങ്ങിയത് മൂന്നു വര്‍ഷമെങ്കിലും സ്പോണ്‍സര്‍മാര്‍ പദ്ധതിയുടെ ഭാഗമാകണം. 
ശിശുക്ഷേമ സമിതി തിരഞ്ഞെടുക്കുന്ന കുട്ടികളുടെ വിശദാംശങ്ങളുടെ അടിസ്ഥാനത്തില്‍ പഠനം, ഭക്ഷണം, ചികിത്സാ സഹായം തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ക്കായി എത്രരൂപ ധനസഹായം ചെയ്യണമെന്ന് സ്പോണ്‍സര്‍മാര്‍ക്ക് തീരുമാനിക്കാം. പദ്ധതിയുമായി സഹകരിക്കാന്‍ തല്‍പരരായ വ്യക്തികള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവര്‍ ശിശുക്ഷേമ സമിതിയില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യേണ്ട വിലാസം - സ്പോണ്‍സര്‍ എ ചൈല്‍ഡ്, സെക്രട്ടറി, ശിശുക്ഷേമ സമിതി ജവഹര്‍ ബാലവികാസ് ഭവന്‍, മീനങ്ങാടി പിഒ, ഫോണ്‍ - 9961 285 545, 9847 848 567. എസ്എംഎസ്,  ഇമെയില്‍ വഴിയും രജിസ്റ്റര്‍ ചെയ്യാം. ഇമെയില്‍ വിലാസം - This email address is being protected from spambots. You need JavaScript enabled to view it.
രക്ഷിതാക്കള്‍ പോറ്റിവളര്‍ത്താന്‍ പ്രയാസപ്പെട്ടുന്നതും രക്ഷിതാക്കള്‍ ജീവിച്ചിരിപ്പില്ലാത്തതുമായ നിരവധി കുട്ടികള്‍ ജില്ലയിലുണ്ട്. വിഷമതകള്‍ അനുഭവിക്കുന്ന കുട്ടികളും അവരുടെ രക്ഷിതാക്കളും സഹായം ആവശ്യപ്പെട്ടുകൊണ്ട് ശിശുക്ഷേമ സമിതിയെ നിരന്തരം സമീപിക്കുന്നുണ്ട്. വിവിധ കാരണങ്ങളാല്‍ സ്വന്തം വീട്ടില്‍ കഴിയാതെ അഭയകേന്ദ്രങ്ങളില്‍ കഴിയുന്ന കുട്ടികള്‍, പോസ്‌കോ കേസ് പ്രകാരമുള്ള ഇരകള്‍, മാരകരോഗബാധിതരായ രക്ഷിതാക്കളുടെ കുട്ടികള്‍ തുടങ്ങിയവരുമുണ്ട് ഈക്കൂട്ടത്തില്‍. ഈ സാഹചര്യത്തിലാണ് വയനാട് ജില്ലാ ശിശുക്ഷേമ സമിതിയുടെ മാതൃകാപരമായ ഇടപെടല്‍.