Wednesday 18th of September 2019

സഞ്ചാരികള്‍ക്ക് കുളിരേകി കൂടല്‍ക്കടവ്

Category: Wayanad Published: Monday, 20 May 2019
വയനാട്: മാനന്തവാടി നഗരസഭയിലെ കൂടല്‍ക്കടവില്‍ വിനോദ സഞ്ചാരികളുടെ തിരക്കേറുന്നു. വയനാട്ടിലെ എക്കോ ടൂറിസം വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അവധിക്കാലത്ത് അടച്ചുപൂട്ടിയതോടെ ജില്ലയിലെത്തുന്ന സഞ്ചാരികള്‍ക്ക് ഏറ്റവും പ്രിയമേറിയ ഇടമായി മാറുകയാണ് കൂടല്‍ക്കടവ്. കേരളത്തില്‍ കിഴക്കോട്ടൊഴുകുന്ന മൂന്നു നദികളിലൊന്നായ കബനിയിലാണ് കൂടല്‍ക്കടവുള്ളത്. കൂടല്‍ക്കടവാണ് പനമരം പുഴയുടേയും മാനന്തവാടി പുഴയുടേയും സംഗമസ്ഥാനം. കൂടല്‍ എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശം പുല്‍പ്പള്ളിയെയും മാനന്തവാടിയേയും ബന്ധിപ്പിക്കുന്ന തോണി കടത്ത് കേന്ദ്രമായിരുന്നു. പനമരം പുഴയ്ക്കും മാനന്തവാടി പുഴയ്ക്കും കുറുകേ പാലം വന്നതോടെ പട്ടണങ്ങള്‍ തമ്മിലുള്ള വ്യാപാര വാണിജ്യ ബന്ധവും വളര്‍ന്നു. 
കുടിയേറ്റ കര്‍ഷക മേഖലയായ പയ്യംപള്ളിയിലെ ചിരകാല സ്വപ്നമായിരുന്നു കൂടല്‍ക്കടവ് ഇറിഗേഷന്‍ പദ്ധതി. 30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കനാല്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചെങ്കിലും അഞ്ചുവര്‍ഷം മുന്‍പാണ് കൃഷി ആവശ്യങ്ങള്‍ക്കായി വെള്ളം പമ്പ് ചെയ്ത് തുടങ്ങിയത്. വേനലില്‍ കബനി വരണ്ട് തുടങ്ങിയതുമുതല്‍ കബനിക്ക് കുറുകേ താല്‍ക്കാലിക തടയണ നാട്ടുകാരുടെ ശ്രമഫലമായി നിര്‍മ്മിച്ച് വിവിധ ജലസേചന പദ്ധതികള്‍ക്കായി ഉപയോഗപ്പെടുത്തി. സ്ഥിരമായി ഒരു ചെക്ക്ഡാം വേണമെന്ന നാട്ടുകാരുടെ ആവശ്യപ്രകാരം 2012ലാണ് കൂടല്‍ക്കടവില്‍ തടയണ നിര്‍മ്മാണം ആരംഭിച്ച് 2014ല്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ഈ ചെക്ക് ഡാം വയനാട്ടില്‍ കബനിക്ക് കുറുകെയുള്ള അവസാനത്തേതും ജില്ലയില്‍ തന്നെ ഏറ്റവും വലിയതുമാണ്. മാനന്തവാടി പനമരം പുഴകളുടെ സംഗമസ്ഥാനത്ത് നിന്ന് 300 മീറ്റര്‍ മാറിയാണ് തടയണ നിര്‍മ്മിച്ചിട്ടുള്ളത്. 
അടുത്ത കാലങ്ങളായാണ് ഇവിടെ സഞ്ചാരികളുടെ ഒഴുക്ക് വര്‍ധിച്ച് തുടങ്ങിയത്. കണ്ടറിഞ്ഞും കേട്ടറിഞ്ഞും നിരവധിപേര്‍ ഇവിടെക്ക് എത്തുന്നുണ്ട്. ഭൂരിഭാഗം പേരും അന്യജില്ലകളില്‍ നിന്നുള്ളവരാണെന്നത് ഏറെ ശ്രദ്ധേയമാണ്. ചെക്ക്ഡാമിനോട് ചേര്‍ന്നുള്ള കുറുവ ദീപില്‍ ഉള്‍പ്പെട്ടെ നിബിഡവനവും സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നുറുകണക്കിന് വിനോദ സഞ്ചാരികളാണ് അവധി ദിവസങ്ങളിലും മറ്റും ഇവിടെ എത്തുന്നത്. കല്‍പ്പറ്റ -പനമരം- കൊയിലേരി വഴിയും, പനമരം- പുഞ്ചവയല്‍- ദാസനക്കര വഴിയും, മാനന്തവാടി- കുറുവ ദ്വീപ് റോഡിലൂടെ പയ്യംമ്പള്ളി വഴിയും സഞ്ചാരികള്‍ക്ക് കൂടല്‍ക്കടവിലേക്ക് എത്തിചേരാന്‍ കഴിയും.