Saturday 24th of August 2019

അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് പ്രചോദനമായി ശ്രീധന്യയുടെ നേട്ടം

Category: Wayanad Published: Saturday, 06 April 2019
 

കുറിച്യ വിഭാഗത്തില്‍ നിന്നുള്ള മിടുക്കിക്ക് സിവില്‍ സര്‍വ്വീസില്‍ 410-ാം റാങ്ക് 

 
വയനാട്:  ഇടിയം വയല്‍ അമ്പലക്കൊല്ലി കോളനിയുടെ അസൗകര്യങ്ങള്‍ക്കിടയില്‍ നിന്ന് ശ്രീധന്യ പൊരുതി നേടിയ സിവില്‍ സര്‍വ്വീസ് റാങ്കിന് മറ്റെന്തിനേക്കാളും തിളക്കമുണ്ട്. മെയിന്‍ എക്‌സാമും ഇന്റര്‍വ്യൂവും ആദ്യ കടമ്പയില്‍ തന്നെ മറികടന്ന് കുറിച്യ വിഭാഗത്തിലെ ഈ മിടുക്കി നടന്നുകയറിയത് ചരിത്രത്തിലേക്ക്. 
 
വയനാട് പൊഴുതന ഇടിയംവയലിന് സമീപം അമ്പലക്കൊല്ലിയിലെ സുരേഷിന്റെയും കമലയുടെയും മകളായ ശ്രീധന്യയിലൂടെ ഗോത്രവിഭാഗത്തിലെ ആദ്യ ഐ.എ.എസുകാരിയെയാണ് കേരളത്തിന് സ്വന്തമായത്. ദാരിദ്ര്യങ്ങള്‍ക്കിടയിലായിരുന്നു ശ്രീധന്യയുടെ പഠനം. തൊഴിലുറപ്പ് ജോലിക്കാരനായ അച്ഛന്‍ സുരേഷിനും അമ്മ കമലക്കും സഹോദരങ്ങളായ സുഷിതക്കും ശ്രീരാഗിനുമൊപ്പം കോളനിയിലെ ചെറിയ വീട്ടില്‍ നിന്നാണ് അവള്‍ വലിയ സ്വപ്‌നങ്ങള്‍ ആദ്യം കണ്ട് തുടങ്ങിയത്. തരിയോട് നിര്‍മല ഹൈസ്‌കൂളില്‍ നിന്നു പ്രാഥമിക പഠനവും ജി.എച്ച്.എസ്.എസ് തരിയോടില്‍ നിന്ന് പ്ലസ്ടുവും പൂര്‍ത്തിയാക്കിയ ശ്രീധന്യ ദേവഗിരി കോളജില്‍ നിന്ന് ബി.എസ്.സി സുവോളജിയും കാലിക്കറ്റ് യൂനിവേഴ്‌സിറ്റി കാമ്പസില്‍ നിന്ന് എംഎസ്.സി അപ്ലൈഡ് സുവോളജിയും പൂര്‍ത്തിയാക്കി.  
 
പഠനത്തോടുള്ള മോഹം ശ്രീധന്യയില്‍ തുടര്‍ന്നെങ്കിലും സാമ്പത്തിക പരാധീനകള്‍ അവളെ സ്വപ്‌നങ്ങളിലേക്കുള്ള യാത്രയില്‍ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു. 2016-ല്‍ മണ്ണന്തല ഐ.എ.എസ് കോച്ചിംഗ് സെന്ററില്‍ എസ്.എസി. എസ്.ടി വിഭാഗങ്ങള്‍ക്ക് സാമ്പത്തിക ഇളവില്‍ പ്രതീക്ഷയര്‍പ്പിച്ച് സിവില്‍ സര്‍വ്വീസ് പരിശീലനത്തിന് ചേര്‍ന്നു. അതിനിടെ സഹോദരിയുടെ കുഞ്ഞിന്റെ ചികിത്സക്കായി കുടുംബം തിരുവനന്തപുരത്തേക്ക് മാറിയതോടെ പഠനം പാതിവഴിയിലായി. 
 
കുഞ്ഞിന്റെ ചികിത്സക്കായി തിരുവനന്തപുരത്ത് വാടകക്കെടുത്ത വീട്ടില്‍ താമസിക്കെയാണ് ഫോര്‍ച്യൂണ്‍ ഐ.എ.എസ് പരിശീലനകേന്ദ്രത്തിലെ അധ്യാപകന്റെ സഹായത്തോടെ സിവില്‍ സര്‍വ്വീസ് പരിശീലനം തുടരാന്‍ അവസരം ലഭിക്കുന്നത്. ഈ അവസരം കഠിനാധ്വാത്തിലൂടെ മുതലാക്കി ശ്രീധന്യ നാടിന്റെ അഭിമാനമാവുകയും ചെയ്തു. പരീക്ഷകള്‍ക്ക് ശേഷം ഫെബ്രുവരി രണ്ടിന് നടന്ന അഭിമുഖ പരീക്ഷയില്‍ 410-ാം റാങ്ക് നേടി ചരിത്രത്തിലേക്ക് നടന്നുകയറുകയായിരുന്നു ഈ മിടുക്കി.
 
കഠിനാധ്വാനം കൊണ്ട് ചരിത്രം രചിച്ച സിവില്‍ സര്‍വ്വീസ് റാങ്കുകാരി ശ്രീധന്യക്ക് അനുമോദനപ്രവാഹമാണ്. അപ്രാപ്യമെന്ന് കരുതി ഒഴിഞ്ഞുനിന്നിരുന്ന ഗോത്രവിഭാഗ വിദ്യാര്‍ത്ഥികളെ സിവില്‍ സര്‍വ്വീസ് രംഗത്തേക്ക് സ്വാഗതം ചെയ്യുകയാണ് സ്വപ്രയത്‌നം കൊണ്ട് ശ്രീധന്യ നേടിയ സ്വപ്‌നവിജയം. പരീക്ഷാ ഫലം പുറത്ത് വന്നതുമുതല്‍ രാജ്യം ഈ മിടുക്കിയെ അനുമോദനങ്ങള്‍ കൊണ്ട് മൂടുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍, എ.ഐ.സി.സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങി നിരവധി പ്രമുഖര്‍ ശ്രീധന്യക്ക് ആശംസകള്‍ നേര്‍ന്നു. വിവരമറിഞ്ഞ് ആശംസകളുമായി നൂറുകണക്കിന് പേരാണ് ഇടിയംവലയിലെ അമ്പലക്കൊല്ലി ആദിവാസികോളനിയിലെ ശ്രീധന്യയുടെ വീട്ടിലെത്തുന്നത്...